എന്ന് സ്വന്തം തപാൽ കവിത എ.കെ.പി. പാവന്നൂർ.

കവിത

എന്ന് സ്വന്തം തപാൽ





നവ മാദ്ധ്യമം നാടു വാണിടും മുന്നേ

പ്രിയമുള്ള ഹൃദയാക്ഷരത്തിൻ രഹസ്യം

കാത്തു കൈമാറുന്ന നെഞ്ചിടിപ്പോടെ

മറുപടിക്കായുള്ള കാവലാളന്നു ഞാൻ


ഭൂതകാലത്തിൻ്റെ ഋതുഭേദ വഴികളിൽ

സുഖദുഃഖമാകുന്ന വർണ്ണങ്ങൾ ചാലിച്ച്

കുഗ്രാമവും മഹാനഗരവും ഇണചേർന്ന

ദൂതിന്ന് നേർസാക്ഷിയാമെൻ്റെ ജീവിതം 


കടലാസിൽവിരിയും സ്വകാര്യങ്ങളെല്ലാം

വഴിതേടി എന്നിലൂടകലുന്ന ദൂതിൽ

മുദ്രണം ചെയ്തൊരീ നാടിൻമഹാരഥർ

എൻ കൂട്ടിലൊരുമിച്ച് ആമോദമേകും 


തൂലിക തുമ്പിൽ പിറന്ന ലിപികളിൽ

കരളിലെവിരഹമാം കദനവും പ്രണയവും

സ്നേഹമാം സൗന്ദര്യ ചിറകുള്ള മോഹവും

ഒരുമിച്ചൊരനുഭൂതി പെട്ടകമാണു ഞാൻ!


മൈലുകൾക്കപ്പുറം കടലിനുമക്കരെ

ചുടു നീറ്റലുപ്പിൻ്റെ കണ്ണീരിനൊപ്പുമായ്...

എന്ന് സ്വന്തം എന്ന് പ്രിയമേറും ലേഖനം

എത്രയോ കണ്ടു ഞാൻ തേങ്ങിയന്ന്..


പൂട്ടിട്ടൊരെൻ മാറിൻ ബന്ധനം നീക്കി

ഉളളം നിറഞ്ഞിടും പ്രണയാക്ഷരങ്ങളെ

സന്ദേശ വാഹകൻ കൊത്തി പെറുക്കി

മാറാപ്പിലേറ്റുമാക്കാലം മറക്കില്ല ഞാൻ!


        എ.കെ.പി. പാവന്നൂർ.

Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും