മനഃശാസ്ത്ര വീഥി തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ Social Scientist Nazeer E

മനഃശാസ്ത്ര വീഥി 

തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ 
         Social Scientist Nazeer E

നമ്മുടെ ചിന്തകൾ തലച്ചോറിന്റെ സൃഷ്ടിയാണ്. പലതരത്തിലുള്ള ചിന്തകൾ നമ്മളിൽ ഉണ്ടാകാം. ആ ചിന്തകളെ നമുക്ക് പലതായി തിരിക്കാം. തോന്നലുകൾ, സങ്കല്പങ്ങൾ, യാഥാർത്ഥ്യങ്ങൾ ഇങ്ങനെ മൂന്നു തരത്തിലുള്ള ചിന്തകളാണ് നമുക്ക് ഉണ്ടാകുന്നത്. ഇതിൽ സങ്കൽപ്പങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഡ്രീംസ് & ഇമാജിനേഷൻസ് ആണ്. യാഥാർത്ഥ്യ ചിന്തകൾ നമുക്ക് അപ്പോൾ അറിയാവുന്ന ചിന്തകളാണ്. പൂർണമായും ശരിയായിട്ടുള്ള ചിന്തകളാണ് യാഥാർത്ഥ്യ ചിന്തകൾ.  അത് കൃത്യമായി നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളത് ആണ്‌. കൃത്യമായി നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി നമുക്ക് സെൻസേഷൻ കിട്ടിയിട്ടുള്ളതാണ്. എന്നാൽ പോലും പലപ്പോഴും തെറ്റ് വരാം. തെറ്റായ രീതിയിൽ കണ്ടു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഒരു ചിന്ത രൂപീകരിക്കുന്നത് Errors in perception എന്നു പറയുന്നു. അന്ധന്മാർ ആനയെ കണ്ട കഥയും ഒരാൾ ഒരു കാക്കയെ ശർദ്ധിച്ചു എന്ന ചൊല്ലും ഒക്കെ മനുഷ്യ ചിന്തയുടെ പരിമിതികളെ വ്യക്തമാക്കുന്നു.


 ഉദാഹരണമായി 6 എന്ന സംഖ്യ  അത് ഒരു വെള്ള പേപ്പറിൽ എഴുതി രണ്ടു വശത്തുനിന്ന് നോക്കിയാൽ ഒരു വശനിന്ന് നോക്കുമ്പോൾ 6 എന്നും മറുവശത്തുനിന്ന് നോക്കുമ്പോൾ 9 എന്നും വായിക്കാം. യാഥാർത്ഥ്യം അറിയണമെങ്കിൽ അത് എഴുതിയ സാഹചര്യവും അത് എഴുതിയ ആവശ്യവും മനസ്സിലാക്കിയെങ്കിൽ മാത്രമേ കഴിയൂ.

എന്നാൽ തോന്നലുകൾ തലച്ചോറിന്റെ ഭാഗികമായ സൃഷ്ടികളാണ് അവിടെ പൂർണമായ ഒരു പഞ്ചേന്ദ്രിയ അനുഭവം ഇല്ല. ഒരു സാഹചര്യത്തെ അത്തരത്തിലേക്ക് വലിച്ചു നീട്ടുകയാണ് ഇവിടെ ചെയ്യപ്പെടുന്നത്. അങ്ങനെയാണെങ്കിൽ എങ്ങനെയായിരിക്കും എന്ന രീതിയിലുള്ള ചിന്തകൾ ഇതിനു ഉദാഹരണമാണ്.
പുറമേ കാണുന്ന ഏതെങ്കിലും ചില ഭാഗികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ മനസ്സിലേക്ക് വരുന്ന ഒന്നാണ് തോന്നലുകൾ (Feelings).
ഇതിൽ നേരത്തെ പറഞ്ഞതുപോലെ  സങ്കല്പങ്ങൾ നമ്മുടെ സ്വപ്നങ്ങളും ഭാവനയുമാണ്. അവിടെ അല്പം പോലും സെൻസേഷൻ അഥവാ ഇന്ദ്രിയ അനുഭവങ്ങൾ ഇല്ല.
ഇവയ്ക്ക് പലപ്പോഴും യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല.
 
എന്നാൽ തോന്നലുകൾ വെറും ഊഹങ്ങൾ ആണ്‌. അത് വെച്ച് പ്രവർത്തിക്കരുത്. അവയെ സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല. അത് നമ്മുടെ വെറും തോന്നലുകൾ മാത്രമാണ്.
നമ്മുടെ മുമ്പിൽ വരുന്ന പല മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഈ തോന്നലുകളെ യാഥാർഥ്യമായി അവരുടെ മനസ്സ് എടുക്കുകയും അതിനകത്ത് പ്രവർത്തിക്കുകയും ആ തോന്നലിന്റെ അടിസ്ഥാനത്തിൽ അവർ ജീവിക്കാനും ആളുകളോട് പെരുമാറാനും ഒക്കെ തുടങ്ങി എന്നുമിരിക്കാം. 

സാധാരണ തോന്നലുകൾ തനിയെ മാറി പോവുക സാധാരണമാണ്. ഒരു സെൻസറി അനുഭവം അല്ലാത്തത് കൊണ്ടു തന്നെ അത് ദുർബലമാണ്. എന്നാൽ ചില ആളുകളിൽ ഈ തോന്നലുകൾ കുറച്ചു കഴിയുമ്പോൾ ഉറക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പെരുമാറാനും തുടങ്ങുമ്പോൾ അത് രോഗാതുരമാവുന്നു.

അപൂർണ്ണമായ ഒരു അറിവിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ജീവിക്കുകയോ പ്രവർത്തിക്കുകയോ മറ്റൊരാളോട് പെരുമാറുകയോ ചെയ്യുമ്പോൾ ആ തോന്നലുകൾ തികച്ചും തെറ്റാണെങ്കിൽ അതിലൂടെ അവർക്കുണ്ടാകുന്ന പരിക്ക് ന്യായീകരിക്കാവുന്നതല്ല. നീതീകരിക്കാവുന്നതല്ല.

മനുഷ്യ ചിന്തകളുടെ മൂന്നിലൊരു ഭാഗം തോന്നലുകളാണ്. ആ തോന്നലുകളുടെ പേരിൽ ഒരു ആക്ഷൻ എടുക്കുന്നതിനു മുമ്പ് ഒരുപാട് തവണ ചിന്തിക്കണം. സാധ്യതയുണ്ടോ? 1% എങ്കിലും സാധ്യത ഉണ്ടോ എന്ന് നോക്കണം. സാഹചര്യങ്ങളെ മനസ്സിലാക്കാതെ നിഗമനങ്ങൾ ശരിയാണ് എന്നു എടുക്കരുത്. പ്രവർത്തിക്കരുത്. അത് അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാക്കും. പല കൊലപാതക കേസുകളിലും ഇത് പിന്നീട് തെളിഞ്ഞിട്ടുണ്ട്. 


നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാനം തന്നെ എന്താണ്? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. ഒരു തോന്നലിന്റെയോ ഒരു സംശയത്തിന്റെയോ പേരിൽ നിങ്ങൾ ഒരാൾക്കെതിരെ ഒരു അക്രമം നടത്തിക്കഴിഞ്ഞാൽ ഒരു നിരപരാധി വേട്ടയാടപ്പെടുന്നതിന് തുല്യമാണ്. അതിന്റെ വില നിങ്ങൾ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ തന്നെ കൊടുക്കേണ്ടി വരും.

ഒരാളിൽ ചിന്തകൾ യാഥാർഥ്യത്തിൽ നിന്ന് അകന്നു പോകുന്നത് അപകടകരമായ കാര്യമാണ്. അയാൾ അയാളുടേത് മാത്രമായ ഒരു ലോകത്തേ യ്ക്ക് ഒതുങ്ങികൂടും. വ്യക്തിബന്ധങ്ങളും സാമൂഹ്യ ജീവിതവും അപകടത്തിലാകും.
അതുകൊണ്ട് ഒരു ചിന്ത മനസ്സിലേയ്ക്ക് വരുമ്പോൾ അത് തോന്നലാണോ, സങ്കല്പമാണോ അതോ യഥാർഥമാണോ എന്നു വേർതിരിച്ച് അറിയുവാൻ കഴിയണം. ഇതിനെയാണ് സമൂഹം വകതിരിവ് എന്നു പറയുന്നത്.

ഈ അടുത്തകാലത്ത് മനശാസ്ത്രജ്ഞനെ തേടിവന്ന ഒരു കേസ് പറയാം. ഒരാളുടെ മകളും അവരുടെ ഭർത്താവും അച്ഛനോട് പറയുന്നു. നിങ്ങൾ അച്ഛനാണെന്ന് പറയാൻ തന്നെ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു എന്ന്. വളരെ സ്വകാര്യമായി എല്ലാം ചോദിച്ചറിഞ്ഞ മനശാസ്ത്രജ്ഞന് ഒരു കാര്യം മനസ്സിലായി. മക്കൾക്ക് ലജ്ജ തോന്നുന്ന എന്തെങ്കിലും പ്രവർത്തി അയാളിൽ നിന്നും ഉണ്ടായിട്ടേയില്ല.
പിന്നെ എന്താണ് കുഴപ്പം? എപ്പോഴോ ഏതോ സാഹചര്യത്തിൽ മക്കൾ അച്ഛന്റെ ഏതെങ്കിലും സംസാരത്തെയോ പ്രവർത്തിയെയോ മറ്റൊരർത്ഥത്തിൽ എടുക്കുകയോ (Illusion)
തെറ്റായി മനസ്സിലാക്കുകയോ (Errors in Perception ) ചെയ്തതാണ്. മക്കൾക്ക് അച്ഛനോട് ഏതെങ്കിലും തരത്തിലുള്ള നീരസം അല്ലെങ്കിൽ മക്കൾ പ്രതീക്ഷിച്ചതുപോലെ എന്നെങ്കിലും ഒരു പെരുമാറ്റം അച്ഛനിൽ നിന്ന് അച്ഛൻ അറിയാതെ കിട്ടാതെ പോയിട്ടുണ്ടെങ്കിലോ ഒക്കെ അത് അബോധ മനസ്സിൽ കിടന്ന് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ട്രിഗർ ചെയ്യുകയും ആവാം. ഭയന്നിരിക്കുന്ന ഒരാൾ പെട്ടെന്നൊരു ശബ്ദം കേൾക്കുമ്പോൾ അലറി വിളിക്കുന്നത് പോലെ നിരുപദ്രവകരമായ ശബ്ദത്തെ എന്നപോലെ ഏതെങ്കിലും നിരു പദ്രവകരമായ കാര്യങ്ങൾക്ക് ആ നിറം വന്നതും ആകാം.

ആ കേസിൽ മനശാസ്ത്രജ്ഞൻ  ആ അച്ഛന്റെ ഉറക്കമില്ലായ്മയെയും മാനസിക സമ്മർദ്ദത്തെയും  റീ അഷുറൻസ് അവസ്ഥയിലേക്ക് കൊണ്ടുവന്നു. അതായത് തന്റെ മനസ്സാക്ഷിക്ക് നിരക്കാത്ത യാതൊന്നും മകളോട് മരുമകനോടോ അയാൾ ചെയ്തിട്ടില്ല എന്ന് അയാളുടെ ആ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. അതോടെ ആ വിഷയം അച്ഛന്റെ വിഷയം അല്ലാതെ ആയി. തെറ്റായ ചിന്തകളുടെ അടിസ്ഥാനത്തിൽ അച്ഛനോട് ചെയ്ത നീചമായ പ്രവർത്തികൾ അത് മകളുടെയും മരുമകന്റെയും വിഷയമായി മാറി. അത് പരിഹരിക്കേണ്ടത് ഇനി അവർ തന്നെയാണ് കാലം അതിന് സഹായിച്ചേക്കാം. വിശ്വാസിയായ ആ അച്ഛൻ ക്ലിനിക്ക് വിട്ടിറങ്ങിയത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഇനി ഈ വിഷയം അവരും ദൈവവും തമ്മിലുള്ള ഒരു ഏറ്റുപറച്ചിൽ ആകട്ടെ എന്ന്.











Comments

Popular posts from this blog

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം

C.Kerala. About Us

Foreword