ആൽബട്രോസ് കഥ -നിമ

 ആൽബട്രോസ്

ബീച്ചുകളെനിക്ക് ഒരിക്കലും ആസ്വദിക്കാൻ കഴിയാറില്ല. ഒരുപക്ഷേ പൂഴി മണ്ണിൽ ഓടി കളിച്ച ആ അഞ്ചുവയസ്സുകാരിക്ക് ശേഷം പിന്നീട് ഒരിക്കലും . ബീച്ചിലെ നനഞ്ഞ മണ്ണ് എന്റെ  കാലുകൾക്ക് അസ്വസ്ഥതയും ഉയർന്നുപൊങ്ങുന്ന തിരമാലകൾ എന്റെ മനസ്സിന് ഭീതിയും മാത്രം സമ്മാനിച്ചു.


എനിക്കിഷ്ടം തടാകങ്ങളാണ്. അവ ഒഴുകി പോകുന്നില്ല. ഒഴുക്ക് സംഘർഷം ആണ്. ആ ഒഴുക്കിൽ പലതിനും പോറലേൽക്കുന്നു. പലതും നശിക്കുന്നു. ചിലത് മാത്രം ശുദ്ധീകരിക്കപ്പെടുന്നു. ഞാനൊരു പാറയല്ല. നിരന്തരമായ ഒഴുക്കുകൾ എന്നെ ദീർഘകാലത്തിൽ പോലും മിനുസപ്പെടുത്തുകയും ഇല്ല. എന്റെ മനസ്സ് ഒരു തടാകം ആണെന്ന് ഞാൻ കരുതുന്നു. മനസ്സിൽ ജലം കെട്ടിക്കിടക്കുകയാണ് .ഞാൻ സമാധാനമാണ് കാംക്ഷിക്കുന്നത്. സമ്മർദ്ദം അശേഷം ഇല്ലാത്ത ഒരു തടാകം. 

കടൽ അല്ലെങ്കിൽ കൂടിയും, എന്റെ തടാകത്തിനു മീതെ ആൽബട്രോസ് പക്ഷി പലായനം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .  ചിറകടിക്കാതെ, വായുവിനെ കീറിമുറിച്ച് കൊണ്ട് ഉയർന്നു പറക്കുന്ന,  ജീവിതകാലത്ത് ഒരു ഇണയെ മാത്രം കൂടെ കൂട്ടുന്ന കരുത്തുറ്റ ചിറകുകൾ ഉള്ള പക്ഷി. ചില സന്ധ്യകളിൽ, ആകാശ പരവതാനിക്ക് അപ്പുറത്തേക്ക് പറന്നുപോയ തന്റെ  ഇണയെ വർഷംതോറും ഉള്ള കണ്ടുമുട്ടലിന് കാത്തിരുന്ന് ക്ഷീണിച്ച, തന്റെ  പ്രിയതമൻ എന്തേ മടങ്ങി വരാത്തത് എന്ന് കാത്തിരിക്കുന്ന ആൽബട്രോസിന്റെ  ദുഃഖമോർത്ത് ഞാൻ നെടുവീർപ്പിടാറുണ്ട്. 

അത്തരം സന്ദർഭങ്ങളിൽ പണ്ട് കണ്ടു തീർത്ത ഒരു ടർക്കിഷ് ഡ്രാമയുടെ പശ്ചാത്തല സംഗീതം എന്റെ  ചിന്തകൾക്ക് അകമ്പടി ഒരുക്കും. 

ഇത്രയും എഴുതുമ്പോൾ, എന്റെ  എഴുത്തിൽ  'എന്റെ, ഞാൻ' എന്നിങ്ങനെയുള്ള സർവ്വനാമങ്ങൾ ആവർത്തിച്ച് വരാറുള്ളതിനെപറ്റി വിരസത പ്രകടിപ്പിച്ച ഒരു സുഹൃത്തിനെ ഓർമ വന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുമ്പോഴും, അങ്ങനെ എഴുതൂ, ഇങ്ങനെ എഴുതു എന്ന് പറഞ്ഞ് എന്നോട് സംസാരിക്കുന്നവരൊക്കെ ഏതോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവരാണ് എന്നെനിക്ക് തോന്നാറുണ്ട്. ഞാനൊരു യന്ത്രമല്ല. മുൻകൂട്ടി കൽപ്പിച്ചതൊന്നും  എഴുതാൻ എനിക്കാവില്ല. 

എന്റെ  ഭർത്താവിന്റെ  വസ്ത്രങ്ങൾ മടക്കി വെക്കുമ്പോഴും, ആനവണ്ടിയിൽ കയറി ജനാലയ്ക്ക് അരികിലുള്ള സീറ്റ് പിടിക്കുമ്പോഴും,  പിൻകഴുത്തിൽ അന്ന് കൊണ്ട വെയിലിന്റെ നീര് ഇറങ്ങി നോവുമ്പോഴും, പുതുതായി വാങ്ങിയ റോസാ ചെടിയുടെ പഴുത്ത മഞ്ഞ ഇലകൾ ഇറുത്തു കളയുമ്പോഴും, അങ്ങനെ എപ്പോഴൊക്കെയോ ആണ് എന്നിൽ പേറ്റു നോവ് ഉണ്ടാവാറ്. ആ നോവിൽ ഞാൻ ഒറ്റയ്ക്കാവും. ആരുമില്ലാത്ത, ആളുകളുടെ ശബ്ദം ഇല്ലാത്ത, വേഗത്തിൽ കറങ്ങാൻ വിസമ്മതിക്കുന്ന എന്റെ  മുറിയിലെ ഫാനിന്റെ ശബ്ദത്തിന് മാത്രം ചില തൽപരകക്ഷികൾക്ക് എന്നപോലെ മൗനാനുവാദം നൽകി ഞാൻ എഴുതാൻ ഇരിക്കും. 

അങ്ങനെ എനിക്കേറെ പ്രിയപ്പെട്ട എന്റെ  പുതിയ രചനയെ ഒരു നവജാത ശിശുവിനെ പോലെ ഞാൻ കൺകുളിർക്കെ കാണും.  അന്നുമുതൽ അതെന്റെ ഹൃദയത്തോട് ചേരും. എന്റെ  പേറ്റു  നോവിന്റെ സൃഷ്ടി!  അതോടൊപ്പം ഞാൻ തടാകത്തിന്റെ അരികിലേക്ക് മടങ്ങി പോവുകയും ചെയ്യും. എന്നോ എന്റെ തടാകത്തിന്റെ മുകളിൽ കൂടി പറക്കാൻ പോവുന്ന 'ദ മജസ്റ്റിക്ക്' ആൽബട്രോസിനെ കാത്ത്.

ഇമ (നിമ നസിർ)



Image albatross
Paul Carroll 






Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം