ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ - കവിത / ജിനേഷ് മടപ്പള്ളി

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ - കവിത / ജിനേഷ് മടപ്പള്ളി ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ തന്നിലേക്കും മരണത്തിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്. അവിടം മനുഷ്യരാൽ നിറഞ്ഞിരിക്കും പക്ഷെ, ആരും അയാളെ കാണില്ല അവിടം പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കും പക്ഷെ, അയാൾ അത് കാണില്ല അതിന്റെ ഇരുവശങ്ങളിലും ജീവിതത്തിലേക്ക് തുറക്കുന്ന നിരവധി ഊടുവഴികളുണ്ടായിരിക്കും കുതിക്കാൻ ചെറിയ പരിശ്രമം മാത്രം ആവശ്യമുള്ളവ അവയിലൊന്നിലൂടെ അയാൾ രക്ഷപ്പെട്ടേക്കുമെന്ന് ലോകം ന്യായമായും പ്രതീക്ഷിക്കും കണ്ടിട്ടും കാണാത്തവനെപ്പോലെ അലസനായി നടന്ന് നിരാശപ്പെടുത്തും അയാൾ മുഴുവൻ മനുഷ്യരും തന്റെമേൽ ജയം നേടിയിരിക്കുന്നു എന്നയാൾ ഉറച്ച് വിശ്വസിക്കും അവരിൽ കോടിക്കണക്കിന് മനുഷ്യരുമായി അയാൾ പോരാടിയിട്ടില്ലെങ്കിലും അവരിൽ അനേകം മനുഷ്യരെ അയാൾ വലിയ വ്യത്യാസത്തിന് തോൽപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും വലുതായി വലുതായി വരും നാട്ടുകാരും ബന്ധുക്കളും ചെറുതായി ചെറുതായി പോകും ഭൂമി സമുദ്രങ്ങളെയും വൻകരകളെയും ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ് ചുരുങ്ങിച്ചുരുങ്ങി തന്നെമാത്രം പൊതിഞ്ഞ് വീർപ്പ് മുട്ടിക്കുന്ന കഠിന യാഥാർത്ഥ്യമാകും...