ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ



ജലക്കിടക്ക

 കഥ                      ഇ  നസീർ ഗാർസ്യ 




തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല.

അടുത്ത  ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ്‌ കണ്ടത്. 

ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്. 

സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം 

എന്ന് തിരിച്ച് ടെക്സ്റ്റ്‌ ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു.

വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു 

വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി. 

ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം? 

സുഖമാണോ? 

അതെ. മക്കൾ 

രണ്ടു പേരും പഠിക്കുന്നു.  ഇവിടല്ല ഒരാൾ  ബാംഗ്ലൂർ ആയിരുന്നു ലോക്ക് ഡൗണിനു മുൻപ് വന്നു. 

പറയു ഭാസി എന്തുണ്ട്? 

അമ്മയ്ക്ക് സുഖമില്ല 

കിടപ്പിലാണ് 

ഞങ്ങളിപ്പോൾ വന്നത് നന്നായി.

ഒരേ കിടപ്പാണ്.

ഭാസി എത്തിയല്ലോ അമ്മയ്ക്ക് ഒരുപാട് സന്തോഷം ആയിക്കാണും. 

അതെ പക്ഷെ കൊറോണ കാരണം എനിക്ക് അമ്മയുടെ  അടുത്ത് ഇരിക്കുവാനോ സംസാരിക്കുവാനോ കഴിയില്ല. വന്ന ദിവസം മുതൽ ക്വാറന്റൈനിലാണ്. ഒരു പാട് ദൂരം ട്രെയിനിൽ സഞ്ചരിച്ച് വന്നതല്ലേ, രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല എങ്കിലും പേടിയുണ്ട്. അമ്മയ്ക്ക് വല്ലതും വന്നാലോ. 

അതെ സൂക്ഷിക്കണം 

ഞാൻ വന്ന അന്ന് മുതൽ നമ്പർ തിരക്കുവായിരുന്നു.

വർഷങ്ങളായില്ലേ. പലതിന്റെയും കൂട്ടത്തിൽ നമ്പറുകളെല്ലാം നഷ്ടമായി. പരസ്പരം ബന്ധിപ്പിച്ചിരുന്ന സുഹൃത്തുക്കളും പല വഴിക്കായി.  രണ്ടു ദിവസമായി നമ്പർ  കിട്ടിയിട്ട് അപ്പോൾ വിളിച്ചിരുന്നു..

ആണോ. ഭാസിയുടെ നമ്പർ എനിക്ക് അറിയില്ലായിരുന്നല്ലോ,

 നല്ല തിരക്കായിരുന്നു ഭാസി,  കോവിഡ് കേസുകൾ ഇവിടെ കൂടിവരികയാണ് കോൺടാക്ട് ലിസ്റ്റ് അനുസരിച്ച് ആളുകളെ ക്വറന്റൈൻ ചെയ്യുന്നതിന്റെ ചാർജ് ആയിരുന്നു. എപ്പോഴൊക്കെയാണ് വർക്ക് വേണ്ടിവരുന്നതെന്ന്  പറയാൻ പറ്റുന്നില്ല. 

അതു മാത്രമാണോ കാരണം? 

കാലുകൾ കുഴഞ്ഞാലും നടത്തം നിർത്താൻ പറ്റാത്ത വണ്ണം ഉത്തരവാദിത്തങ്ങൾ അധികരിക്കുമ്പോൾ ഒരു നിസ്സംഗത തോളിൽ കൈ വെച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ളത്  ഭാസിയോടു പറഞ്ഞില്ല. 

ഹലോ.. 

ദീർഘ മൗനത്തെ ഭാസി വീണ്ടും ഭഞ്ജിച്ചു. 

അതെ മെസഞ്ചറിൽ ഇട്ടില്ലായിരുന്നെങ്കിൽ അറിയില്ലായിരുന്നു. 

 ഞാൻ ഇപ്പോൾ വിളിച്ചത് മറ്റൊരു അത്യാവശ്യ കാര്യം പറയാൻ ആയിരുന്നു അമ്മ കുറച്ചധികം നാളായി കിടപ്പ് തന്നെയാണ് എഴുന്നേൽക്കാറില്ല. കട്ടിലിൽ തന്നെ കിടന്ന് കിടന്ന് പുറം ആകെ പൊട്ടിയിട്ടുണ്ട് ! ഈ കാലമായതുകൊണ്ട് ആശുപത്രിയിൽ ഒന്നും എത്തിക്കാൻ പറ്റില്ല. ഒരു ദിവസം പാലിയേറ്റീവ് കെയർ ഡോക്ടർ വന്നു. ഒരു വാട്ടർബെഡ് ഉണ്ടെങ്കിൽ അതിൽ കിടത്തുന്ന തായിരിക്കും നല്ലത് എന്ന് പറഞ്ഞു ഒരു വാട്ടർബെഡ് സംഘടിപ്പിക്കാൻ പറ്റുമോ എന്നറിയാൻ ആണ് ഞാൻ വിളിച്ചത്. പഴയതാണെങ്കിലും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു വാട്ടർബെഡ് കിട്ടിയാൽ അമ്മയ്ക്ക് കുറച്ച് ആശ്വാസം ആയേനെ... 

പുതിയത് വാങ്ങുവാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. 

 അതിനെന്താ ഞാനൊന്നു നോക്കട്ടെ ഭാസി നമുക്ക് എന്തെങ്കിലും ചെയ്യാം

 ഞാൻ വിളിക്കാം

 വിളിക്കണം.  മാത്രമല്ല കാണണമെന്നുണ്ട്. എങ്ങനെ കാണാനാണ്എ? ങ്ങനെ വരാനാണ്? 

ഭാസിയോട്  നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും എങ്ങനെ സംഘടിപ്പിക്കുമെന്ന്  ഒരു പ്ലാൻ ഇല്ലായിരുന്നു. മനസ്സിന്റെ മറ്റൊരു കോണിലേക്ക് ആ വിഷയം മാറ്റി വെച്ച് വീണ്ടും ചെയ്തുതീർക്കേണ്ട കാര്യങ്ങളിലേക്ക് കൂപ്പുകുത്തി. രാത്രി ഏറെയായി ഉറങ്ങാൻ അവസരം കിട്ടിയപ്പോൾ ഭാസിയും അമ്മയും കണ്മുന്നിൽ വന്നു നിന്നു

 കോളജ് പഠനം കഴിഞ്ഞ കാലത്താണ് ചില സാമൂഹ്യ പ്രവർത്തനങ്ങളുമായിഅ വരുടെ പ്രദേശത്ത് പോകാൻ ഇടയായത് . പട്ടണത്തിൽ നിന്നു വളരെ ദൂരെ അല്ലെങ്കിലും കായലുകളുടെ നടുവിലുള്ള അവരുടെ ജീവിതം പല  കാര്യത്തിലും ദുരിതപൂർണ്ണമായിരുന്നു. അങ്ങോട്ടേക്കുള്ള ഗതാഗതസൗകര്യങ്ങൾ അപൂർവ്വമായിരുന്നു അതുപോലെതന്നെ ആശുപത്രി സംവിധാനങ്ങളും.  ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ് അവിടെ ഉണ്ടായിരുന്നത്. അത് ഇന്നത്തെപ്പോലെ  മെച്ചപ്പെട്ടിരുന്നി ല്ല അന്ന്.

ഭാസി പട്ടാളത്തിൽ പോയിട്ട് അന്ന് ഏറെ നാളുകൾ ആയിരുന്നില്ല അതിനിടയിലുള്ള ഒരു വെക്കേഷൻകാലത്താണ്  ഞാൻ കുട്ടനാട്ടിൽ എത്തുന്നത്.

 മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ് ഭാസി പട്ടാളത്തിൽ പോയത്. അതിനുള്ള ആരോഗ്യവും ശേഷിയും ദേശസ്നേഹവും  ഭാസിക്ക്‌ ഉണ്ടായിരുന്നു. എന്നാൽ താൻ ജനിച്ചു വളർന്ന കായലോര ഗ്രാമത്തിൽ തന്റെ സുഹൃത്തുക്കളുടെയും ആളുകളുടെ ഇടയിൽ എന്നും അവരെ കണ്ടും കേട്ടും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തും  പ്രതിഷേധിക്കേണ്ട കാര്യങ്ങളിൽ പ്രതിഷേധിച്ചും,  പ്രതികരിക്കേണ്ട കാര്യങ്ങളിൽ പ്രതികരിച്ചും  ഒരു കരുത്തനായി മുന്നോട്ടുപോവുക യായിരുന്നു അവൻ. ഞാനാകട്ടെ പഠനവും സാമൂഹ്യ പ്രവർത്തനവും  ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. ബയോ കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം മെഡിക്കൽ കോളജിൽ പരിശീലനത്തിനായി ചേർന്നതോടെ കുട്ടനാട്ടിലേക്ക് ഉള്ള പോക്കിന്റെ എണ്ണം കുറഞ്ഞു. ഭാസിയുടെ അമ്മ വിളമ്പി തന്നിരുന്ന കഞ്ഞിയും ചുട്ട തേങ്ങയുടെ ചമ്മന്തിയും നാവിൽ വെള്ളമൂറുന്ന കാലങ്ങളാണ്. 

പട്ടാളത്തിലെ ജോലി  ഭാസിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി. മനസ്സിന്റെ  ഇഷ്ടങ്ങളെ മാറ്റിവെച്ച് ജീവിതത്തോട് ഏറ്റുമുട്ടേണ്ടി  വന്നപ്പോൾ അതിനോട് അവൻ ഇണങ്ങിച്ചേർന്നു. 

പലക തറച്ച വീട് ഇഷ്ടിക കാലുകളിൽ പതുക്കെ ഉയർന്നുവന്നു. അത്യാവശ്യം സൗകര്യങ്ങളും ഓടുമേഞ്ഞ ഒരു വീടും വന്നു. പെങ്ങളെ വിവാഹം കഴിപ്പിച്ചയച്ചയ്ക്കാൻ   വേണ്ടി എടുത്ത ലോൺ,   വീട് വെക്കാൻ വേണ്ടി എടുത്ത ലോൺ ഇവയുടെ അടവുകൾ ഇവ അവൻ മാറി മാറി അടച്ചു.

 കായലിനക്കരെ പാതിരാ തുരുത്തിൽ നിന്ന് എത്തുന്ന രോഗികളിൽ നിന്ന് അവിടുത്തെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു.

പരിശീലനം പൂർത്തിlയാക്കിയതിനെത്തുടർന്ന് ഉടൻ ജോലി ലഭിച്ചതിനാൽ എനിക്ക് ഇടവേളകൾ കിട്ടിയില്ല.

 അയഞ്ഞു തുടങ്ങിയ സാമൂഹിക ബന്ധങ്ങളെ വിളക്കി ചേർക്കാനുള്ള മോഹങ്ങളെല്ലാം  പഴകിയ തോർത്തിലെ ഇഴകളെ പോലെ  ഞാന്നു കിടന്നു.

 അങ്ങനെയിരിക്കെയാണ്  മൂന്നു വശവും പശ തേച്ച് ഒട്ടിക്കുന്ന,  പുതിയ ഇൻ ലാന്റിൽ ഭാസിയുടെ ഒരു കത്ത് ഓഫീസ്  വിലാസത്തിൽ എത്തുന്നത്, 

 പാതിരാ തുരുത്തിലെ ബാബു എന്ന ചെറുപ്പക്കാരനെ കുറിച്ചായിരുന്നു ആ കത്ത്.  കൂലിവേല ചെയ്ത് ജീവിക്കുന്ന ഒരാളാണ്.  ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും ബാബുവിന്റെ  സംരക്ഷണത്തിലാണ്.

 അസുഖമായിട്ട് അയാൾ മെഡിക്കൽ കോളേജിൽ വന്നിരുന്നു.  ഒരുപാട് ടെസ്റ്റുകൾ ചെയ്തു.  അസ്ഥിമജ്ജ കുത്തിയെടുത്തുള്ള ഒരു പരിശോധനയ്ക്ക് കൊടുത്തിട്ടുണ്ട്. അതിന്റെ ഒരു നമ്പർ ആണ് ഈ എഴുതിയിരിക്കുന്നത്. അതിന്റെ റിസൾട്ട് കിട്ടിയാൽ ബാക്കി ചികിത്സ തുടങ്ങാൻ പറ്റും എന്ന് പറയുന്നു. അത് ഒന്ന് അന്വേഷിക്കണം. ബാബുവിന്റെ ചേട്ടൻ ചെല്ലപ്പൻ നിന്നെ വന്നു കാണും.ഞാൻ മറുപടി എഴുതിയില്ല. മറുപടി എഴുതുന്നതിനു മുൻപേ ആ കാര്യങ്ങൾ എല്ലാം എനിക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. ഭാസിക്ക് വേണ്ടി എന്തെങ്കിലുമൊരു കാര്യം ചെയ്യുവാനുള്ള എന്റെ ആഗ്രഹത്തിന് കിട്ടിയ ഒരു അവസരമായിരുന്നു അത്. ചെല്ലപ്പൻ കൊണ്ടുവന്ന ടെസ്റ്റ് നമ്പറുമായി ഞാൻ പത്തോളജി വിഭാഗത്തിൽ ചെന്നു. 

എന്നെ പഠിപ്പിച്ചിരുന്ന ഡോക്ടർ സുലോചന ആയിരുന്നു അതിന്റെ അന്നത്തെ മേധാവി. ഞാൻ നൽകിയ പേരും നമ്പരുമായി ഡോക്ടർ ഹിസ്റ്റോപതോളജി വിഭാഗത്തിലെ മൈക്രോസ്കോപ്പ് റൂമിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് ലാബ് അസിസ്റ്റന്റ് വന്ന് എന്നെ വിളിക്കുന്നു  എന്നു പറഞ്ഞു. ഞാൻ ചെന്നു. 

മാഡം എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് ചോദിച്ചു ആരാണ് ഇദ്ദേഹം എന്ന്? 

ഞാൻ കാര്യങ്ങൾ പറഞ്ഞു. എനിക്ക് നേരിട്ട് അറിയില്ല. പക്ഷേ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ അവരുടെ  ബന്ധുവാണ് ബാബു. മാഡം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് കുറച്ചുനേരം കൂടി ഇരട്ടക്കുഴൽ ഉള്ള മൈക്രോസ്കോപ്പിലൂടെ സ്ലൈഡ് മുന്നോട്ടും പിന്നോട്ടും ഓടിച്ചു പരിശോധിച്ചു കൊണ്ടിരുന്നു. പിന്നെ പറഞ്ഞു. ഇത്  ഇത് ലുക്കിമിയ ആണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ.

ഇപ്പുറത്ത് വരു, മൈക്രോസ്കോപ്പ് ഫോക്കസ് ചെയ്ത് വെച്ചിട്ട് എ ന്നോട് മൈക്രോസ്കോപ്പിൽ നോക്കി കൊള്ളുവാൻ പറഞ്ഞു

കറങ്ങുന്ന സ്കൂളിന്റെ ഉയരം അല്പം അഡ്ജസ്റ്റ് ചെയ്തിട്ട്ര,  ഇരട്ടക്കുഴൽ ഉള്ള മൈക്രോസ്കോപ്പിലെ ലെൻസുകളിലൂടെ ഞാൻ നോക്കി. ചുവന്ന ആകാശത്ത് നിറയെ ശംഖുപുഷ്പം വിതറിയ പോലെ.ആ  കാഴ്ച ഞാൻ കണ്ടു. പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്ന,  അഗ്നിപർവ്വതങ്ങളെ  പോലെ മൈലോ ബ്ലാസ്റ്റ് കോശങ്ങൾ എന്നെ ഞെട്ടിച്ചു. അവിടുന്ന് പുറത്തിറങ്ങുമ്പോൾ ഇടവഴികളിലെ  വെളിച്ചം വീണ്ടും മങ്ങിയിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു.

എങ്കിലും ഭാസി എന്നിൽ  ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തെ കുറിച്ച് ഞാൻ പെട്ടെന്ന് ബോധവാനായി. 

എന്താണ് സാർ റിസൾട്ട്...? 

ചെല്ലപ്പൻ ചോദിച്ചു 

ഞാൻ പറഞ്ഞു റിസൾട്ട് കിട്ടി. ഇനി ചികിത്സ വേണം ചെല്ലപ്പൻ ഒരു കാര്യം ചെയ്യു. നാളെ തന്നെ ബാബുവിനെ കൂട്ടി വരു.

 ചെല്ലപ്പൻ പടികളിറങ്ങി പോകുമ്പോൾ ഞാൻ ജനാലയിലൂടെ ദൂരെ അപ്പുറത്ത് കമ്പ് ഉണങ്ങിയ കശുമാവിൻ തലപ്പുകൾ മറയുന്നതുവരെ അയാളെ പിന്തുടർന്നു.

ചെല്ലപ്പനെ പടിപടിയായി ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.   കീമോതെറാപ്പി കേന്ദ്രത്തിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകാവുന്ന  അയാളുടെ അസ്വസ്ഥതകൾ ലഘൂകരിക്കുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം

 അപ്പോൾ പുറത്ത് ബാബു വെറുതെ രണ്ടുകൈയും ഇരുപുറവും ഊന്നി ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. റേഡിയോതെറാപ്പി വിഭാഗത്തിലും കീമോതെറാപ്പി വിഭാഗത്തിലും ഞാൻ ബാബുവിനെ സുപരിചിതൻ ആക്കി..തുടർന്നുള്ള ദിവസങ്ങളിൽ അത്രയെങ്കിലും അയാൾക്ക് ആശ്വാസം ആകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു.

 കീമോതെറാപ്പി കഴിഞ്ഞ് പോകുമ്പോൾ ഒരു ദിവസം ചെല്ലപ്പൻ എന്നോട് പറഞ്ഞു സാർ  ഭാസിയുടെ അമ്മയ്ക്ക് ഒന്ന് കാണണമെന്ന് പറഞ്ഞു.

 പിറ്റേന്ന്  അവധി എടുത്ത് ഞാൻ പട്ടണത്തിലെത്തി ടാർ റോഡിൽ നിന്നും പടികളിറങ്ങി ബോട്ടുജെട്ടിയിൽ എത്തുമ്പോൾ കാവാലം ബോട്ട് എന്നെ കാത്ത്  കിടപ്പുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ബോട്ടിൽ കയറി. ബോട്ട് ഇരുവശത്തെയും ഓളങ്ങളെ കീറിമുറിച്ച് കൊണ്ട് മുന്നോട്ടു പോയി. പിന്നെ നെടുവീർപ്പിട്ടു കൊണ്ട് അക്കരെ പാതിരാ തുരുത്തിൽ അണഞ്ഞു.

 ഭാസിയുടെ അമ്മ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ കണ്ടു. അരികിലിരുന്നു.  ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ്. 

അമ്മ എന്റെ കൈകൾ പിടിച്ച് കുറെ നേരം കയ്യിൽ വച്ച് അങ്ങനെ  ഇരുന്നു. മരുമകളോട് ഉച്ചയ്ക്ക് ഊണ് എളുപ്പം കാലം ആക്കുവാൻ ആവശ്യപ്പെട്ടു. കൊച്ചു മോനോട് ഒന്ന് ചൂണ്ടൽ കോർക്കാനും.

ഭാസിയുടെ മകൻ ചൂണ്ടല് ഇര കോർത്ത് മുറ്റത്ത് നിന്ന് കൊണ്ടു തന്നെ ആറ്റിലേക്ക് ഇട്ടു.

എന്നെ കാണുമ്പോൾ അമ്മ ഭാസിയെ ഓർക്കും.

 അയൽക്കാരെയെല്ലാം വിളിച്ച് സ്വന്തം മകനെ പോലെ പരിചയപ്പെടുത്തി.

 കൊയ്ത്തു കഴിഞ്ഞ പാടത്ത് തിരുവാതിര പരിശീലിക്കാൻ പെൺകുട്ടികൾ പോകുന്നത് കണ്ടു. നേരം അങ്ങനെ ഓടിപ്പോയി. 

ഭാസിയുടെ മകൻ ബാലുവിന് അന്ന് മൂന്നാല് ചെമ്പല്ലി മീനുകൾ  കിട്ടി. സുധ അതിന്റെ മുള്ളെല്ലാം കളഞ്ഞു തൊലിയുരച്ച്,  പിച്ചാത്തി കൊണ്ട് വരഞ്ഞ്,  മുളക് പെരട്ടി എണ്ണയിലേക്കിട്ട്  വറുക്കാൻ  തുടങ്ങി. ആ മണം എന്നെയും കൊണ്ട് കുറെ ദൂരം സഞ്ചരിച്ചു.

വള്ളത്തിൽ,  തുരുത്ത് കൂടി കാണുന്നോ മോനെ, തുഴയാൻ ആരെയെങ്കിലും വിളിക്കാം.

വേണ്ടമ്മാ, തിരികെ ചെന്നിട്ട് കുറച്ച് കാര്യം ഉണ്ട്. 

ഭാസിയുടെയും  അമ്മയുടെയും കൂടെ ആദ്യമായ് തുരുത്ത് കാണാൻ പോയത് ഓർത്തു. വള്ളം മന്ദ ഗതിയിൽ അടിയാടിയാണ് പോകുന്നത്.  ഞാൻ ശ്രദ്ധിച്ച് പടിയിൽ നിന്നും പിടി  വിടാതെയാണ് ഇരുന്നത്. 

 ഊണുകഴിഞ്ഞ് പൊക്കമുള്ള തിണ്ണയിൽ  ഒരു തഴ പായ വിരിച്ചു.തന്നു.  ഞാൻ അതിൽ കിടന്നു. തെങ്ങോലകളെ തഴുകിയ കാറ്റ് കായൽ പരപ്പിനെ ഉമ്മ വെച്ച് കടന്നു വന്നു. കായലിലെ ഓളങ്ങൾ കരയിൽ വന്നു തല്ലുന്ന താളം ഉറക്കത്തെ ആഴങ്ങളിലേക്ക് നയിച്ചു. ആ കിടപ്പിൽ നമ്മളെ  മനസിലാക്കാതെ കടന്നു പോയ മുഖങ്ങളെയെല്ലാം ഞാൻ മറന്നു. 

എത്രയോ നേരം ഉറങ്ങി. മന്ദ ഗതിയിൽ കായലോളങ്ങൾ തൊട്ടിലാട്ടിക്കൊണ്ടിരുന്നു.

 അഞ്ചരയോടെ ബോട്ടിന് ഞാൻ ടൗണിലേക്ക് തിരിച്ചു. പോകാൻ നേരം അമ്മയുടെ കയ്യിൽ കുറച്ച് കാശ് വെച്ചു കൊടുത്തു. അത് ഞങ്ങളുടെ രണ്ടുപേരുടെയും സ്വാതന്ത്ര്യമായിരുന്നു.

എന്നാൽ കർക്കിടക കാറുകൾ നിറഞ്ഞ ആകാശം പെയ്തു തീരുന്നതിനു മുമ്പ് തന്നെ ബാബുവിന്റെ  ദിവസങ്ങൾ അവസാനിച്ചു. ബാബുവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ചെല്ലപ്പന്റെ  പ്രാരാബ്ധങ്ങളിലേയ്ക്ക് കൂടിച്ചേ ർന്നു. 

ആ ഓണത്തിന് ഭാസി വന്നില്ല. അടുത്തൊന്നും ഭാസി വന്നില്ല.  പിന്നീട് എപ്പോഴോ 

ഒരു മദ്ധ്യ വേനലവധിക്കാലത്ത് ഭാസി വന്നു.  ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വണ്ടി എടുക്കുവാൻ എത്തുമ്പോൾ എന്റെ വണ്ടിയുടെ അരികിൽ കാത്ത് നിൽക്കുകയാണ്. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ ചിരിച്ചു.

നിറഞ്ഞ ചിരി, അത് കാലത്തിന്റെ വിടവിനെ മായിച്ചു കളഞ്ഞു. 

മുഖവുര ഇല്ലാതെയാണ് ഭാസി സംസാരിച്ചത്. 

അമ്മയ്ക്ക് മാനസികമായി നല്ല സുഖമില്ല.  കുറച്ച് മാസങ്ങളായി.  ഞാനില്ലായിരുന്നല്ലോ.  പട്ടണത്തിൽ ഒരു ഡോക്ടറെ വന്നു കാണിച്ചിരുന്നു.  ഇവിടുത്തെ ഡോക്ടറാ..

ആണോ? 

നമുക്ക് സാറിനെ ചെന്ന് കാണാം.

 അല്ല അതിനുമുമ്പ് സാറുമായി ഒന്ന് സംസാരിക്കണം. ഓർമ്മക്കുറവുണ്ട് പരസ്പരബന്ധമില്ലാതെ ചില കാര്യങ്ങളും സംശയങ്ങളും ഒക്കെയുണ്ട്. ചിലപ്പോൾ ഇറങ്ങി പോകും. ചുറ്റും വെള്ളമാണ് നോക്കിയിരിക്കാൻ ആരാണുള്ളത്? ഞാൻ പിരിഞ്ഞു പോരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. തീരാൻ ഇനി മൂന്നാലു വർഷം കൂടി ഉണ്ട്.എങ്കിലും!

 അപേക്ഷ കൊടുക്കണമെങ്കിൽ കൃത്യമായ കാരണങ്ങൾ എന്തെങ്കിലും വേണം. അമ്മയുടെ അസുഖം  കാണിച്ച് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിച്ചാൽ എനിക്ക് അപേക്ഷിക്കാം.  അടുത്തയാഴ്ച തിരിച്ചുപോകണം അതിനുമുമ്പ് നടക്കുമോ എന്നറിയില്ല...

 കുഴപ്പമില്ല, ഞാൻ ഡോക്ടറോട് സംസാരിക്കാം ആരെങ്കിലും അടുത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്.

 നീ ചീട്ടുകളുടെ യെല്ലാം ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എനിക്ക് തന്നിട്ട്  പൊയ്ക്കോളൂ. ഞാൻ സാറിനെ കണ്ട് സംസാരിക്കാം..എന്നിട്ട്  അടുത്ത ദിവസം കൊണ്ടു ചെന്നാൽ മതി. ഞാൻ പറഞ്ഞു.

ഊണ് കഴിച്ചു പോകാം എന്ന് പറഞ്ഞെങ്കിലും തിരക്കുള്ളതിനാൽ യാത്ര പറഞ്ഞ്  ആശുപത്രിയുടെ മുന്നിൽ നിന്ന് തന്നെ ബസ്സ് കയറി അവൻ  ടൗണിലേക്ക്  പോയി.

 താമസിയാതെതന്നെ കാര്യങ്ങളെല്ലാം നീങ്ങി. ഭാസി  പട്ടാളത്തിലെ ജോലിയിൽ നിന്നും വിടുതൽ വാങ്ങി നാട്ടിലെത്തി. 

 താമസിയാതെ  അവന്റെ വീട്ടിൽ പോകണമെന്നും  അമ്മയെ കാണണമെന്നും ആഗ്രഹിച്ചു.

എന്നാൽ എനിക്ക് ജോലിയിൽ മാറ്റം ആയി ദൂരത്തേക്ക് പോരേണ്ടി വന്നു.

 മാനസികമായ അസുഖങ്ങൾ അമ്മയെ വലിയ ശല്യം ചെയ്തില്ല. ഡോക്ടറുടെ ചികിത്സ കൊണ്ട് ഒരുപാട് മാറ്റങ്ങൾ ആയി...

ഭാസിയുടെ പെങ്ങൾ സുനന്ദയും അളിയൻ രതീഷും രണ്ടു മക്കളുമായി കടം കയറി ഭാസിയുടെ വീട്ടിലേക്ക് പോന്നു. ഇതെല്ലാം ഞാൻ പിന്നീടാണറിഞ്ഞത്.

വീട്ടിൽ ഇപ്പോൾ ആളായി. ഇല്ലാതായത് ആവശ്യത്തിനുള്ള വരുമാനമാണ്. കുട്ടികൾ വളർന്നു വരുന്നതേയുള്ളു. ലോൺ,  വിദ്യാഭ്യാസ ചെലവ് ഇതൊക്കെ ഭാസിയ കുഴക്കിയിരിക്കണം.

 ഭാസി അരുണാചലിൽ അദ്ധ്യാ പകനായി പോയി എന്നതും  കാലങ്ങൾ കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്.

 പിറ്റേന്ന് ജോലിസ്ഥലത്തേക്ക് കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഉള്ളിൽ ഭാസിയുടെ അമ്മയെ കാണാനുള്ള ഒരു ആഗ്രഹം തോന്നി.  അതിനേക്കാൾ വലിയ ആഗ്രഹമായി ഇന്നുതന്നെ എ ങ്ങനെയെങ്കിലും ഒരു വാട്ടർബെഡ് സംഘടിപ്പിച്ചു കൊടുക്കണം എന്ന ചിന്ത...

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വാട്ടർബെഡ് ആവശ്യമുണ്ട് ഉപയോഗയോഗ്യമായത്  ഉണ്ടെങ്കിൽ അറിയിക്കുക  എന്ന് ഒരു മെസ്സേജ്ഇ ട്ടിട്ട്  ഞാൻ ജോലിക്ക് കയറി.

 വൈകുന്നേരമായപ്പോഴേക്കും മൂന്നാലു പേർ കോൺടാക്ട് ചെയ്തു. ഇലക്ട്രിസിറ്റി കൊണ്ട്  പ്രവർത്തിക്കുന്ന എയർ ബെഡ്,  ജലം നിറച്ച്  ഉപയോഗിക്കുന്നത് എന്നിവ ലഭ്യമാന്നെന്ന വിവരം ലഭിച്ചു.  അത് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വേണ്ടി രാത്രി ഭാസിയെ വിളിച്ചു കിട്ടിയില്ല.പിറ്റേന്ന് രാവിലെ ഭാസിയുടെ കോൾ ആണ് എന്നെ വിളിച്ചുണർത്തിയത്.

പിന്നെ,  വാട്ടർബെഡ് കിട്ടി.  ഇവിടുന്ന് തന്നെ ഒരെണ്ണം സംഘടപ്പിക്കുവാൻ സാധിച്ചു.

 കോവിഡ് കാലത്ത് എനിക്ക് ഇത് എത്തിച്ച് കൊടുക്കുവാൻ ബുദ്ധി മുട്ടായിരുന്നെങ്കിലും അതിനു ഞാൻ വഴി കണ്ടിരുന്നു. 

ശരി.കിട്ടിയല്ലോ...

അമ്മയ്ക്ക് എങ്ങനെ ഉണ്ട്? 

അമ്മയ്ക്ക് ഒട്ടും ഓർമ്മയില്ല. ഞാൻ അടുത്ത മുറിയിലിരുന്ന് ഉറക്കെ സംസാരിക്കും. പഴയ കാര്യങ്ങൾ പറയുമ്പോൾ ആലോചിച്ചാലോചിച്ച് എന്തൊക്കെയോ പറയും. 

ആദ്യം ദിവസം ആയതു കൊണ്ടാവാം വാട്ടർ ബെഡ്ഡ് ഇളകുമ്പോൾ വള്ളത്തിൽ നമ്മളെങ്ങോട്ടാ പോണത് ശ്രദ്ധിക്കണേ എന്ന് പറഞ്ഞുകൊണ്ടിരുന്നു..

വള്ളത്തിൽ പാതിരാ തുരുത്തിലേയ്ക്ക് അമ്മയും ആയിട്ടുള്ള ആ യാത്ര,  ഓളങ്ങളുടെ കുഞ്ഞു ശബ്ദങ്ങൾ ഞാൻ വീണ്ടും കേട്ടു. ജല കിടക്കയിൽ അമ്മ യാത്ര ചെയ്യുകയായിരിക്കാം!

ശരി ഭാസി, 

 രണ്ടു ദിവസം കൂടി കഴയുമ്പോൾ നിനക്ക് ക്വാറന്റൈൻ ദിവസങ്ങൾ കഴിയുമല്ലോ..

അപ്പോൾ അമ്മയെ കുറച്ചു കൂടി അടുത്ത് പരിചരിക്കാം. ഉറക്കം ഒട്ടും ഇല്ലെങ്കിലോ വേദനയ്ക്ക് കുറവില്ലെങ്കിലോ പാലിയേറ്റിവ് കെയറിൽ വിളിക്കണം. 

ശരി.

വിളിക്കാം അവൻ ഫോൺ വെച്ചു. 

നാട്ടിൽ കൊറോണ യുടെ സാമൂഹ്യ വ്യാപനം ആരംഭിച്ചു.  കൂടുതൽ കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നു. വെളിച്ചം ഇടവഴികളിൽ താളം കെട്ടി നിന്നു. ആശുപത്രിയിൽ കുറച്ച് ഡോക്ടർമാർക്കും സ്റ്റാഫിനും  രോഗ ബാധ ഉണ്ടായി. രോഗ ബാധിതർക്കായി പ്രത്യേക ചികിത്സാ വാർഡുകളും കേന്ദ്രങ്ങളും സജ്ജീകരിക്കപ്പെട്ടു. 

സമ്പർക്കത്തിൽ വന്നവരെ ക്വാ റന്റൈന് വേണ്ടി സജ്ജീകരിച്ച പ്രത്യേക സ്ഥാപനങ്ങളിലേക്ക് മാറ്റി. അവരുടെ അക്കൊമഡേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നപ്പോൾ രാത്രിയും പകലും എനിക്കൊരു പോലെയായി മാറി.

 ഭാസിയുടെയോ അമ്മയുടെയൊ  വിവരങ്ങളൊന്നും തന്നെ അറിയുവാൻ, അന്വേഷിക്കാനോ പറ്റിയില്ല.

ദിവസങ്ങൾ പിന്നെയും രണ്ടോ മൂന്നോ കടന്നുപോയി. ഒരു രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ ഒരു മെസ്സേജ് വന്നു. അത് ഭാസിയുടെ ആയിരുന്നു. അവൻ വിളിച്ചിട്ട് ഉണ്ടായിരിക്കണം കിട്ടി കാണില്ല. 

അമ്മ പോയി...സുഖമരണം ആയിരുന്നു...

അവസാനനാളുകളിൽ അമ്മയോടൊപ്പം കൂടുവാനും പരിചരിക്കാനും അവനു കഴിഞ്ഞല്ലോ എന്ന ചിന്ത എനിക്കും ആശ്വാസം നൽകി 

നീ വിഷമിക്കേണ്ട, അമ്മയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം  ചെയ്യാൻ കഴിഞ്ഞില്ലേ...                              ഞാൻ വിളിക്കാം… 

എന്ന ഒരു മെസ്സേജ് അവസാനമായി അമ്മയ്ക്ക് വേണ്ടി ഞാൻ ടൈപ്പ് ചെയ്ത് അയച്ചു. പിന്നീട് ഡ്യൂട്ടി റൂമിലെ ഇരുമ്പ് കട്ടിലിൽ  ആശുപത്രിക്കിടക്കയിൽ ചെന്ന് തലചായ്ച്ചു. ഉറക്കം കണ്ണുകളിലേക്ക് കടന്നുവരുമ്പോൾ എന്റെ കിടക്ക പതുക്കെ ഇളകാൻ തുടങ്ങി. അത് ഇരുവശങ്ങളിലേക്കും ആടിത്തുടങ്ങി. ഒരു ജലയാനം പോലെ അത് മുന്നോട്ടു പോവുകയാണ്

--------------------


Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ