എഴുതേണ്ടത്

കവിത                           എം എ ബിന്ദു


ഇനി മുതൽ
എല്ലാ അമ്മമാരും
എല്ലാ ദിവസവും
രാത്രി മറക്കാതെ
ആ ദിവസത്തെ
അടയാളപ്പെടുത്തി വയ്ക്കണം
എപ്പോഴാണ്
മക്കൾക്ക്
വായിക്കാൻ കൊടുക്കേണ്ടത് എന്നറിയില്ലല്ലോ.
അവർ ചിലപ്പോൾ
നിങ്ങളുടെ ഹൃദയം
കീറി മുറിച്ചു കൊണ്ട്
നിങ്ങളുടെ
ജീവിതത്തിൻ്റെ കണക്ക് ചോദിക്കും.......
ആ വേദനയിൽ
ബോധം നശിക്കുന്നതിൻ മുൻപ്.......
അവർക്ക്
വായിക്കാൻ കൊടുക്കണം.
കൈ വിറക്കാതെ
മനസ്സു പതറാതെ
കത്തിയെടുത്ത്
നിങ്ങടെ നെഞ്ചിലേക്ക് കുത്തിയിറക്കി
ജീവനെടുക്കും മുൻപ്
തോട്ടിലെ വെളളത്തിൽ
മുക്കിപ്പിടിച്ച്
അവസാന ശ്വാസവും
നിലച്ചെന്ന്
ഉറപ്പാക്കും മുൻപ്
ആ നിമിഷത്തിൻ മുൻപെങ്കിലും
അവർക്ക്
വായിക്കാൻ കൊടുക്കണം
കാലുറക്കാതെ
മനസ്സുറക്കാതെ
മേഘങ്ങളെ പോൽ
പറന്നുയരാൻ പായുന്ന
അവരെ
കൈയ്യാമം വച്ച്
കൊണ്ടു പോകുമ്പോൾ
നെഞ്ച് തകർന്ന്
സ്വയം കയർത്തുമ്പിലാടും മുൻപ്........
നിശ്ചയമായും
വായിക്കാൻ കൊടുക്കണം
പ്രണയ പാശത്തിൽ കുടുങ്ങി
ഒരു തീപ്പെട്ടിക്കൊള്ളിയിൽ
ഒടുങ്ങി....
ചിതയിലേക്ക് എടുക്കും മുൻപ്......
പ്രണയിനിയുടെ
ജീവനെടുത്ത്
കാരാഗൃഹത്തിലേക്ക് പോകും മുൻപെങ്കിലും
അവർ
വായിച്ചിരിക്കണം
കടമ നിറവേറ്റാൻ
കർത്തവ്യ ബോധത്താൽ
കൊണ്ടു പോകുമ്പോൾ
വൃദ്ധസദനത്തിലേക്ക്
എത്തും മുൻപെങ്കിലും
വായിക്കാൻ കൊടുക്കണം
അമ്മവേഷം
പകർന്നാടി നമ്മൾ
നമ്മളല്ലാതായ കഥ...
എല്ലാം എഴുതണം
ഉദരത്തിൽ
ഉരുവം കൊണ്ടതു മുതൽ
മറക്കരുത്....... 
പ്രാണൻ പിടയുന്ന വേദനയിലും
ഒരു പാൽ പുഞ്ചിരിയിൽ 
വേദനകളെല്ലാം മറന്നത്....
മുലക്കണ്ണ് വിണ്ടുകീറി
ചോര വാർന്നപ്പൊഴും
കണ്ണുനീരടക്കി
വയറു നിറയെ
പാലൂട്ടിയത്......
ഉറക്കപ്രാന്തി എന്ന
വിളിപ്പേര്
എന്നോ മറന്നു പോയത്.....
ദിനരാത്രങ്ങൾ
ഒന്നായത് ......
എല്ലാ ഇഷ്ടങ്ങളും
രണ്ട് നക്ഷത്ര കണ്ണുകളുടെ
ഇഷ്ടങ്ങളായത്.....
വാശിക്കാരിയുടെ
വാശിയെല്ലാം
ഒരു കുഞ്ഞ് വാശിയുടെ മുന്നിൽ
അടിയറവ് വെച്ചത്......
ആദ്യ
ഇരിപ്പ് ,നടപ്പ്
വാക്ക്, ചിരി
എല്ലാം എല്ലാം
വിശേഷങ്ങളായത്......
എപ്പോഴെങ്കിലും
അരികില്ലാതിരുന്നപ്പോൾ
കാണാൻ കൊതിയായിട്ട്
ആരും കേൾക്കാതെ
ഉച്ചത്തിൽ
മക്കളെ എന്ന് വിളിച്ചത്.....
ആ പ്രതിധ്വനിയിൽ
ആനന്ദം കൊണ്ടത്.....
അങ്ങനെ
എല്ലാം എല്ലാം.....
ഒന്നും മറക്കരുത്
ഓർത്ത് ഓർത്ത് എഴുതണം.....
മറവികൊണ്ടുപോയ തൊക്കെയും
പിൻ നടത്തo നടത്തി
കണ്ടെത്തണം.....
അമ്മമാരുടെ
മുഖത്തെഴുത്ത്
വായിക്കുന്ന
ഭാഷ കൈമോശം
വന്ന മക്കൾ
എപ്പോഴാണ്
കണക്ക് ചോദിക്കുക
എന്നറിയില്ല.....
തുലാസ് വെച്ച് സ്നേഹം
അളക്കുക എന്നറിയില്ല.....
സർവ്വതും തകർന്ന്
അങ്ങനെ നിൽക്കുമ്പോൾ
സ്വയം ബോദ്ധ്യപ്പെടുത്താനെങ്കിലും
കണക്ക് നോക്കണ്ടെ......


എം.എ.ബിന്ദു.

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം