അനശ്വര നടൻ സത്യൻ : അരനൂറ്റാണ്ടിനിപ്പുറവും ജീവിക്കുന്ന ഓർമ്മകൾ. ലേഖനം. ബി. ജോസകുട്ടി




മലയാള സിനിമയെ ജീവിത ഗാന്ധിയാക്കിയസിനിമകളിലെ ജീവിക്കുന്ന കഥാപാ ത്രങ്ങളിലൂടെ സത്യൻ ഇന്നും ജീവിക്കുന്നു. മരിക്കാത്ത അമ്പത് വർഷങ്ങൾ

കാലത്തിന്റെ കറുത്ത മൂടുപടത്തിനപ്പുറം സത്യൻ എന്ന നടൻ അപ്രത്യക്ഷനായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. എങ്കിലും ഈ ഡിജിറ്റൽ യുഗത്തിലും സത്യന്റെ അഭിനയ സിദ്ധി ഇന്നും പ്രേക്ഷകരിൽ അത്‌ഭുതമുളവാക്കുന്നു സ്നേഹ ബഹുമാനങ്ങളോടെ അംഗീകരിക്കപ്പടുന്നു. 1971 ജൂൺ 15 ന് സത്യൻ വേർപെട്ടു പോയപ്പോൾ അസ്തമിച്ചത് മലയാള സിനിമയിലെ ഉജ്വല സൂര്യനായിരുന്നു. അക്കാലത്ത് ഒരു ചലച്ചിത്രനടന് വേണ്ടുന്ന സൗന്ദര്യമോ നിറമോ ഉയരമോ സത്യന് ഉണ്ടായിരുന്നില്ല. പക്ഷേ അനേകം കഥാപാത്രങ്ങളിലൂടെ പരകായപ്രവേശം നടത്തി ആ വേഷങ്ങളെ അസാധാരണമാം വിധത്താൽ ഉജ്വലമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും നൽകിയ കഥാപാത്രങ്ങൾക്ക് അവരുടെ വീക്ഷണത്തിനപ്പുറമുള്ള പൂർണത നൽകാൻ ഈ അതുല്യ നടന് കഴിഞ്ഞു. ദുർബലങ്ങളായ തിരക്കഥകളിലെ കഥാപാത്രത്തെപ്പോലും തന്റെ മാസ്മരിക അഭിനയ ശൈലിയിലൂടെ കരുത്തുറ്റതാക്കാൻ ഒരു പക്ഷേ ഇന്നുവരെ സത്യനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത. എത്രയെത്ര വ്യത്യസ്ഥ കഥാപാത്രങ്ങൾ അവയൊക്കെയും അന്യോന്യബന്ധമില്ലാത്ത വ്യത്യസ്ഥ രൂപ ഭാവ ലയങ്ങളോടെയാക്കും സത്യൻ പകർന്നാട്ടം നടത്തുക. ഏറ്റവും മികച്ചതായി ഈ നടന പ്രതിഭ അവതരിപ്പിച്ച വേഷമേതാണെന്ന് ആർക്കും വ്യക്തമായ ഉത്തരം പറയാനാവില്ല. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെന്നിരിക്കേ ഒരു പ്രത്യേക കഥാപാത്രത്തെ എങ്ങനെയാണ് ചൂണ്ടിക്കാട്ടാനാവുക. നീലക്കുയിലിലെ ശ്രീധരൻ മാസ്റ്റർ, മുടിയനായ പുത്രനിലെ രാജൻ, ചെമ്മീനിലെ പളനി, ഓടയിൽ നിന്നിലെ പപ്പു, കടൽപ്പാലത്തിലെ നാരായണ കൈമളും രഘുവും, ഒരു പെണ്ണിന്റെ കഥയിലെ മാധവൻ തമ്പി, മൂടുപടത്തിലെ അപ്പുക്കുട്ടൻ, അശ്വമേധത്തിലെ ഡോ.തോമസ്, ത്രിവേണിയിലെ ദാമോദരൻ മുതലാളി, യക്ഷിയിലെ ശ്രീനി,  കരകാണാക്കടലിലെ തോമ്മാ, കുട്ട്യേടത്തിയിലെ അപ്പുണ്ണി, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, കരിനിഴലിലെ കേണൽ കുമാർ, അരനാഴികനേരത്തിലെ മാത്തുക്കുട്ടി, മൈനത്തരുവി കൊലക്കേസിലെ ഫാ.ഫ്രെഡറിക്, ഭാഗ്യജാതകത്തിലെ ഡോ.സുരേന്ദ്രൻ, കാവാലം ചുണ്ടനിലെ ചന്ദ്രൻ, മിടുമിടുക്കിയിലെ ഗോപൻ, അനാർക്കലിയിലെ അക്ബർ ചക്രവർത്തി, അഗ്നിപരീക്ഷയിലെ ഡോ. മോഹനൻ, മൂലധനത്തിലെ രവി, വിലക്കപ്പെട്ട ബന്ധങ്ങളിലെ ഡോ. ജയദേവൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ള, താരയിലെ അഡ്വ. ബാലകൃഷ്ണൻ, പഞ്ചവൻകാടിലെ അനന്തക്കുറുപ്പ്, വാഴ് വേ മായത്തിലെ സുധീന്ദ്രൻ.... അങ്ങനെ നൂറ്റിനാൽപ്പതിൽപ്പരം കഥാപാത്രങ്ങൾ. ഇതിൽ ഏതു കഥാപാത്രമാണ് സത്യന്റെ പ്രകടനത്തിൽ മികച്ചതെന്ന് എങ്ങനെ കണ്ടെത്താനാവും. 1952 ൽ നാൽപ്പതാമത്തെ വയസ്സിലാണ് സത്യൻ സിനിമയിലെത്തുന്നത്. റിലീസായ ആദ്യ സിനിമ ആത്മസഖിയായിരുന്നു. നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമ്മിച്ച ഈ സിനിമയിൽ രഘു എന്ന കഥാപാത്രത്തെയാണ് സത്യൻ അവതരിപ്പിച്ചത്. ജി.ആർ.റാവു ആയിരുന്നു സംവിധായകൻ. എന്നാൽ അതിനു മുമ്പേ ത്യാഗസീമ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും ആ ചിത്രം പൂർത്തീകരിക്കപ്പെട്ടില്ല. സത്യനേശൻ നാടാർ എന്ന പേരു മാറ്റി സത്യൻ എന്നു ആദ്യമായി വിശേഷിപ്പിച്ചത് പി.സുബ്രഹ്മണ്യം ആയിരുന്നു. സത്യൻ എന്ന നടന്റെ ജൈത്രപ്രയാണം അങ്ങനെ ആരംഭിക്കുകയായിരുന്നു. 1912 നവംബർ ഒമ്പതിന് തിരുവനന്തപുരം തൃക്കണ്ണാപുരത്തിന് സമീപം കുന്നപ്പുഴയിലാണ് സത്യനേശൻ ജനിച്ചത്. പിതാവ് മാനുവൽ ഒരു കുടിപ്പള്ളിക്കൂടം വാധ്യാരായിരുന്നു. അമ്മ എമിലി. മാനുവൽ നാടകകൃത്തും ഫിഡിൽ വായനക്കാരനും കൂടിയായിരുന്നു. പിതാവിന്റെ പള്ളിക്കൂടത്തിൽ തന്നെയായിരുന്നു സത്യനേശൻ പഠിച്ചിരുന്നത്. തുടർന്ന് അട്ടക്കുളങ്ങര ഹൈസ്കൂളിലും പഠിച്ചു. ആ കാലത്തു തന്നെ നാടകങ്ങളിലഭിനയിച്ച് തന്റെ കഴിവ് പ്രകടമാക്കിയ സത്യനേശൻ കൂടുതൽ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പിതാവിനെ പോലെ അധ്യാപന രംഗത്തേക്കും വന്നു. കുടുംബ പ്രാരാബ്ധത്തെ തുടർന്ന് പട്ടാളത്തിൽ ചേർന്നു. നാലു വർഷത്തെ സേവനത്തിനു ശേഷം മടങ്ങിവന്ന് സെൻട്രൽ റെക്കാർഡ്സ് ഓഫീസിൽ ഗുമസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് 1949 ൽ പോലീസുദ്യോഗസ്ഥനായി സെലക്ഷൻ കിട്ടുന്നത്. പോലീസിൽ ചേരുന്നതിനു മുമ്പ് തന്റെ കളിത്തോഴിയായിരുന്ന ജെസിയെ വിവാഹവും ചെയ്തു. രണ്ടു വർഷം കഴിഞ്ഞ് സിനിമയിൽ സജീവമായതോടെ ഉദ്യോഗവും വിട്ടു. 1970 ലാണ് മരണ കാരണമായ ലുക്കേമിയാ എന്ന മാരക രോഗം അദ്ദേഹത്തെ ആക്രമിച്ചു തുടങ്ങിയത്. രക്തം മാറ്റുന്നതിനു വേണ്ടി കൂടെ കൂടെ അശുപത്രിയിൽ പോകുന്ന കാര്യം ചലച്ചിത്ര ലോകത്ത് ആരുമറിഞ്ഞിരുന്നില്ല. എങ്കിലും രോഗവിവരം അറിഞ്ഞ ചിലർ അദ്ദേഹത്തോട് നേരിട്ട് രോഗമന്വേഷിക്കാൻ ഭയന്നു. ഇനി ധൈര്യമവലംബിച്ച് ആരെങ്കിലും ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെയാണ്. " എനിക്കു വയറിനെന്തോ നേരിയ അസുഖം, പക്ഷേ എന്റെ വിരോധികൾ പറഞ്ഞു നടക്കുന്നതെന്താണെന്നോ ? ബ്ലഡ് ക്യാൻസറാണ് എനിക്കെന്ന് ബ്ലഡ് ക്യാൻസർ...! ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യന്റെ മൂക്കിൽ നിന്നു രക്തം വരുന്നത് കണ്ട് നടി ഷീല ഉൾപ്പടെ പലരും ഭയന്നു കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ഇത് സാരമില്ല എന്നു പറഞ്ഞ് പഞ്ഞികൊണ്ട് മൂക്കു തുടച്ച് ഒന്നും സംഭവിക്കാത്തതു പോലെ സത്യൻ അഭിനയം തുടരുമായിരുന്നു. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ നിന്ന് അഗ്നിമൃഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മദിരാശിക്കു തിരിച്ചു പോകുകയായിരുന്നു സത്യൻ. രോഗം പരമരഹസ്യമായി സൂക്ഷിച്ചു പോന്ന ആ മഹാ നടൻ മഞ്ഞിലാസിന്റെ ലൊക്കേഷനിലെത്തി വാഴ് വേമായത്തിന്റെ ചിത്രീകരണത്തിനിടയിൽ തല ചുറ്റി വീണതിനെ തുടർന്ന് സെറ്റിൽ നിന്നു സ്വയം കാറോടിച്ച് ആദ്യം വീട്ടിലേക്കും പിന്നീട് ആശുപത്രിയിലേക്കും പോയ സത്യന് വീണ്ടും മുഖത്തു ചമയ മണിയേണ്ടി വന്നില്ല. 1971 ജൂൺ 15 ന് വെളുപ്പിന് നാലു മുപ്പതിന് രോഗം മൂർഛിച്ച് മദിരാശിയിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയായിരുന്നു. അമ്പത്തിയൊമ്പതാമത്തെ വയസ്സിൽ. മരണശേഷം വിഖ്യാതനായ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞു. സത്യൻ ഒരു ലെജന്റാണ്. അദ്ദേഹത്തെപ്പോലെ ഇനിയുള്ള കാലത്ത് ഒരു നടനുണ്ടാകുമോ എന്നു സംശയമാണ്. എം.ടി.വാസുദേവൻ നായർ എഴുതി, 'താരത്തിന്റെ മാറ്റിനി ഐഡലിന്റെ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രകൃതി കരിവീട്ടിയുടെ നിറം ഉയരം കുറഞ്ഞ ദേഹം പൊരുത്തമില്ലാത്ത കൈകാലുകൾ കുറിയ വിരലുകൾ. ഒരു നായകനു വേണമെന്ന് ഇന്ത്യൻ സിനിമ ധരിച്ചുവശായ യാതൊന്നും അദ്ദേഹത്തിനില്ല. പക്ഷേ ഒരു യഥാർത്ഥ നടനു വേണ്ട അഭിനയ നൈപുണി വേണ്ടുവോളം ഉണ്ടായിരുന്നു സത്യന്. അതുകൊണ്ട് അദ്ദേഹം സിനിമയിൽ വന്നു അഭിനയിച്ചു കാഴ്ചക്കാരെ കീഴടക്കി മാത്രമല്ല ഒരു കാലഘട്ടത്തെയും.

ഉറൂബ് അദ്ദേഹത്തെ റിയലിസ്റ്റിക്ക് ആക്ടർ എന്നു വിശേഷിപ്പിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീർ സത്യനെ അഭിനയത്തിന്റെ സുൽത്താൻ എന്നു വിശേഷിപ്പിച്ചു.

ഈ അനശ്വര നടനെത്തേടി ഏറെ പുരസ്കാരങ്ങളും വന്നെത്തി. സംസ്ഥാന സർക്കാർ1969 ൽ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകാനാരംഭിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് കടൽപ്പാലത്തിലെ പ്രകടനത്തിന് സത്യന് നൽകപ്പെട്ടു. സത്യന്റെ ആദ്യ നായിക ബി.എസ്.സരോജ ആയിരുന്നു. കൂടുതൽ സിനിമകളിലും നായികയായത് ശാരദയായിരുന്നു. 24 സിനിമകളിൽ. അംബികയും ഷീലയും 21 സിനിമകൾ വീതം നായികമാരായി. സത്യന്റേതായി ഒടുവിൽ പുറത്തുവന്ന സിനിമ ചെക്ക് പോസ്റ്റ് ആയിരുന്നു. 1974 ൽ. മൂന്ന് ആൺ മക്കളാണ് സത്യനുണ്ടായിരുന്നത്. പ്രകാശ്, സതീഷ്, ജീവൻ കുമാർ. സത്യൻ എന്ന അനശ്വര അഭിനയ ചക്രവർത്തി ഓർമ്മയായിട്ട് അമ്പതു സംവത്സരങ്ങൾ പിന്നിട്ടെങ്കിലും ആ അഭിനയ പ്രതിഭയുടെ സിംഹാസനം ഇന്നും അനാഥമായി തുടരുന്നു.

      """""""""""""""""""""


*ബി.ജോസുകുട്ടി*

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ