കഥ ചാർളി ഡോ. നീതു വർമ്മ


ചാർളി                                         കഥ   ഡോ. നീതു വർമ്മ 


കാവൽ പദ്ധതിയുടെ ഭാഗമായി ഒരു പതിനേഴു വയസ്സുകാരൻ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഈ രൂപമേ അല്ല മനസ്സിൽ ഉണ്ടായിരുന്നത്. നല്ല  ചുറുചുറുക്കുള്ള ഒരു പയ്യൻ. കൂടെ ക്ഷീണിച്ചു അവശയായ ഉമ്മയും. "ഡോക്ടറാണോ, എന്റെ താത്തായെപോലെയുണ്ട്. ഓളും ഒന്നും കഴിക്കില്ല." എന്റെ കണ്ണുകൾ അവന്റെ ഇടതുകയ്യിൽ തറച്ചു. നിറയെ മുറിവുകൾ. ഉമ്മ പതിഞ്ഞ ശബ്ദത്തിൽ, വിഷമം കടിച്ചമർത്തി ഏറെ കുറെ കാര്യങ്ങൾ പറഞ്ഞു. " അവന്റെ പത്താം വയസ്സിൽ തീരാത്ത ഡോക്ടറെ ഞങ്ങളുടെ ജീവിതം. ഓന്റുപ്പ വേറെ പെണ്ണിന്റെ കൂടെ കിടക്കുന്നത് അവൻ കണ്ടതാ. ആദ്യം ഓന്റെ ആങ്ങളയോട് പറഞ്ഞു. പിന്നെ വീട്ടുകാർ അറിഞ്ഞു, മെല്ലെ നാട്ടുകാരും. അതോടെ ഓര് എന്നെ മൊഴി ചൊല്ലി. " എല്ലാം ഒരു സിനിമാക്കഥ പോലെ തോന്നി. "അതോടെ ഇവന്റെ പഠിത്തം തീർന്നു. ഒരു വിധം കഷ്ടപ്പെട്ട് ഏഴാം ക്ലാസ്സു വരെ തല്ലി  വിട്ടു. പക്ഷെ ഇവൻ സ്കൂളിൽ എത്തുന്നില്ലെന്നു പിന്നെയാണ് മനസ്സിലായത്. പുതിയ ചെങ്ങായിമാരോടായി കൂട്ട്. എല്ലാം ഇവനെക്കാളും പ്രായമുള്ളവർ. ഓര് ചെയ്യിപ്പിച്ചതാ ഡോക്ടറെ, എന്റെ മോൻ പാവാ. " ആ കണ്ണുകൾ ഈറനണിഞ്ഞു. ഉമ്മയെ പറഞ്ഞു  സമാധാനിപ്പിക്കുമ്പോൾ അവൻ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.


"ഉമ്മ പോയി ഒരു ചായ കുടിച്ചു വാ. ഇവനെ നമ്മൾ നോക്കിക്കോളാം. " ഉമ്മയുടെ മുമ്പിൽ വെച്ച് സംസാരിച്ചാൽ ശരിയാവില്ലെന്നു കരുതി ഉമ്മയെ പറഞ്ഞു വിട്ടു.


"എന്നാ ഇനി അലി പറ, ഞാൻ കേൾക്കാം."

"ഞാൻ എന്ത് പറയാൻ, ഉമ്മ പറഞ്ഞില്ലേ."

"അത് വിട് മോനെ, പറ, സ്റ്റഫിന്റെ കഥ, അല്ലെങ്കിൽ, joint, meth, charli, sticker.... പിന്നെ ഈ കയ്യിൽ കുത്തുന്ന സാധനം. "

ഇത് കേട്ടതും അവൻ കണ്ണും തല്ലി ഇരുന്നു. "ഇങ്ങള് ചോട്ടാ ധമാക്കാണ് ഡോക്ടറെ." അവൻ പൊട്ടിച്ചിരിച്ചു. എനിക്കും ചിരി അടക്കാൻ ആയില്ല.

പിന്നെ അവൻ അവന്റെ ഡോൺ സ്റ്റൈൽ കഥകൾ പറഞ്ഞു തുടങ്ങി. അവന്റെ ആത്മവിശ്വാസം തുളുമ്പുന്ന കഥ പറച്ചിൽ കേൾക്കാൻ രസമുണ്ടായിരുന്നെങ്കിലും വിഷമം തോന്നി. ലഹരി പോകുന്ന വാഹനങ്ങൾക്കു എസ്കോർട് കൊടുക്കുന്നതിനു പ്രതിഫലവും ലഹരി തന്നെ. മിക്കവാറും അത് അവൻ തന്നെ ഉപയോഗിക്കും. ഇതിന്റെ പിറകിൽ കോടികൾ മറിയുന്നത് ഇവർ അറിയുന്നേ ഇല്ല.

ഉടനെ തന്നെ അവനുള്ള ചികിത്സ തുടങ്ങി. ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഒരു ഫോൺ വന്നു. അലി രക്ഷപ്പെടാൻ ശ്രമിച്ചെന്നു. ഉടനെ തിരിച്ചു പോയി. അലി തറപ്പിച്ചു പറഞ്ഞു. " എനിക്ക് പോണം, ഞാൻ പോയി ഒരു സ്റ്റഫ് എടുത്തു വരാം. "

അല്പം ഗൗരവം വരുത്തി ഇല്ല എന്ന് തന്നെ അലിയോട് പറഞ്ഞു. അവൻ വിടുന്ന ഭയമില്ല. "ഞാൻ ചാടും, ഇല്ലെങ്കിൽ ചാവും." അവൻ ബഹളം വെക്കാൻ തുടങ്ങി. ഉടനെ ഒരു ഇൻജെക്ഷൻ കൊടുത്തു. തല്കാലത്തേക്ക് അവൻ അടങ്ങി.

ഇത് പല ദിവസം തുടർന്നു. പതിയെ, ഞാൻ അവനെ മറന്നു. എല്ലാ രോഗികളെയും പോലെ.

കഴിഞ്ഞ ദിവസം വീട്ടിലേക്കു വരുന്ന വഴിയിൽ പെട്ടെന്നൊരു ബൈക്ക് വന്ന് എന്റെ വാഹനം തടഞ്ഞു നിർത്തി. ഹെൽമറ്റ് ഇട്ടതിനാൽ ആളെ മനസ്സിലായില്ല. ഒന്ന് പതറിപ്പോയി ഒരു നിമിഷം. അത് പഴയ അലി ആയിരുന്നു. മുഖത്തു അല്പം ഓജസ്സ് വന്നിട്ടുണ്ട്. ചിരിച്ചു കൊണ്ട്, ഡോക്ടർ പേടിച്ചു പോയോ എന്നും ചോദിച്ച് അവനടുത്തു വന്നു. "ഞാൻ കുറെയായി ഡോക്ടറെ കാണണമെന്ന് വിചാരിക്കുന്നു. ഇവിടെ തന്നെ ഉണ്ടായിരുന്നോ."

"ഞാനെവിടെ പോകാനാ. ഇവിടെത്തന്നെ ഉണ്ടായിരുന്നു. നിന്നെപ്പോലെ കുറെയെണ്ണം വന്ന് കൊണ്ടേയിരിക്കുന്നുണ്ടല്ലോ."

"എന്റെ ഡോക്ടറെ, ഇങ്ങനെ നോക്കല്ലേ. അതൊന്നും എനിക്ക് ശരിയാവില്ല. ജീവിതം എന്നെ കുറെ പഠിപ്പിച്ചു. ആക്സിഡന്റ് പറ്റി കിടന്നപ്പോൾ ഒരാളും വന്നില്ല. എന്റെ പാവം ഉമ്മ ഒരു പാട് കഷ്ടപ്പെട്ടു. ഞാനത് അന്നേ വിട്ടു. ഞാൻ വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങി. "

"നന്നായി." അത് ഹൃദയത്തിൽ നിന്നും വന്നതായിരുന്നു. ഒരാൾ കൂടി രക്ഷപെട്ടല്ലോ.

മെല്ലെ വണ്ടി സ്റ്റാർട്ടാക്കി.

അലി പെട്ടെന്ന് തിരിച്ചു വന്നു. "പോകല്ലേ ഡോക്ടറെ. ഒന്ന് കൂടി. എന്റെ താത്തക്ക് ഒരു കുഞ്ഞുണ്ടായി. ഞാനവൾക്കു ഡോക്ടറുടെ പേരിടട്ടെ."

അവനെ നോക്കി ഒന്ന് ചിരിച്ചു. വണ്ടി പതുക്കെ നീങ്ങി.


Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം