ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

 ഓർമ്മകളുടെ ഉരു 

ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ്

എം.സുബൈർ 

          അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതുവേ പറയുമെങ്കിലും ചാവക്കാട് ,പൊന്നാനി, വെളിയങ്കോട്, ചങ്ങരംകുളം, തരൂർ എന്നിവിടങ്ങളിലുള്ളവരായിരുന്നു ഏറെയും. ആലപ്പുഴയിലെ കൊപ്രാ കന്നിട്ടകളിലും ചുക്ക്, കുരുമുളക്, അടക്കമുതലായവയുടെ പണ്ടകശാലകളിലുമായിരുന്നു ഇവരുടെ ജോലി.


ആർ.ഡി.ഷാ & കമ്പനി, മധൂക്കർ, ഹനുമാൻ ട്രേഡിങ്ങ് കമ്പനി എന്നീ ഗുജറാത്തികളുടെയും വിജയ ഓയിൽ മിൽസ്, ബാബു ഓയിൽ മിൽസു്, സ്വാമി& കമ്പനി മുതലായവയയും ആയിരുന്നു അറിയപ്പെടുന്ന കമ്പനികളിൽ ചിലത്. അന്നൊക്കെ രാപകൽ കെട്ടുവള്ളങ്ങളിൽ നിന്നും കമ്പനികളിലേക്കും ലോറികളിലേക്കും തിരിച്ചും ചരക്കുകൾ കയറ്റി ഇറക്കി കൊണ്ടിരിക്കും. കല്ലുപാലം മുതൽ പള്ളാത്തുരുത്തി വരെ കെട്ടുവള്ളങ്ങൾ നിറഞ്ഞൊഴുകിയിരുന്ന കാലം. കോമേഴ്സ്യൽ കനാലിന്റെ ഇരുവശത്തുമുള്ള റോഡുകൾ നിറയെ ലോറികളും. ആ ജോലി ഒക്കെ ഈ മലപ്പുറത്തുകാർ ആണ് ചെയ്തിരുന്നത്.പൊതുവേ ശാന്തശീലരും സ്നേഹമുള്ളവരും ദൈവ വിശ്വാസികളുമായിരുന്നു അവർ. തലയിലൊരുകെട്ട്, വരയൻ അണ്ടർ വയർ കാണത്തക്കരീതിയിൽ മടക്കി കുത്തി കൂട്ടം കൂട്ടമായ്റോഡുകളിലും ചായക്കടകളിലും അവർ നിറഞ്ഞ് തുളുമ്പുമായിരുന്നു. അബ്ദു, മൊയ്തുണ്ണി, കുഞ്ഞിപ്പ, കുഞ്ഞിമരക്കാർ, എന്നിങ്ങനെ പ്രത്യേകതരം പേരുകളായിരുന്നു അവരുടേത്. എത്ര തിരക്കുപിടിച്ച ജോലികൾക്കിടയിലും നമസ്കാരം ഒഴിവാക്കിയിരുന്നില്ല. സന്ധ്യവരെ ചുമട് ചുമന്ന് ചുങ്കം തോട്ടിൽ ഇറങ്ങി ഒരു നീന്തിക്കുളി.ഒമ്പത് മണിയോടെ കോൽക്കളി,റെമ്മികളി, നെരകളി, മുതലായ വിനോദങ്ങൾ.കേൽക്കളി ശാരീരികാദ്ധ്വാനം വേണ്ടതും വളരെ രസകരവുമാണ്. ഇതൊക്കെ കഴിഞ് ഒരു മണിയോടടുപ്പിച്ച് ഉറക്കം. വെളുപ്പിന് അഞ്ച് മണിക്ക് എല്ലാവരും പള്ളിയിൽ കാണും. രണ്ടോ മൂന്നോ മാസം കൂടുമ്പോളാണ് നാട്ടിലേക്ക് പോക്ക്. ഇന്നത്തെ ഗൾഫുകാരെപ്പോലെ വീട്ടിലേക്കുള്ള സർവ്വസാധനങ്ങളും കൊള്ളുെന്ന വലിയൊരു റെയിൽവെ പെട്ടിയുമായാണ് നാട്ടിലേക്ക് പോകാറു്.അപൂർവ്വം ചിലർ ആലപ്പുഴയിൽ കല്ലാണം കഴിച്ച് ഇവിടെ കൂടിയിട്ടുണ്ട്. അക്കാലത്ത് ബോംബെയിലും മദ്രാസിലുമായിരുന്നു പാസ്പോർട്ട് ഓഫീസുകൾ. നമ്മുടെ നാട്ടിൽ പാസ്പോർട്ട് എടുക്കുന്നതിനെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. എങ്ങനെയൊക്കെയോ പാസ്പ്പോർട്ടി നുള്ള ആപ്ലിക്കേഷൻ ഫോം കൈക്കലാക്കി. അന്നു മുതൽ അസമാധാനം എന്ന ചെകുത്താൻ അവനു ചുറ്റും ഭ്രമണം ചെയ്തു തുടങ്ങി.ഒരു പാട് നൂലാമാലകൾ തരണം ചെയ്ത്, അയയ്ക്കലും തിരിച്ചയക്കലുംമൊക്കെ കഴിഞ്ഞ് പാസ്പ്പോർട്ട് കിട്ടി. അന്നു മുതൽ വിസയ്ക്ക് വേണ്ടിയുള്ള നീററൽ ആരംഭിച്ചു.ആലപ്പുഴക്കാരായ മൂന്നാ നാലോ പേരെ അക്കാലത്ത് പേർഷ്യ കണ്ടിട്ടുള്ളൂ. അതിൽ ചിലർ ബഹറേനിക്കോയ, ടൗൺ ഹോട്ടൽ ബേബി, ചിത്രകാരനായ കാച്ചു എന്നിവരാണ്. അന്വേഷണത്തിന്റെ അവസാനം ഒരു മലപ്പുറത്തുകാരൻ വിസ കൊടുക്കാമെന്നേറ്റൂ, അയ്യായിരത്തി അഞ്ഞൂറു രൂപയ്ക്ക്.അങ്ങിനെ മലപ്പുറം തൃശൂർ മുതലായ സ്ഥലങ്ങളിൽ നിന്നുള്ള ഭാഗ്യാന്വേഷികളുടെ ഗ്രൂപ്പു വിസയിൽ അവനും ഇടം കിട്ടി. നന്നേ ചെറുപ്പം മുതൽ ധാരാളം സുഹൃത്തുക്കളെ കൊണ്ട് അനുഗ്രഹീതനായിരുന്നു അവൻ. കലാലയ ജീവിതത്തിൽ കോളേജിനു് പുറത്തുള്ളവരുമായാണ് അധികവും സൗഹൃദം പങ്കിട്ടിരുന്നത്. അന്ന് ആലപ്പുഴ കളക്ട്രേറ്റിസ് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. പഞ്ചാര മണൽ വിരിച്ച മൈതാനത്തിന് നടുവിലായിരുന്നു അത്. ആ മൈതാനത്ത് ഏകദേശം ഇരുപതോളം സുഹൃത്തുക്കൾ ഒന്നിച്ച് കൂടും.എട്ടു മണിയോട് കൂടിസംഘം കടപ്പുറം ലക്ഷ്യമാക്കി നീങ്ങും. ആ സമയത്ത് കടൽപ്പുറത്ത് കടലമ്മ മാത്രമെ കാണൂ.ആലപ്പി അഷ്റഫ് എന്ന് പിന്നീടു് അറിയപ്പെട്ട പാട്ടുകാരൻ അവരെ പാട്ടിന്റെ ലോകത്തേക് കൂട്ടികൊണ്ട് പോകും. പാട്ടും കഥകളും തമാശകളുമായ് സമയം പോകുന്നതറിയില്ല. ഇരുട്ട്ഘനീഭവിക്കുന്നതിനനുസരിച്ചു് ഓരോരുത്തരായ് പിരിഞ്ഞു പോകും. അവസാനം രണ്ടു മൂന്ന് പേർ മാത്രമാകും. ആ വിജനതയിൽ കടലിന്റെ ഇരമ്പൽ കേട്ട് നക്ഷത്രങ്ങളുമായ് കിന്നരിച്ച് മലർന്നു കിടക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാനാവില്ല. പറഞ്ഞു വന്നത് ഈ സുഹൃത്തുക്കളൊക്കെയും അവൻ പേർഷ്യക് പോകന്നു എന്ന വളരെ വലിയ സംഭവത്തിന്റെ തലേ ദിവസം അവന്റെ വീട്ടിൽ അക്ഷരാർത്ഥത്തിൽ അടിച്ചു പൊളിച്ചു. ഏകദേശം നാൽപതു പാട്ടുകളോളം അഷ്റഫ് അന്ന് പാടി. സംഗീതം അന്നുമിന്നും അവന്റെ ദൗർബല്യമാണ്. ഹൈസ്കൂൾ പഠനകാലത്ത് നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനം, രഞ്ജിനിക്കുവേണ്ടിയുള്ള കാത്തിരിപ്പും രാവിലെ വിവിധ് ഭാരതി യിലെ ആപ് കിപർമായി ഇശും ,സിലോൺ പ്രക്ഷേപണനിലയത്തിന്റെ ബിനാക്കാ ഗീത് മാലയും അമീൻ സയാനിയുടെ ശബ്ദമാധുര്യവും കേൾക്കാതെ സ്കൂളിൽ പോയാൽ പഠിപ്പിക്കുന്ന തൊന്നും തലയിൽ കയറില്ലായിരുന്നു. അത് അന്നേ സംഗീത ബാധകൂടിയതിന്റെ ലക്ഷത്തങ്ങളായിരുന്നു. ഒരു സന്ധ്യയ്ക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇരുപതോളം പേരുടെ തെഞ്ചാടിപ്പുകൾ അകന്നകന്നു പോയ്.രണ്ടു രാത്രിയും ഒരു പകലും കൂവിയും വളഞ്ഞു പുളഞ്ഞോടിയും കിതച്ചും ബോംബെ എന്ന മഹാനഗരത്തിലെ ദാദറിൽ എത്തിയ കരിവണ്ടിയിൽ നിന്നും ഇറങ്ങിയവർ തമ്മിൽ തിരിച്ചറിയാൻ പേര് വിളിച്ച്‌ ചോദിക്കേണ്ടതായി വന്നു. അതിലൊരു പേര് സുബൈർ എന്നായിരുന്നു. ബമ്പയ്(ബോംമ്പൈ) സ്റ്റേഷനിൽ സെയ്ത് എന്ന രക്ഷകൻ ഏജന്റിന്റെ വേഷത്തിൽ ഞങ്ങളെ സ്വീകരിച്ചു. ബീണ്ടി ബസാറിൽ ബിസ്തർ മുല്ലയിലെ റഫീക് ഹോട്ടലിനടുത്തുള്ള ലോഡ്ജിലായിരുന്നു ഞങ്ങൾക്ക് താമസമൊരുക്കിയിരുന്നത്. 30 കട്ടിൽ നിരത്തിയിട്ടിരിക്കുന്നൊരു ഹാളും ഒരു മുറിയും. അതാണ് ലോഡു്ജ്.നെല്ല്, ദ്വീപ് എന്നീ സിനിമകളുടെ നിർമ്മാതാവു് N.P. അബു ആ മുറിയിലാണ് താമസിച്ചിരുന്നത്. സാഫാരി സൂട്ടിൽ സുഗന്ധം പൂശി എപ്പോഴും സുസ്മേരവദനനായി കാണപ്പെടുന്ന സുന്ദരനായ മധ്യവയസ്കൻ .അദ്ദേഹം ദ്വീപ് എന്ന സിനിമ നിർമ്മിക്കാൻ തുടങ്ങുന്ന കാലം. ആലപ്പി അഷ്റഫിന് ഒരു പ്രധാന വേഷം.( പിന്നീടു് നടനും നിർമ്മാതാവുമായി തീർന്ന ,മിമിക്രിയെ പോപ്പുലറാക്കിയ അഷ്റഫ്) ആലപ്പുഴക്കാരനും അഷറഫിന്റെ സുഹൃത്തും ആയതിനാൽ ആ ഗ്രൂപ്പിൽ എനിക്ക് പ്രത്യേക പരിഗണന. അക്കാലത്തെ ബോബേയുടെ പേടിസ്വപ്നമായ ബോംബെ മജീദും ആലപ്പുഴക്കാരനായിരുന്നു.മജീദിക്കയെ പ്പ ററി ഒരുപാടു് കഥകൾ പ്രചരിച്ചിരുന്നു. ആറടി ഉയരത്തിൽ നീണ്ട് നിവർന്ന് ആരും കണ്ടാൽ ഒന്ന് കൂടി നോക്കി പോകുന്ന അദ്ദേഹം, ലംബു മജീദു്, തൽവാർ മജീദ് എന്നിങ്ങനെ ഒക്കെ അറിയപ്പെട്ടിരുന്നു.കൈത്തണ്ടയിൽ തിളങ്ങുന്ന റാഡോ വാച്ചും വിരൽ നിറയെ മോതിരങ്ങളും കഴുത്തിൽ സ്വർണ്ണ ചങ്ങലയുമണിഞ്ഞ് ഒരു പാട് പരിവർത്തനം വരുത്തിയ ബുള്ളറ്റിലും ജീപ്പിലും പാഞ്ഞ് പോകുന്നത് കാണാം.ഒരിക്കൽ കാമാട്ടിപ്പുരയിലകപ്പെട്ട മലയാളി പെൺകുട്ടിയെ ഒറ്റക്ക് ചെന്ന് അറിയപ്പെടുന്ന അവിടുത്തെ ദാദാ മാരുടെ നേതാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് മൂന്നാം നിലയിൽ നിന്നും ഒരു കയ്യിൽ പെൺകുട്ടിയേയും മറുകയ്യിൽ കത്തിയുമായി ഇറങ്ങി വന്ന സാഹസികൻ. വളരെ കാലം അന്തനായ ആ പഴയ ദാദ ബിസ്തി മുല്ലയിൽ കൂടി നടക്കുന്നത് കാണാമായിരുന്നു.അങ്ങനെ എത്ര എത്ര കഥകൾ.പക്ഷേ ന്യായത്തിനു വേണ്ടി മാത്രം കലമ്പൽ കൂട്ടിയിരുന്ന പാവങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹമെന്ന് പിന്നീട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.രണ്ടാമതുള്ള എന്റെ ദുബൈ യാത്രയിൽ ഞാൻ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്.തലേ ദിവസം വലിയൊരു റെസ്റ്റോറന്റിൽ കൊണ്ടു പോയ് നല്ലൊരു വിരുന്നുംതന്ന് പിറ്റേ ദിവസം എയർപ്പോർട്ടിൽ കൊണ്ടു പോയ് എന്നെ യാത്രയാക്കിയ തനി പച്ചമനുഷ്യൻ. ബമ്പയിലെ ഗല്ലികളിലെങ്ങും സാബരി ബ്രദേഴ്സ് ഒരു കൈ ചെവിയിലും മറുകൈ ആകാശത്തേക്ക് നീട്ടിയും 'ജും ബറാബറ് ജും ശരാബി ജും ബറാബറു്ജും' പെരുക്കുകയാണ് അവരുടെ ഡോലി എവിടെയെല്ലാമോ തട്ടി അവസാനം മനുഷ്യരുടെ ചങ്കിലാണ് ഇടിച്ച് നില്ക്കുന്നത്. ഹാർമോണിയത്തിൽ നിന്നും വണ്ടുകൾ പറന്നിറങ്ങി ചെവിയിലൂടെ കയറി തലക്കുള്ളിൽ മുളിപ്പറന്നു കൊണ്ടിരുന്നു. എങ്ങും ഉത്സവമൂഡു്. സുന്ദരന്മാരായ ആൺകുട്ടികൾക്കൊന്നും മീശ ഇല്ലാത്തത് കൊണ്ടും വസ്ത്രധാരണത്തിലെ പ്രതേക തകൊണ്ടും ആൺ പെൺ തിരിച്ചയറിലിന് അല്പം ബുദ്ധിമുട്ട് തോന്നി. കാഴ്ചയുള്ളൊരാൾ എട്ട് പത്ത് അന്ധരേയും കൂട്ടി സംഘഗാനാലാപനത്തിലൂടെ അഷ്ടിക് വക തേടുന്നു.ചെവിക്കുള്ളിൽ നിന്നും ചെവിക്കായം നീക്കം ചെയ്ത് ജീവിക്കുന്നു ഒരു കൂട്ടർ.തേൽ മാലീഷ് ചെയ്ത് ജീവിക്കുന്ന മറ്റൊരു കൂട്ടർ. തന്തൂർ റൊട്ടിയും ദാലും ഇപ്പോൾ കിട്ടും എന്ന് കരുതി ചെറിയ ഹോട്ടലുകൾക്ക് മുൻപിൽ താടിയും മുടിയും നീട്ടി വളർത്തി പ്രാകൃതരായ്, അലസരായ് കൂട്ടം കൂടി ഇരിക്കുന്ന ഭിക്ഷക്കാർ.അമ്പലങ്ങളുടെയും പള്ളികളുടെയും മുൻപിൽ നിന്നും നഷ്ടപ്പെടുന്ന ചെരുപ്പുകൾനിമിഷങ്ങൾക്കകം വില കൊടുത്ത് തിരികെ വാങ്ങൻ പറ്റുന്ന ചോർ ബസാർ.ആകർഷകമായ ഫോറിൻ സാധനങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്ന ഗ്രാഫറ്റ് മാർക്കറ്റ്. പത്തൊമ്പത വയസ്സു മാത്രമുള്ള എനിക്ക് അലാവുദ്ധീന്റെ അത് ഭൂതവിളക്കായിരുന്നു ബോബെ .ഓരോ പ്രാവശ്യവും ഇവിടെ വരുമ്പോൾ ഞാൻ കാണുന്നത് പുതിയ പുതിയ ബോബെയാണ്. "ഷോലെ "മൂന്നര വർഷം ഒരേ തീയറ്ററിൽ കളിക്കുന്നതും, നാല്പതോളം പേർ ഒരു റൂമിൽ താമസിക്കന്നതുമൊ ക്കെ എങ്ങിനെ അത്ഭൂതമല്ലാതാകും.(പെട്ടികൾ എല്ലാം മുറിയിൽ .കൂടെ കുറച്ച് ചൂടി കട്ടിലും. രാത്രിയാകുമ്പോൾ ചൂടിക്കട്ടിൽ റോഡരുകിൽ ഇട്ട് അതിൽ കിടന്നുറങ്ങും.രാവിലെ ഹമാമിൽ (പണം കൊടുത്ത് പ്രാധമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ള ബാർബർഷാപ്പ്) കുളിയും മറ്റും. ജോലി അങ്ങ് ബോമ്പയിലെന്നാണ് പറച്ചിൽ പക്ഷെ ജീവിതം ഇങ്ങിന ഒക്കെയാണ്.ചൂടിക്കട്ടിലിന്റെ അടിയിൽ കൂടി പലപ്പോഴം മലിനജലം ഒഴുകുന്നുണ്ടാകും.ഓരോരോ ജീവിതങ്ങൾ. വരുമാനമൊന്നുമില്ല കൂട്ടരേ ബോമ്പയിൽ ഇങ്ങനെ കറങ്ങി നടക്കാൻ .കൂടാതെ പേർഷ്യൻ സ്വർണ്ണഖനികൾ മാടി വിളിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനി നിങ്ങളെ ദുബൈയിലേക്ക് കൊണ്ടു പോകുകയാണ്. കപ്പലായരുന്നു ഗൾഫിലേക്കുള്ള പ്രധാനയാത്രോപാധി. മാസങ്ങളോളം ടിക്കറ്റിനു വേണ്ടിയുള്ള കാത്തിരിപ്പിൽ ആവേശമൊക്കെതണുത്ത് നനഞ്ഞ പടക്കം പോലെയായ ഞങ്ങളെ ബോബെ എന്ന മഹാനഗരം ഒട്ടും സ്വധി നിക്കാതെയായ്.മനസ്സ് പകുതി നാട്ടിലും പകുതി പേർഷ്യയിലുമാ യിരുന്നു.പിന്നെ എങ്ങിനെ ഗേറ്റ് വേ ഓഫ് ഇന്ത്യയും മലബാർ ഹില്ലും ജൂഹുവുംമൊക്കെ ആസ്വദിക്കാൻ പറ്റും? കൈ നിറയെ പണവുമായി തിരികെ വരട്ടെ അപ്പോൾ നോക്കാം. എങ്കിലും ചെന്നിറങ്ങിയ ആവേശത്തള്ളിച്ചയിൽ ഈ സ്ഥലങ്ങളൊക്കെ ഉമ്മർ എന്ന സുഹൃത്തിന്റെ സഹായത്താൽ കാണുവാൻ സാധാച്ചു .എല്ലാവരെയും പോലെ ഏറ്റവും ആദ്യം കണ്ടത് കാമാത്തിപ്പുര എന്ന റെഡ് സ്ട്രീറ്റായിരുന്നു. രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ എം.എസ്സ്.ദുംറ എന്ന കപ്പലിൽ ഞങ്ങൾക്ക് ടിക്കറ്റ് ശരിയായി.ദ്വാരക, അക്ബർ, ഹർഷ വർദ്ധന എന്നിവയായിരുന്നു മറ്റു കപ്പലുകൾ. കപ്പൽ എന്ന കേൾക്കുമ്പോൾ ആഡംബര കപ്പലാണെന്നൊന്നും ധരിച്ചേക്കരുത്. കൈയ്യിലുള്ള സ്വന്തം ബെഡ്ഷീറ്റ് വിരിച്ച് നിരനിരയായ് കിടന്നു കൊള്ളണം. നാലു ദിവസത്തെ ഇരിപ്പും കിടപ്പും മഹാബോറായിരുന്നു. വൈകുന്നേരങ്ങളിൽ ചിലർ മു കൾത്തട്ടിലിരുന്ന് നീലാകാശത്തേക്കും അന്നന്തമായ കടലിനെയും നോക്കി സ്വപ്നം കണ്ടു കൊണ്ടിരുന്നു. 

മറ്റു് സമയങ്ങളിൽ റമ്മി കളിച്ചും സൊറ പറഞ്ഞും ഉറങ്ങിയും, മദ്യപിച്ചും കഴിച്ചുകൂട്ടി. രണ്ടു കാന്റീനും ഒരു മദ്യശാലയും പോരെ നാലു ദിവസത്തെ യാത്രക്ക്.അങ്ങിനെഒരു കപ്പൽ സ്വപ്നവും മോഹങ്ങളും പടിഞ്ഞാറേക്ക് യാത്ര തിരിച്ചു. മനുഷ്യരുടെ മനസ്സുകൾ പ്രകാശവേഗത്തിൽ നാട്ടിലേക്കും ബോമ്പയിലേക്കും ദുബൈയിലേക്കും നഞ്ചരിച്ചു കൊണ്ടിരുന്നു.എന്നാൽ ആ വൃദ്ധനായകപ്പൽ പകൽ 13ഉം രാത്രി 20 ഉം നോട്ടിക്കൽ സ്പീഡിൽ ഇഴഞ്ഞു നീങ്ങി. കപ്പലിൽ ഗർഭപാത്രത്തിൽ നിന്നും പറിച്ചെറിഞ്ഞ വളർച്ച എത്താത്ത ഭ്രൂണത്തേ പോലെ, എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു തോന്നൽ. വേർപാടിന്റ നീറ്റലും പുതിയ ലോകത്തേ കുറിച്ചുള്ള ആകാംക്ഷയും അകത്ത് കിടന്നു് പുകയുന്നുതുകൊണ്ടാകാം യാത്രക്കാരിൽ (90% പേരുടെയും ആദ്യ യാത്രയാണ്.) ഏറെപ്പേരുടെ മുഖങ്ങളുംഅത്ര പ്രസന്നമായിരുന്നില്ല. ഒരു പുല്ലാങ്കുഴൽ ഗാനം പോലെ പടിഞ്ഞാറൻ കാറ്റ് വീശിക്കൊണ്ടേ ഇരുന്നു. എന്തോ? അതിന് വിയർപ്പിന്റെ മണമായിരുന്നു. കണ്ണീരിന്റെ രുചിയും. രണ്ടാം ദിവസം പ്രക്ഷുബ്ധമായ പാക്കിസ്ഥാൻ കടലിലെത്തി.അതവളുടെ സ്ഥായിയായ ഭാവമാണ്. കടൽ ചൊരുക്കു കൊണ്ടു് പലരും ഛർദ്ദിച്ച് അവശരായി, തല പൊക്കാൻ കഴിയാതെ കിടന്നു പോയി. പാക് കടൽ എന്നും യാത്രക്കാർക്ക് ഒരു പേടി സ്വപ്നമാണ്. കാന്റിനിന്റെ മുമ്പിലെ ക്യൂവിൽ നിന്നും ഒരു മലയാളിയെ തള്ളിമാറ്റിയതിന് അഞ്ചോളം സർദാർജികളെ ഒറ്റക്ക് ഇടിച്ചൊതുക്കിയ ഒരു കാസർകോട് കാരൻ ഇച്ച (ഇക്കാ) മനുഷ്യമനസ്സിന്റ ശക്തി എന്താണെന്ന് കാണിച്ചു തന്നു. ഒരു പരിചയവുമില്ലാത്ത മലയാളിക്കു വേണ്ടിയാണ് അയാൾ ഇത്രയും റിസ് ക്കെടുത്തത്.കപ്പലിൽ സിഗററ്റും ചോക്കളേറ്റും വിറ്റു ജീവിക്കുന്ന ആളായിരുന്നു അദ്ദേഹം.പിന്നീട് വളരെ നാളുകൾക്ക് ശേഷം റാസൽഖൈമയിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനുള്ള ടാക്സി സ്റ്റാന്റിൽ ഒരു കഫ്റ്റീരിയ നടത്തിയിരുന്നു അദ്ദേഹം. പഠാണികൾ, ബലൂച്ചികൾ, പാക്കിസ്ഥാൻപഞ്ചാബികൾ എന്നിവരായിരുന്നു ടാക്സി ഡ്രൈവറന്മാർ. അവരുടെ ഇടയിൽ ഒരു കഫ്റ്റീരിയ നടത്തി വിജയിപ്പിക്കുവാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. മൂന്നാം ദിവസം രാത്രി ആളെ ഇറക്കുവാനായി മസ്ക്കറ്റ് പോർട്ടിൽ കപ്പൽ ഹാംഗർ ചെയ്തു. രാത്രി മസ്ക്കറ്റ് അതി മനോഹരിയാണ്. സോഡിയം വേപ്പർ ലൈറ്റുകൾകൊണ്ടൊരു വർണ്ണക്കൂട്ട്! മലകൾ നിറഞ്ഞ മസ്ക്കറ്റിന്റെ മാറിലൂടെ താഴേയ്ക്കും മുകളിലേക്കും ഒഴുകുന്ന വാഹനങ്ങളുടെ പ്രകാശംകൂടിയാകുമ്പോൾ ഭ്രമാത്മകമായൊരു ലേസർ ഇൻസ്റ്റലേഷൻ പോലെ തോന്നി. നാലാം ദിവസം വൈകിട്ട് ആ സ്വപ്നം യാഥാർത്ഥ്യമാകും എന്നായിരുന്നു കരുതിയിരുന്നത്.എന്നാൽ പോർട്ട് ക്ലിയർ ആകാതിരുന്നതിനാൽ പിറ്റേദിവസം മാത്രമേ കരക്കിറങ്ങാൻ കഴിയൂ എന്നറിഞ്ഞു. 


സന്ധ്യയ്ക്ക് തന്നെ ഞങ്ങളുടെയൊക്കെ പാസ്പോർട്ട് ,ഇമിഗ്രേഷൻ ക്ലിയറൻസിനു വേണ്ടി സെയ്ത് വാങ്ങി കൊണ്ടുപോയി. രാവിലെ തന്നെഅത് തിരികെ തന്നു. പുറത്തേക്കിറങ്ങു വാനുള്ള ക്യൂവിൽ വച്ച് ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്നവരിൽ ചിലരെ മാറ്റി നിറുത്തി, നിങ്ങളുടെ കൂട്ടത്തിൽ ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു .അവർ ക്യൂവിൽനിന്നിരുന്ന ഞങ്ങളിൽപെട്ട മറ്റുള്ളവരെ കാണിച്ചു കൊടുത്തു. എല്ലാവരും മാറ്റി നിർത്തപ്പെട്ടു. അപ്പോഴാണ് ഞങ്ങൾക്ക് പറ്റിയ ചതി മനസ്സിലാകുന്നത്.അങ്ങിനെ ഒരുവിസ ഗവൺമെന്റിന്റെ അറിവിൽ ഇഷ്യൂ ചെയ്യപ്പെട്ടിട്ടില്ല. നേരത്തേ കണക്കു കൂട്ടിയതനുസരിച്ച് ഇമിഗ്രേഷൻ സീൽ, സെയ്ത് തന്നെ നിർമ്മിച്ച് കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ പിഴച്ചു.തലേദിവസത്തെഡേറ്റായിരുന്നു സീലിൽ.ഞങ്ങൾ ഇരുപത്തിനാലു പേർ ചെയ്യാത്ത കുറ്റത്തിന് പിടിക്കപ്പെട്ടു. സെയ്ത് മാന്യമായി പുറത്തിറങ്ങി ഒളിവിൽ പോയി. തടവറകൾ ഞങ്ങളെ നേരെ കൊണ്ടുപോയത് പോലീസ് സ്റ്റേഷനി (മുറൂർ)ലേക്കായിരുന്നു .UAEക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം (1971)അത് ദുബയുടെ ചരിത്രത്തിലെ ആദ്യത്തെ വിസാ തട്ടിപ്പു കേസായിരുന്നു. പോലീസ് വാനിന്റെ അഴികളിലൂടെ ഞങ്ങൾ ദുബൈ എന്ന മോഹിനിയെ കണ്ടു. മരുഭൂമിക്ക് നെടുകേയും കുറുകേയും നീണ്ടു നിവർന്നു കിടക്കുന്ന കരിനാഗങ്ങൾക്കിരുവശവും കെട്ടിപ്പൊക്കാൻ തുടങ്ങിയ അസംഖ്യം കെട്ടിട സമുച്ചയങ്ങളിൽ പണി തീർന്നവ നന്നേ കുറവ് .സ്വന്തം നാട്ടിലെ ഗതികേടുകൊണ്ട് ഒരു കരപറ്റാനായ് എത്തിപ്പെട്ട 'പേർഷ്യക്കാർ 'എന്ന് നാട്ടിലറിയപ്പെടുന്ന മനുഷ്യ കോലങ്ങളെ ഡസേർട്ട് ഷൂവും ഹെൽമറ്റും ധരിപ്പിച്ച് കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെ തണുത്ത വെളുപ്പാൻകാലത്ത് പിക്കപ്പ് വാനുകളിൽ അട്ടിയിട്ട് കൊണ്ടു പോകുന്ന കാഴ്ച ഹൃദയഭേദകമാണ്.അംബാസിഡറും ഫിയറ്റും മാത്രം കണ്ടിരുന്ന കണ്ണൂകൾക്ക് ലോകത്തിലുള്ള എല്ലാത്തരം വാഹനങ്ങളും കൗതുകം പകർന്നു. ഇടക്ക് ഒട്ടകത്തെ തെളിയിക്കുന്നവരേയും കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ബദുക്കൾ എന്ന തനി നാടൻ അറബികളെയും കാണാൻ കഴിഞ്ഞു.ആദ്യത്തെകേസ്സായത്കൊണ്ട് ഗവൺമെന്റിനും അറിയില്ലായിരുന്നു ഇതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് .പോലീസ്‌ സ്റ്റേഷനിൽ നിന്നും പോലീസ് സ്റ്റേഷനുകളിലേക്ക് ഞങ്ങൾ നിരന്തരം മാറ്റപ്പെട്ടു കൊണ്ടിരുന്നു. ദിവസത്തിൽ പത്തു പ്രവശ്യമെങ്കിലും നിരത്തി നിർത്തി എണ്ണമെടുക്കും, ചോദ്യം ചെയ്യും പേരു വിളിച്ച് ഉറപ്പ് വരുത്തും, ആരും ചോർന്നു പോയിട്ടില്ലെന്ന് .ഞങ്ങൾ കുറ്റക്കാരല്ലെന്നും ചതിയിൽപ്പെട്ടതാണെന്നും അവർക്കറിയാമായിരുന്നതുകൊണ്ട് വലിയ ദേഹോപദ്രവം ഒന്നും ഇല്ലായിരുന്നു. പേരു് വിളിക്കുമ്പോൾ പലരും അനങ്ങില്ല, വിളിക്കുന്ന പേരും അവരുമായ് യാതൊരു ബന്ധവും കാണില്ല. കൂട്ടത്തിൽ ആരെങ്കിലും പറയും ബാലനെയാണ് വിളിക്കുന്നതെന്ന് ബാലൻ പെട്ടന്ന് കൈപൊക്കും.അപ്പോൾ കിട്ടും ഒരു പെട, നിന്റ പേരു് നിനക്കു തന്നെ അറിയില്ലെ എന്നു ചോദിച്ചു കൊണ്ട്.മണാളത്തുവളപ്പിൽ ബാലനാണ് അറബിയൽ ഫലാ ഫിൽ ഫലൻ ആയത്.ആദ്യ ദിവസം ഞങ്ങളെ താമസിപ്പിച്ച പോലീസ് സ്റ്റേഷൻ പുതിയതായിരുന്നു. പോലീസുകാർ മിക്കവരും ഇരുപത് വയസ്സോളം പ്രായമുള്ള പയ്യന്മാർ പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾക്കൊക്കെ പണികിട്ടി. സിഗററ്റ് കുറ്റി പെറുക്കൽ, തറ തുടക്കൽ, കക്കൂസ് കഴുകൽ .ഓഫീസ് റൂമിലെ നല്ല ഭംഗിയുള്ള കാർപ്പറ്റ് പോലീസുകാർ വെള്ളം പമ്പ് ചെയ്തുതന്ന് ഞങ്ങളെ കൊണ്ട് കഴുകിച്ചു. ന്നനഞാൽ ഉണങ്ങാൻ പ്രയാസമായിരിക്കുമെന്ന് അറിയാവുന്ന ഭാഷയിൽ പറഞ്ഞു നോക്കി. ഞങ്ങൾ പറയുന്നത് അവർക്കും അവർ പറയുന്നത് ഞങ്ങൾക്കും മനസ്സിലാകാതിരുന്നതുകൊണ്ട് ആ ദുരന്തം സംഭവിച്ചു കാർപ്പറ്റ് അണു ഇട ഉണങ്ങാൻ കൂട്ടാക്കിയില്ല. പിറ്റേ ദിവസം മുതൽ അത് നാറാൻ തുടങ്ങി.ഞങ്ങൾ ഇരുപത്തിനാലും ആറു പോലീസ്സുകാരും വേണ്ടിവന്നു അത് പുറത്തേക്കിടാൻ. പോലീസ് അകമ്പടിയോടെയുള്ള ദേശാടനത്തിനിടയിൽ പല ജയിലുകളിലേയും അന്തേവാസിക ളാകേണ്ടിവന്നു. ഒരിക്കൽ പുരാതനമായ ഒരു ജയി ലിലേക്കായിരുന്നു യാത്ര. ചെന്നപാടെ എല്ലാവർക്കും ഓരോ പ്ലേറ്റും, പ്ലാസ്റ്റിക് മഗ്ഗും ,രണ്ട് കമ്പിളിപ്പുതപ്പും കിട്ടി.ആ കമ്പിളികൾ ജീവിതത്തിൽ ഒരിക്കലും കുളിച്ചിട്ടുണ്ടാവില്ല! ഞങ്ങളെല്ലാവരും ഒരു ഹാളിൽ അടക്കപ്പെട്ടു.കൂട്ടിന് പത്ത് പതിനഞ്ച് തടവുകാരും.പഠാണികൾ, ബലൂച്ചികൾ, ഇറാനികൾ അഫ്ഗാനികൾ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ, വർഷങ്ങളായി ശിക്ഷ അനുഭവിക്കുന്നവർ. അവരെ ഒന്ന് നോക്കാൻ തന്നെ ഭയം തോന്നി. ഇതുപോലുള്ള മൂന്നു നാല് ഹാളുകൾ നിരനിരയായ് വേറെയും.കാലിലും കൈയിലും തുടലിട്ട് താടിയും മുടിയും വളർന്നു പ്രാകത വേഷധാരികളായി രണ്ടു മൂന്ന് കറുത്ത ആജാനബാഹുക്കളെ അങ്ങുമിങ്ങും കൊണ്ടു നടക്കുന്നുണ്ടായിരുന്നു.അവർ അക്രമവാസന ഉള്ളവരാണത്രെ! മറ്റു തടവുകാരെ അകത്തു കയറ്റിയതിന് ശേഷമേ അവരെ പ്രാഥമിക കാര്യങ്ങൾക്കായി പുറത്തിറക്കൂ അവരുടെ നോട്ടവും ഭാവവും പുറപ്പെടുവിക്കുന്ന അപരിചിതമായ ശബ്ദങ്ങളും ഡാർവിനെ ശരിവയ്ക്കുന്നതായിരുന്നു. ഭക്ഷണത്തിനുള്ള സമയമായതിനാൽ ചെന്നപ്പോൾ തന്നെ രണ്ടു തന്തൂർ റൊട്ടിയും വെജിറ്റബിൾ കറിയും ഒരു മഗ്ഗ്നിറയെ ചായയും കിട്ടി. ഈസ മൂസ എന്ന കാറ്ററിംഗ് കമ്പനിയാണ് ജയിലുകളിൽ ഭക്ഷണമെത്തിച്ചിരുന്നത്. അതിനാൽ അവരുടെ വാഹനം പടിക്കൽ എത്തുമ്പോൾത്തന്നെ ഓരോ ജയിൽപ്പുള്ളിയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും, ഈസ മൂസ ഈസ മൂസ എന്ന്. ഇതൊക്കെ അവരുടെ ഉള്ളിലെ വേദന മറക്കാനുള്ള മരുന്നുകളായിരുന്നു.ഇതു പോലുള്ള പല നമ്പരുകളും തടവറകളിൽ കാണാൻ കഴിയും. നല്ല ഭക്ഷണം പക്ഷേ എങ്ങനെ മനസ്സുറച്ച് കഴിക്കാൻ പറ്റും? എത്രയോ പേർ കഴിക്കുകയും കുടിക്കുകയും ചെയ്ത വൃത്തിയില്ലത്ത പാത്രവും മഗ്ഗും ! മനം മടുപ്പിക്കുന്ന കനപ്പു ഗന്ധം നിറഞ്ഞു നിൽക്കുന്ന അന്തരിക്ഷം. രാത്രി വളരെ വൈകിയും ചൂട് ചായ കിട്ടാൻ ഒരു സൂത്രമുണ്ട്, ബക്കറ്റുകളിൽ ആ ഹാളിലുള്ള എല്ലാവരുടേയും ചായ ഒന്നിച്ചൊഴിച്ച് രണ്ടു് മൂന്ന് കമ്പിളിപ്പുതപ്പു് കൊണ്ട് പൊതിഞ്ഞ് വെയ്ക്കും. ആർക്കു വേണമെങ്കിലും ആവശ്യമുള്ളപ്പോൾ അല്പാൽപ്പം ചൂടു നുകരാം .ജനുവരിയിലെ തണുപ്പിനെ നേരിടാൻ അതൊരായുധമായിരുന്നു. കൂട്ടത്തിൽ ഏറ്റവും ചെറുപ്പം ഞാനായിരുന്നതുകൊണ്ടാവാം വർഷങ്ങളായ് തടവിൽ കഴിയുന്ന ചില പുള്ളികൾ എന്നോട് വല്ലാത്ത സ്നേഹപ്രകടനം നടത്തി.അവരുടെ അശ്ലീലച്ചുവയുള്ള നോട്ടം മനസ്സിലാക്കിയ എന്നോടൊപ്പമുള്ള രണ്ടു മുതിർന്ന സുഹൃത്തുക്കൾ രാത്രി ഇരുവശവും ഉണർന്നു കിടന്നു് എന്റെ മാനം രക്ഷിച്ചു. രാവിലെ ടോയ്ലറ്റ് കണ്ടപ്പോഴാണ് ജീവിതത്തിൽ ഏറ്റവും വേദന തോന്നിയത്. എട്ടുപത്തു ടോയ്ലറ്റുകൾ അതിന്റെ അകത്തും പുറത്തും പരിസരത്തുമെല്ലാം കാര്യം സാധിച്ചിരിക്കുന്നു. ബോധം കെടുത്തുന്ന നാറ്റം. കണ്ണിൽ നിന്നും ചോര പൊടിഞ്ഞു. എങ്ങനെയാണ് ഇവിടെ കഴിച്ചുകൂട്ടുക? എത്ര ദിവസം ഇവിടെ കഴിയേണ്ടി വരും? ജീവിതത്തോടു് വല്ലാത്ത വിരക്തി തോന്നിയ നിമിഷങ്ങൾ! ഒറ്റ ദിവസം കൊണ്ട് ദുരവസ്ഥ അവസാനിച്ചു.രാവിലെ ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി. പുതിയ കെട്ടിടസമുച്ചയം. പുതിയ കിടക്കകൾ, പുതപ്പുകൾ, പാത്രങ്ങൾ... എല്ലാം പുതിയത്. ഒരു ഹാളിൽ ഞങ്ങളോടൊപ്പം എട്ടു പത്തു തടവ് പുള്ളികൾ .എല്ലാവരും കൂടി ഏതോ ഭാഷയിലെ പാട്ടുകൾ പാടി ഞങ്ങളെ സ്വാഗതം ചെയ്തു .പല പല കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ.പതിനൊന്നു വർഷങ്ങളായി ഒരു പ്രാവശ്യം പോലും വിചാരണ നേരിടാത്ത ഒരു കാശ്മീരിയും ഉണ്ടായിരുന്നു കൂട്ടത്തിൽ. എന്തിനാണ് താൻ അകത്തായത് എന്ന് അയാൾക്കും അറിവില്ലായിരുന്നു. ഓരോരോ ജന്മങ്ങൾ! ഒരു സുഡാനിയായിരുന്നു അവരുടെ നേതാവ്.ഒരു കുറ്റവാളിക്ക് വേണ്ട യാതൊരു യോഗ്യതയും അയാൾക്കില്ലയിരുന്നു. എപ്പോഴും ചിരിച്ചു കളിച്ച്തമാശകൾ പറഞ്ഞിരിക്കും. മൂന്നു നേരവും സുഭിക്ഷമായ ഭക്ഷണം.കൂടാതെ ഞങ്ങളെ കാണാൻ വരുന്നവർ കൊണ്ടുവരുന്ന പഴങ്ങളും മധുരപ ലഹാരങ്ങളും, എല്ലാവരുംകൂടി പങ്കുവയ്ക്കും. വെള്ളിയാഴ്ചകളിലാണ് കൂടുതൽ സന്ദർശകർ. എന്റെ ബന്ധുക്കളോ, നാട്ടുകാരോ അവിടെ ഇല്ലാതിരുന്നതിനാൽ എനിക്ക് സന്ദർശകർ ഇല്ലായിരുന്നു. വൈകുന്നേരങ്ങളിൽ സുഡാനി, ബക്കറ്റിൽ കൊട്ടി അവന്റെ ഭാഷയിൽ പാടും, നല്ല താളക്കൊഴുപ്പുള്ള ആഫ്രിക്കൻ ഗാനങ്ങൾ. ഞങ്ങൾ കൈകൾ കൊട്ടികൂടെപ്പാടും.പോലീസുകാരും കാതോർക്കും. പകൽ പല പല കളികളിൽ മുഴുകും.ഹാളിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തറയിൽ നിരത്തിയിട്ടിരിക്കുന്ന സ്പോഞ്ചിന്റെ കിടക്കപ്പുറത്ത്കൂടെ നിർത്താതെ തല കുത്തിമറിയുന്നത് ഒരു പ്രധാന വിനോദമാണ്. ആടിയുംപാടിയും ദിവസങ്ങൾ പോയതറിഞ്ഞില്ല.തങ്ങൾ തടവിലാണെന്നുള്ള കര്യം പോലും മറന്ന നിലയിലായിരുന്നു. എല്ലാവരും തിന്നും കുടിച്ചും ചുവന്നു തടിച്ചു. പോലീസുകാരൊക്കെ ചെറുപ്പക്കാരായിരുന്നു.അവർ ഡ്യൂട്ടിക്കു വരുമ്പോൾ എന്റെ പേര് ഉറക്കെ വിളിച്ചാണ് വരാറുള്ളത്. കൈയ്യിൽ പേപ്പറും പേനയും ഉണ്ടാകും.ഞാനവർക്ക്‌ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വരച്ചു കൊടുക്കും. അതവർക്ക് വലിയ സന്തോഷം നൽകി. നാളെ നിങ്ങൾക്ക് നാട്ടിലേക്ക് പോകാം. ഒരു പോലീസുകാരൻ (ശുർത്ത) കാതിൽ തേൻ കോരിയൊഴിച്ചു. അപ്പോഴേയ്ക്കു ആ തടവറയിൽ ഇരുപത്തെട്ടു ദിവസത്തെ വാസം കഴിഞ്ഞിരുന്നു. എതെങ്കിലും ഒരറബി വന്ന് ഞങ്ങളെ കൂട്ടികൊണ്ട് പോകും എന്ന് ഞങ്ങൾക്ക് പ്രതിക്ഷയണ്ടായിരുന്നു. ധാരാളം ജോലിക്കാരെ ആവശ്യമുണ്ടായിരുന്ന കാലഘട്ടമായിരുന്നുവല്ലോ അത്. നാൽപ്പത് ദിവസത്തെ ശിക്ഷ പിന്നെ നാടുകടത്തൽ അതായിരുന്നു കോടതി വിധി. നാട്ടിലേക്ക് പോകാമല്ലോ എന്ന് ഓർത്ത് എല്ലാവരും വളരെയധികം സന്തോഷിച്ചെങ്കിലും കൂടെ ഉള്ളവരെ പിരിയുന്ന കാര്യത്തിൽ വല്ലത്തൊരു വേദന തോന്നി. പൊടുന്നനെ മൗനത്തിന്റെ കനത്ത കരിമ്പടം പുതച്ചതു പോലെ!പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞവർ പോലുമുണ്ട്. തിരിഞ്ഞു നോക്കി നോക്കി കൈകൾ വീശി ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.ഒരു ഹൃദയമാറ്റ ശസ്തക്രിയപോലെ ഞങ്ങളിൽ പലരുടേയും ഹൃദയം അവരിലും അവരിൽ പലരുടേയും ഹൃദയം ഞങ്ങളിലും ആയിപ്പോയതു പോലെ! സീ പോർട്ടി ലേക്കുള്ള യാത്രയിൽ, തിരിച്ചുള്ള കപ്പൽയാത്രയെക്കുറിച്ചും നാട്ടിൽ ചെന്നിറങ്ങിയാൽ ബന്ധുമിത്രാദികളെ കാണുമ്പോഴുണ്ടാകുന്ന വികാര വിസ്ഫോടനത്തെക്കുറിച്ച് ആലോചിച്ചും, തിരികെ പോകാൻ കിട്ടുന്നത് ഇങ്ങോട്ടു വന്നതിനേക്കാൾ സൗകര്യങ്ങളും സൗന്ദര്യവുമുള്ള കപ്പലായിരിക്കണമേ എന്നുള്ള പ്രാർത്ഥനകളിലും ആയിരുന്നതിനാലാകണം ആരും പരസ്പരം അധികം മിണ്ടിയില്ല. മടക്കയാത്ര കടൽത്തീരത്ത് മുട്ടി ഉരുമി, പ്രണയിച്ചും പരിഭവം ചൊല്ലിയും കിടന്നിരുന്ന ലോഞ്ചുകളിൽ തീരെ കിളുന്ത് ലോഞ്ചിൽ ഞങ്ങളെ ഇരുത്തി പോലീസ് സലാം പറഞ്ഞു പിരിഞ്ഞു.ലോഞ്ചിൽ ആകെ ഒരു തട്ടേ ഉള്ളൂ ,അടിത്തട്ട്. മേലെ നീലാകാശം. മധ്യത്തിലെ എഞ്ചിൻ കഴിഞ്ഞുള്ള ഭാഗം ചില പെട്ടികളും ചാക്കുകെട്ടുകളും ഡ്രമ്മുകളും അപഹരിച്ചിരിക്കുന്നു. ബാക്കിയുള്ളിടത്ത് ഇരുപത്തിനാലു് പേർക്ക് കഷ്ടിച്ച് മുഖത്തോടു മുഖം നോക്കി ഇരിക്കാം. പുറംകടലിൽ കിടക്കുന്ന വലിയ ലോഞ്ചിൽ കൊണ്ട് വിടാനുള്ള കടത്തുവള്ളം മാത്രമായിരിക്കും അതെന്നാണ് ഞങ്ങൾ ധരിച്ചത്. പോകെപ്പോകെ അതു വെറും ധാരണ മാത്രമാണെന്നും 'രാംകുമാർ ' എന്ന ഒറ്റയാൾ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഈ യാനമെന്നും മനസ്സിലായി.രണ്ടു മൂന്നു ഡ്രമ്മുകളിലായി ഡീസൽ ,കുടി വെള്ളം പിന്നെ പലവ്യഞ്ജനങ്ങൾ.രണ്ട് റെയിൽവേപ്പെട്ടി നിറയെ സ്വർണ്ണ ബിസ്ക്കറ്റുകൾ,ഏതാനും പെട്ടികളിൽ മറ്റെന്തോ കള്ളക്കടത്തു സാധനങ്ങൾ ,കൈയ്യിൽ ഒരു റിവോൾവർ. ഒറ്റ എൻജിനും പുറകിൽ, നിയന്ത്രിക്കുന്ന പങ്കായവും. ഒരു മണ്ണെണ്ണ സ്റ്റൗ ,കുറച്ചു പാത്രങ്ങൾ, രണ്ടു മൂന്നു പെട്ടി റാണിജ്യൂസ് ഇതാണ് 1960 മോഡൽ ലോഞ്ച് . തെളിഞ്ഞനീലാകാശം. തണുത്ത കാറ്റു് വീശിക്കൊണ്ടേ യിരുന്നു. അടിത്തട്ട് കാണാവുന്ന നീലജലാശയം സുഖശയനത്തിൽ. പുറകിൽ സ്വപ്ന ഭൂമി ചെറുതായി ചെറുതായി അപ്രത്യക്ഷമായി. ലോഞ്ചിന്റെ സൈഡിലെ ഒരടി വീതിയുള്ള പടിയിലിരുന്ന് ഞങ്ങൾ സമയം തള്ളി നീക്കി. തെളിഞ്ഞ നീല കടൽജലത്തിൽ മത്സ്യങ്ങളും നല്ല ഭംഗിയുള്ള ആൽഗകളും നീന്തി തുടിച്ചുകൊണ്ടിരുന്നു. പറക്കുന്ന ചിലയിനം മീനുകൾ ലോഞ്ചിന്റെ ശബ്ദം അലോസരപ്പെടുത്തിയത് കൊണ്ടോ മറ്റോ ദൂരേക്ക് പറന്ന് രക്ഷപെടുന്നുണ്ടായിരുന്നു. സൂര്യൻ ഞങ്ങൾക്ക് ദീർഘായുസ്സ് നേർന്ന് യാത്ര പറഞ്ഞു, അതനുസരിച്ച് കാറ്റിന്റെ ശക്തിയും തണുപ്പും കൂടി വന്നു. ഫെബ്രുവരിയിലെ തണുപ്പ് അരിച്ചിറങ്ങി. ഞങ്ങൾ താഴേക്ക് വലിഞ്ഞു. കിടക്കാനുള്ള ഇടം ഇല്ലാതിരുന്നതിനാൽ ഇരുന്നു നേരംവെളുപ്പിച്ചു .കുറ്റാകുറ്റിരുട്ട്.എഞ്ചിന്റെ ശബ്ദം മാത്രം. ഒരു ദു:സ്വപ്നത്തിലെന്നെ വണ്ണം ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പുലർച്ചേ ഒറ്റ ബാന്റുള്ള റേഡിയോയിൽ ഒമാൻ കിട്ടാൻ തുടങ്ങി. എല്ലാ രാജ്യാതിർത്തിക്കും പുറത്തുള്ള കടലിൽ കൂടി മാത്രമാണ് ഞങ്ങൾക്ക് യാത്ര ചെയ്യാനുള്ള അനുമതി.അതിനാൽ യാത്രയിലുടനീളം ഒരൊറ്റപ്പെടലിന്റെ ഭീതി നിലനിന്നു. വളരെ അപൂർവമായ് മാത്രം ചില കപ്പലുകളും വലിയ ലോഞ്ചുകളൂം ദൂരെ ദൂരെ കാണുന്നുണ്ടായിരുന്നു. നാലും അഞ്ചും ചൂണ്ട, അതിൽ റോത്ത്മാൻ പോലുള്ള സിഗററ്റിന്റെ ഫോയിൽ പേപ്പർ ചുരുട്ടിക്കൊളുത്തി കടലിലേക്കെറിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ഒരു മത്സ്യം കുടുങ്ങിയിരിക്കും. അതായിരുന്നു ലോഞ്ചിലെ ഏക വിനോദം. അങ്ങനെ ലഭിക്കുന്ന മീനുകളായിരുന്നു ഭക്ഷണം. ഞങ്ങളുടെ കൂട്ടത്തിലെ ചിലർ നല്ല പാചകക്കാരായിരുന്നതിനാൽ രുചിയുള്ള ഭക്ഷണങ്ങൾ സമയാസമയങ്ങളിൽ കിട്ടിക്കൊണ്ടിരുന്നു. പക്ഷേ അൺലോഡു് ചെയ്യാനുള്ള മെക്കാനിസം വളരെ സങ്കീർണ്ണമായിരുന്നു. ഏറ്റവും പുറകിൽ ലോഞ്ചിന് പുറത്തായ് രണ്ടു വടത്തിൽ കെട്ടി തൂക്കി ഇട്ടിരിക്കുന്ന ഒരു പലക, പിടിച്ചിരിക്കാൻ തൂങ്ങി കിടക്കുന്നൊരു കയറും.പലപ്പോഴും പൃഷ്ഠം വെള്ളത്തിൽ മുട്ടും. കൈവിട്ടാൽ വമ്പൻ സ്രാവുകൾക്ക് ബ്രേക് ഫാസ്റ്റും പിന്നീട് എന്നെങ്കിലും ആ സ്രാവുകൾ നിങ്ങളിൽ ആരുടെയെങ്കിലും ഡിന്നറും ആകുമായിരുന്നു. ഈ അഭ്യാസത്തിന് തയ്യാറല്ലാതിരുന്നതിനാൽ അധികമാരും കാര്യമായ് ഭക്ഷണം കഴിക്കാറില്ലയിരുന്നു.മൂന്നാമത്തെ ദിവസം റേഡിയോ കറാച്ചി കിട്ടി. കപ്പലിൽ അങ്ങോട്ട് പോകുമ്പോൾ പലരും തലകുത്തി നിന്ന് ഛർദ്ദിച്ചത് ഓർമ്മയില്ലേ?അതേ കടൽ.പോകപോകെ കടൽ കലിതുള്ളാൻ തുടങ്ങി. തിരമാലകളില്ല, പക്ഷെ കടൽ ഞങ്ങളേയും കൊണ്ട് ഒരഞ്ചു നില കെട്ടിsത്തിന്റെ പൊക്കത്തിലേക്ക്‌ ഉയരും അതേപോലെ താഴും. താഴെയിരുന്ന് നോക്കുമ്പോൾ കടലിലെ ഒരു ഭീമാകാരമായ കുഴിയിൽ ഇരിക്കുന്നതു പോലെ തോന്നും. പാചകം അതോടെ അവസാനിച്ചു, വിശപ്പും. എൻഞ്ചിൻ ഒരു കരച്ചിലേടെ നിന്നു. ഡ്രൈവർ പഠിച്ച പണിയെല്ലാം പണിതു നോക്കി. എൻജിൻ കോമയിൽ തന്നെ. കടലിന്റെ കലി കൂടി കൂടി വരുന്നതനുസരിച്ച് ഞങ്ങളിൽ ഭയവും ഉത്ക്കണ്ഠയും ഏറി. ഞങ്ങൾ പ്രാർത്ഥനയിൽ മുഴുകി. പത്തു പന്ത്രണ്ട് മണിക്കൂർ കാറ്റിന്റെ ഗതിയനുസരിച്ച് നീങ്ങി. ആഹാരമില്ല, വിശപ്പില്ല, മിണ്ടാട്ടമില്ല. അപ്പോഴാണ് അടുത്ത പ്രഹരം. ഉണ്ടായിരുന്ന ഒരേയൊരു പാമരം ഒടിഞ്ഞു വീണു. ഞങ്ങളുടെ സപ്ത നാഡികളും തളർന്നു.എല്ലാവരും ഭയത്തിലും, അരക്ഷിതാവസ്ഥയിലുമായപ്പോൾ, ഏറ്റവും പ്രായം കുറഞ്ഞവനായിട്ടു കൂടി എന്നെ ഇതൊന്നും കാര്യമായി ബാധിച്ചില്ല.അതിന്റെ ഗുട്ടൻസ് സ്ഥിരമായി ഇങ്ങനെയാത്ര ചെയ്യുന്നൊരാൾ കൂടെ ഉള്ളപ്പോൾ എന്തിന് വേവലാതിപ്പെടണം എന്നുള്ള ചിന്തയായിരുന്നു.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അയാളും ഒന്നുലഞ്ഞു. അലറി വിളിക്കുന്ന കടൽ, ചത്ത എൻജിൻ, തകർന്നു വീണ പാമരം മുന്നിൽ രക്തം വറ്റി വിളറി വെളുത്ത ഇരുപത്തിനാല് സാധുക്കൾ. ' എല്ലാവരും ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുക' അയാൾ നിസ്സാ ഹയനായി. അപ്പോഴാണ് അതുവരെ ഒരു സാഹസിക യാത്രയുടെ മൂഡിലായിരുന്ന എന്നെ ഭയത്തിന്റെ ഒരു പടു കൂറ്റൻ തിരമാല വിഴുങ്ങിയത്.ഭയത്തിെന്റ ചുഴിയി ലകപ്പെട്ട് എന്റെ മനസ്സ് വട്ടംചുറ്റി. ഞങ്ങളേയും അഗാധമായ കടലിനേയും വേർതിരിച്ചിരിക്കുന്നത് വെറും രണ്ടിഞ്ച് ഘനമുള്ള പലക മാത്രമാണ്. ഓരോ തിരയിലും ഈ പലക ഇപ്പോൾ തകരും എന്നുള്ള ഭയവും അത് കഴിയുമ്പോൾ വല്ലാത്തൊരാശ്വാസവും.എൽജിൻ ചത്തു തന്നെ കിടന്നു. ഡ്രൈവർ അതുമായുള്ള മൽപിടുത്തം തുടർന്നു കൊണ്ടിരുന്നു. ലോഞ്ച് അഞ്ചാമതൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഓരോ തിരക്കും ,മുകളിലൂടെ അടിച്ചു കയറി വന്ന വെള്ളത്തിലിരുന്ന് ഞങ്ങൾ വീടിനെക്കുറിച്ചും മാതാപിതാക്കളേയും സഹോദരങ്ങളേയുമോർത്ത് ഉരുകി. അദ്ധ്വാനിച്ച് കുടുംബം പുലർത്താൻ പുറപ്പെട്ട ഞങ്ങൾക്ക് സംഭവിച്ച ദുർഗതിയിൽ ഉള്ളം തേങ്ങി. പിടയുന്ന യാനം കടലിൽ വീണാൽ വലിയ മത്സ്യങ്ങൾ ആദ്യം കടിക്കുന്നത് കാലിലായിരിക്കും. ഉള്ളം കാലിന്റെ വെളുപ്പു കണ്ട് മത്സ്യം പെട്ടെന്ന് അങ്ങോട്ടടുക്കും. കാലിൽ കടിച്ചാൽ ജീവൻ പോകുന്നതുവരെ ആ വേദന അനുഭവിക്കേണ്ടി വരും. തലയിലാണെങ്കിൽ വേദന അനുഭവിക്കാതെ മരിക്കാം. അതിനാൽ കാലിൽ സോക്സിട്ട് വേദനയില്ലാതെ മരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു.മുൻപ് ഒരു പ്രാവശ്യം ലോഞ്ചിൽ യാത്ര ചെയ്തിട്ടുള്ള സുലൈമാൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇതൊക്കെ ചെയ്തത്. എല്ലാവരും പ്രാർത്ഥനയിലായിരുന്നു. അർദ്ധരാത്രിയിലെ കൂരിട്ടിന്റെ ഭീകരതയിൽ കടലിന്റെ ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു മനസ്സിന്റെ ഘനീഭാവവും ഹൃദയത്തിന്റെ വിങ്ങലും! അതിന്റെ ഭാരം കൂടിക്കൂടിവന്നു. ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു.ഈ ദാരുണമായ മരണത്തിൽ നിന്നും രക്ഷിക്കണേ റബ്ബേ! എന്റെ ദൈവം മാത്രം മതി എന്നു വിശ്വസിച്ചിരുന്നവർ കൂടി നിന്റെ ദൈവത്തിന്റെ സഹായത്താലെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നു കരുതി ജാതിമതവിദ്വേഷത്തിന്റെ പൊള്ളത്തരം മറന്ന് ഒന്നായി പ്രാർത്ഥിച്ചതിമിഷങ്ങൾ! ഓരോ തിരയ്ക്കും ലോഞ്ചിന്റെ മുകളിലൂടെ കയറിക്കൊണ്ടിരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാൻ ഒരു ചാമ്പ് പൈപ്പ് ഉണ്ടായിരുന്നു. രാവും പകലും ഞങ്ങൾ മാറി മാറി നിന്ന് ചാമ്പി. കടൽ ജലത്തോടൊപ്പം ഞങ്ങളുടെ ആത്മവിശ്വാസവും കുറേശ്ശെ പുറത്തേക്കൊഴുകി.കണ്ണടച്ചിരുന്ന പലരുടേയും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരുപ്പു് കടൽവെള്ളത്തെ പൂരിതമാക്കി.നിസ്സാഹായരായി മുഖത്തോടു മുഖം നോക്കി ഇരുന്നവർ ആലോചിക്കുന്നുണ്ടാകാം ഇനി ഒരിക്കലും തമ്മിൽ കാണാൻ പറ്റില്ലല്ലോ എന്ന്. നേരത്തെയെപ്പോഴോ കൊരുത്തിട്ട ചൂണ്ടയിൽ ഒരു പെരുമത്സ്യം കൂടുങ്ങി, ലോഞ്ചിനെ ഒന്നുലച്ചു.എല്ലാവരും ചേർന്ന് വലിച്ച് വള്ളത്തിലേക്കിട്ട വറ്റ എന്ന മത്സ്യത്തിന് അന്നത്തെ എന്റെ വലിപ്പം ഉണ്ടായിരുന്നു. വറ്റയുടെ പിടച്ചിലിൽ ലോഞ്ച് നന്നായ് ഒന്നുകൂടി ഉലഞ്ഞു. രാംകുമാർ ചെറിയൊരു കൈക്കോടാലി കൊണ്ട് മത്സ്യത്തെ കൊന്നു. അപ്പോഴേക്കും ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഏകദേശം മുപ്പത് മണിക്കൂറെങ്കിലും ആയിക്കാണും. എഴുന്നേറ്റു നിൽക്കാൻ നിവർത്തി ഇല്ലതിരുന്നതിനാൽ ഇരുന്ന ഇരുപ്പിൽ തന്നെ റാണി ജ്യൂസിന്റെ ഒഴിഞ്ഞ ടിന്നിൽ മൂത്രമൊഴിച്ച് പുറത്തേക്ക് കളയുന്നുണ്ടായിരുന്നു ചിലർ. ഈ മത്സ്യത്തെ എന്തു ചെയ്യും എന്നാലോചിക്കുന്നതിനിടയിൽ എൻജിൻ ഒന്നു പൊട്ടിച്ചിരിച്ചു, പൊട്ടിപ്പൊട്ടി ചിരിച്ചു.കൂടെ ഞങ്ങളും. ഇനി കടൽ വിഴുങ്ങില്ല എന്ന് തീർത്തും ബോദ്ധ്യം വന്നില്ലെങ്കിലും ശരീരത്തിലൂടെ ഒരു തണുപ്പു് അരിച്ചാറങ്ങി മനസ്സിൽ തളം കെട്ടി നിന്നു. ലോഞ്ചു് ഓടിത്തുടങ്ങി അധികം താമസിയാതെതന്നെ കടൽ ശാന്തമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.ഒപ്പം ഞങ്ങളുടെ വിശപ്പും ദാഹവും തിരിച്ചെത്തി.എല്ലാവരുംകൂടി നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കി കഴിച്ചു.ആ ഭക്ഷണത്തിന്റെ സ്വാദും അപ്പോഴത്തെ മനസ്സിന്റെ ശാന്തിയും പറഞ്ഞോ എഴുതിയോഫലിപ്പിക്കാനറിയില്ല. ഒരു നിയന്ത്രണവുമില്ലാതെ എങ്ങോട്ടൊക്കയോ ഒഴുകി നടന്ന ദൂരം താണ്ടാൻ ഒരുപാടു് സമയം വേണ്ടിവന്നു. മുകളിൽ സൂര്യൻ കത്തിജ്വലിച്ചു നിന്നെങ്കിലും അതൊരു പ്രശ്നമേ അല്ലെന്ന മട്ടിൽ ഞങ്ങൾ മുകളിലിരുന്നു സൊറ പറയാൻ തുടങ്ങി.തിളച്ച വെയിലത്ത് ഞങ്ങളു ടെ പുറകിലായി അങ്ങ് ദൂരെ എന്തോ ഒന്ന് സാവധാനം പൊന്തി വരുന്നത് ആരോ കണ്ടു. രാംകുമാറിനെ കാണിക്കുന്നതിന് മുമ്പു് അത് അപ്രത്യക്ഷമായി. മണിക്കൂറുകൾക്കുള്ളിൽ അത് വീണ്ടും ഉയർന്നു വന്നു. അപ്പോൾ അത് ഞങ്ങളുടെ കുറച്ചുകൂടി അടുത്തായിരുന്നു.ഭീമാകാരനായ ഒരു കൊമ്പൻ സ്രാവ് ! വളരെ ദൂരം അത് ഞങ്ങളുടെ പുറകെ കൂടി. രാംകുമാർ വള്ളം ദിശ മാറ്റി ഓടിച്ചു. വീണ്ടും ഞങ്ങളുടെ സ്വസ്ഥത കെടുത്തിക്കൊണ്ട് ആ സ്രാവ് ഞങ്ങളൂടെ പുറകെ കൂടി. അത് ഞങ്ങളുടെ സന്തോഷവും സമാധാനവും കുറച്ച് സമയത്തേക്കെങ്കിലും വിഴുങ്ങി.അര ദിവസത്തോളം ഞങ്ങളെ മുൾമുനയിൽ നിർത്തി ,ഞങ്ങൾ കള്ളനും പോലീസും കളിച്ചു. ആ കളി ഞങ്ങളുടേയും അവന്റേയും ജീവിത പ്രശ്നമായിരുന്നു.പിന്നെപ്പോഴോ ഞങ്ങളെ ഉപേക്ഷിച്ച് അവൻ അപ്രത്യക്ഷനായി. എങ്കിലും രാത്രിയിലുടനീളം അവൻ ഞങ്ങൾക്കൊരു പേടിസ്വപ്നമായിരുന്നു. അടുത്ത ദിവസം വലിയ പ്രശ്നമൊന്നുമില്ലാതെ കടന്നു പോയി. യാത്രയുടേയും മാനസിക സംഘർഷത്തിന്റേയും പട്ടിണിയുടേയും ഒക്കെ ഫലമായി മിക്കവരും ക്ഷീണിതരായി കാണപ്പെട്ടു. തടവിൽ നിന്നിറങ്ങിയപ്പോഴുണ്ടായിരുന്ന ചുവപ്പും, തുടുപ്പും ഒക്കെ മാഞ്ഞിരിക്കുന്നു.മുഖമൊക്കെ കറുത്ത് വരണ്ടു,പേക്കോലമായി. എങ്കിലും ജീവൻ തിരികെക്കിട്ടിയതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ടായിരുന്നു. മനസ്സിൽ ഒരുപാട്പൂത്തിരി കത്തിച്ചു കൊണ്ട് മാനത്ത് കാക്കകൾ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഒന്നടങ്കം ദേശീയഗാനം കേട്ടതു പോലെ എഴുന്നേറ്റ് നിന്ന് ചുറ്റിനും നോക്കി. അങ്ങ് ദൂരെ മാനം നിറയെ കാക്കകൾ.കര അടുത്തിരിക്കുന്നു. ദൂരെയായി ചില മത്സ്യ ബന്ധന ബോട്ടുകൾ . വൺ ബാൻറ് റേഡിയോ പറഞ്ഞു ഇത് ഗുജറാത്താണ്. തൂക്കു കയറിൽ നിന്നും അവസാന നിമിഷം രക്ഷപ്പെട്ടവന്റെ മനസ്സായിരുന്നു ഞങ്ങൾക്കപ്പോൾ.അധികം താമസിയാതെ ഞങ്ങൾ മീൻ പിടിക്കുന്ന അനേകം വള്ളങ്ങൾക്കിടയിലേക്ക് നീങ്ങി. "നിങ്ങൾക്ക് ഇറങ്ങാൻ സമയമായി.ആ വരുന്ന വള്ളത്തിലേക്ക് നിങ്ങൾക്ക് കയറാം. അവർ നിങ്ങളെ കരക്കെത്തിക്കും. അഞ്ചോ ആറോ പേരsങ്ങുന്ന സംഘങ്ങളായി നിങ്ങൾ പിരിയണം. ഒരിക്കലും ഒരുമിച്ച് യാത്ര ചെയ്യരുത്. ഇന്ത്യൻ പോലീസിന്റെ പിടിയിൽപെട്ടാൽ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടതായ് വരും." രാം കമാറാന്റെ നിർദ്ദേശം .ഞങ്ങൾ വീണ്ടും സങ്കടക്കടലിൽ. ഞങ്ങളുടെ അടുത്തേക്ക് അടുപ്പിച്ച ചെറിയൊരു മത്സ്യ ബന്ധന വള്ളത്തിലേക്ക് എല്ലാവരും കയറി .അര മണിക്കൂറോളം യാത്ര ചെയ്തപ്പോൾ നേരം നന്നായി ഇരുട്ടി. കരയിൽ നിന്നും ഏകദേശം ഇരുനൂറോളം മീറ്റർ അകലെവച്ച് ഞങ്ങളോട് വെള്ളത്തിലേക്ക് ഇറങ്ങിക്കൊള്ളാൻ അവർ നിർദേശിച്ചു. കൊള്ളക്കാരുടെ വലയിൽ! വെള്ളത്തിലേക്ക് ഇറങ്ങിക്കൊള്ളാൻ പറഞ്ഞപ്പോൾ ഞങ്ങൾ ആകെ അങ്കലാപ്പിലായി. ഇത്രയും ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെട്ടത് ഇതിനായിരുന്നോ? ഇരുട്ട് പരന്നിരിക്കുന്നു. കരയിൽ ഒരു വിളക്കിന്റെ പ്രകാശം പോലുമില്ല. അടുത്തൊന്നും ഒരു വള്ളവും കാണാനില്ല. അവർ ' ചലോ ചലോ ' എന്ന് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു ധൃതികൂട്ടി. 'പോലിസ് പട്രോൾബോട്ട് കറങ്ങി നടക്കുന്നുണ്ട് അവരുടെ കണ്ണിൽ പെട്ടാൽ ഞങ്ങളും കുടുങ്ങും ഇറങ്ങിപ്പോ ' എന്ന് താക്കിത് ചെയത് ഞങ്ങളെ വെള്ളത്തിലേക്ക്‌ ചാടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. വെള്ളത്തിൽ കിടന്ന് മരിക്കുന്നതിലും നല്ലത് പോലീസ് പിടിക്കുന്നതല്ലെ എന്ന് ഞങ്ങൾ ഒരു നിമിഷം ചിന്തിച്ചു.കൂട്ടത്തിൽ ഹിന്ദി നന്നായ് സംസാരിക്കാനറിയാവുന്ന ഹൈദ്രോ സ് ബേട്ടു് കരക്കടുപ്പിക്കാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു ,കാരണം പലർക്കും നീന്തൽ ഒട്ടും വശമില്ലായിരുന്നു. 'നടന്നു കയറാനുള്ള വെള്ളമേയുള്ളൂ ബോട്ട് അവിടം വരെ പോകില്ല"എന്ന് ആക്രോശിച്ച് കൊണ്ട് ഞങ്ങളെ ഓരോരുത്തരെയായി വെള്ളത്തിലേക്ക് പിടിച്ച് തള്ളി. 

    ഞങ്ങൾ അവരവരുടെ ബാഗും തോളിലേറ്റി വെള്ളത്തിലേക്ക് ചാടി. അവർ പറഞ്ഞത് ശരിയായിരുന്നു. നെഞ്ചറ്റം വെള്ളം. ഞങ്ങൾ കരയെ ലക്ഷ്യമാക്കി നടന്നു. കുറച്ച് നടന്നു കഴിയുമ്പോൾ കടൽ ഞങ്ങളേയും കൊണ്ട് ഒന്നു പുറകോട്ട് വലിയും ഞങ്ങൾ പിന്നേയും മുമ്പോട്ട്. അങ്ങനെ രണ്ടടി മുന്നോട്ട് ഒരടി പിന്നോട്ട് എന്ന തോതിൽ കരപററി .തണുത്ത കടൽക്കാറ്റ് ഞങ്ങളെ ചുരുട്ടി കൂട്ടികൊണ്ടിരുന്നു. സംസാരിക്കാനാകാത്തവിതം താടികൾ തമ്മിൽ കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു. കര തീർത്തും വിജനവും അന്ധകാരനിബിഡവുമായിരുന്നു. ഞങ്ങൾ നാലോ അഞ്ചോ ഗ്രൂപ്പായ് പിരിഞ്ഞു .ഇത്രയും ദിവസത്തെ കുത്തിയിരുപ്പുകാരണം നടക്കാൻ നല്ലബുദ്ധിമുട്ടുണ്ടായിരുന്നു പോരെങ്കിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളും. കൂട്ടത്തിൽ പ്രായമുള്ള വെളിയങ്കോട്ടുകാരൻ മുഹമ്മദിക്ക തീർത്തും അവശനായിരുന്നു. അദ്ദേഹമായിരുന്നു ലോഞ്ചിലെ മെയിൻ പണ്ടാരി. ഏകദേശം നാൽപ്പത്തഞ്ചു വയസ്സ്.അദ്ദേഹത്തിന്റെ പെട്ടിയും ഞാൻ തോളിലേറ്റി. എങ്ങും പടർന്നു കിടക്കുന്ന ഒരു തരം മുൾച്ചെടി മാത്രം. പലരുടേയും കാൽപ്പാദങ്ങൾ നഗ്നമായിരുന്നു. വെള്ളത്തിലിരുന്ന് മരവിച്ചതുകൊണ്ട് കാലിൽ കയറിയമുള്ളൂകളാന്നും അധികം വേദനിപ്പിച്ചില്ല. ഈ ഭാരവും ഭയവും പേറി തണുത്ത് വിറച്ച് നടന്നു നടന്ന് പലപ്പോഴും എത്തുന്നത് കടലിലേക്ക് തന്നെയായിരുന്നു. വീണ്ടും തിരിച്ചു നടക്കും. അതൊരു മുനമ്പായിരുന്നു. രാത്രി മുഴുവൻ ഇങ്ങനെ നടന്നു. ഇടക്ക് രണ്ടു മൂന്ന് കുടിലുകൾ കാണും ഏതെങ്കിലും ഗ്രാമത്തിന്റെ അതിരിലെത്തിക്കാണും എന്നാശ്വസിക്കവേ വീണ്ടും വിജനത. ഏതാണ്ട് പുലരാറായപ്പോൾ ദൂരെ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടു. ഞങ്ങൾ ആദിശയിലേക്ക് നടന്നു. ഒരു വിധം റോഡിലെത്തി. അപ്പോഴേക്കും ഉപ്പ് കയറ്റിയ ലോറികൾ ധാരാളമായി കാണാൻ തുടങ്ങി .ഒരു വെളുപ്പാൻ കാലത്ത് ആരോരുമില്ലാത്ത, പേരുപോലുമറിയാത്ത നാട്ടിൽ ആകാംക്ഷയുടേയം ഭയത്തിന്റേയും ഭാരവും പേറി അന്യഗ്രഹ ജീവികളേപ്പോലെ ഞങ്ങൾ അഞ്ചു പേർ കാത്തു നിന്നു. ഞങ്ങളെ കണ്ട് ഒരു ലോറി നിർത്തി. ലോറിക്കുള്ളിൽ രണ്ടു മൂന്നു പേർ.മുകളിൽ കയറിക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ ഉപ്പിന്മുകളിൽ കയറി ഇരുന്നു. മൂടൽമഞ്ഞ്, തണുത്ത കാറ്റിനെ തടുക്കാനാവാതെ ജപ്പാൻകാരന്റെ പോളിസ്റ്റർ ഷർട്ട് ഏങ്ങി എങ്ങിക്കരയുന്ന ശബ്ദം കേൾക്കാമായി രൂന്നു .റോഡ് മിക്കവാറും വിജനമായിരുന്നു.നേരം പരപരാന്ന് വെളുത്തു. ഇനി ഏതെങ്കിലും ബസ്സ് സ്റ്റോപ്പിലിറങ്ങണം. എല്ലാ കഷ്ടപ്പാടുകളൂം നീങ്ങി.ഞങ്ങൾ ഓരോരുത്തരുടേയും നിശ്വാസങ്ങളിൽ ആശ്വാസത്തിന്റെ സുഗന്ധം നിറഞ്ഞിരുന്നു.ഇത്രയും ദിവസത്തെ ഉറക്കമില്ലായ്മയും യാത്രാ ക്ഷീണവും , ഞങ്ങൾ പതിയെ മയങ്ങാൻ തുടങ്ങി. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്ത ഉലച്ചിലിൽ എല്ലാവരും ഉണർന്നു ലോറിക്കു മുന്നിൽ മൂന്നു നാലു പേർ കുറുവടിയും ഹോക്കി സ്റ്റിക്കുമായി നിൽക്കുന്നു. ഞങ്ങളോട് താഴെ ഇറങ്ങാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ താഴെ ഇറങ്ങി. എവിടെ നിന്നു വരുന്നു? പാക്കിസ്ഥാനികളാണോ ? അതോ സിലോണി കളാണോ? ബംഗ്ലാദേശുകാരാണോ? എന്നൊക്കെ ചോദിച്ചു. ലോറി ഒതുക്കിഇടാൻ ലോറിക്കാരോടു പറഞ്ഞു ഞങ്ങളോട് മാറി നിൽക്കാൻ പറഞ്ഞിട്ട് അവർ ലോറിയിലേക്ക് കയറി വേഗത്തിൽ ഓടിച്ചു പോയി. നാട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ സഹയാത്രികനെപ്പേലെ കൂടെ ഉണ്ടായിരുന്ന, ദുബൈയിലെ (കൂടെ ഉണ്ടായിരുന്നവരുടെ സുഹൃത്തുക്കൾ) തന്ന സമ്മാനപ്പൊതികൾ അടങ്ങിയ ബാഗുകൾ, എന്തിന് ജീവിതാവസാനം വരെ കൂടെ ഉണ്ടാകേണ്ട പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ... എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ശരീരം തളരുന്നതുപോലെ. അണ്ണാക്ക് വറ്റി.തല കറങ്ങുകയാണോ? ഞാൻ അടുത്ത കണ്ട മരത്തടികളിൽ തളർന്നിരുന്നു. ശവകുടീരശയനം യാഥാർത്ഥ്യബോധം വീണ്ടെടുക്കുന്നതു വരെ ഞങ്ങൾക്ക് അവിടെ നിന്ന് അനങ്ങാനായില്ല. ഇനി എത്ര നേരം വേണമെങ്കിലം ഇരിക്കാം. പെട്ടിയും ബാഗും ഒന്നും ഇല്ലാത്തതിനാൽ ആരും ഒന്നും സംശയിക്കുകയില്ല. നാട്ടുകാരൊക്കെ കമ്പിളിയിൽ പൊതിഞ്ഞാണ് ശരീരം കൊണ്ട് നടക്കുന്നത്. ഞങ്ങൾക്ക് അതൊന്നുമില്ല എന്നുള്ള വ്യത്യാസം കുറച്ചൊന്നു് ഞങ്ങളെ ഉലച്ചിരുന്നു. ഏതായാലും ഇന്ത്യൻ ജയിലിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരില്ല എന്ന് തോന്നി തുടങ്ങി. ഒരാളുടെ അടിവസ്ത്രത്തിന്റെ പാച്ച് പോക്കറ്റിൽ 750 രുപ ഉണ്ടായിരുന്നു.അത് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതിനാൽ നനഞ്ഞിരുന്നില്ല. അത് കൊണ്ട് എത്താവുന്നിടം വരെ എത്തണം. ഞങ്ങൾ അടുത്ത ഉപ്പു ലോറിക്ക് കൈ കാണിച്ചു. മുകളിൽ ഒരാൾ പത്മാസനത്തിൽ ഇരിക്കുന്നു. അയാളുടെ കട്ടിയുള്ള രോമക്കോട്ടിന്റെ ഉള്ളിൽക്കൂടി പോലീസ്സ് യൂണിഫോം ഞങ്ങളെ നോക്കി കണ്ണുരുട്ടി. ഞാൻ ഒന്നേ നോക്കിയുള്ളൂ.ദുരന്തങ്ങൾ മാലപ്പടക്കം പോലെ ! ആ പോലീസുകാരൻ ഞങ്ങളെ ഒന്നു നോക്കി. ഭയം കൊണ്ട് ഞങ്ങളുടെ മൂത്രസഞ്ചികൾ എന്തോ പറയുവാൻ വെമ്പുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അയാൾ വേഗംതന്നെ കണ്ണടച്ച് കൂർക്കംവലിക്കാൻ തുടങ്ങി.ബസ്സു് ഉപ്പുപാടങ്ങളുടെ ഇടയിലുള്ള റോഡിലൂടെ വളഞ്ഞ് പുളഞ്ഞ് ഓടിക്കൊണ്ടിരുന്നു.ഇടക്ക് അയാളിറങ്ങി.ഒരു ബസ്റ്റോപ്പിൽ ഞങ്ങളും.അധികം ബസ്സുകൾ ഓടാത്ത റൂട്ടായതു കൊണ്ടാകാം പലരും ലോറിപ്പുറത്താണ് അവിടെ എത്തിയത്.കൂട്ടത്തിൽ ഞങ്ങളിൽ നിന്ന് പിരിഞ്ഞ രണ്ടു ഗ്രൂപ്പും . എല്ലാം നഷ്ടപ്പെട്ടുവെന്ന് ആഗ്യം കൊണ്ട് അവർ അറിയിച്ചു. അവരുടെ കൈകളും കാലിയായിരുന്നു.പരസ്പരം അറിയാത്ത ഭാവത്തിൽ ഞങ്ങൾ നിന്നു.ഏറെ നേരത്തെ കാത്ത് നിൽപ്പിത് ശേഷം വന്ന ബസ്സിൽ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി.ഞങ്ങളിൽ ഒരാളായ ഹസ്സന്റെ ബന്ധു അഹമ്മദാബാദിൽ റെസ്റ്റോറന്റ് നടത്തുന്നുണ്ടായിരുന്നു. ഉച്ചയോടെ ഞങ്ങൾ അവിടെ എത്തി.അതിന് തൊട്ടുപുറകിലുള്ള മസ്ജിദിൽ പോയ് നന്നായി കുളിച്ചു. ഏഴോ എട്ടോ ദിവസങ്ങൾക്ക് ശേഷമുള്ള കുളി. നല്ല എരിവും പുളിയുമുള്ള നമ്മുടെ നാടൻ മീൻ കറിയും സാമ്പാറും ഒക്കെ കൂട്ടി മൂക്കറ്റം ചോറുണ്ടു. ഹായ്...എന്തൊരു രചി.ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം നമ്മുടേതാണെന്ന് തോന്നി. തലയിൽ എന്തോ വലായ ഭാരം കയറ്റിവച്ചതു പോലെ.ഉറങ്ങിയിട്ട്, ഒന്ന് നീണ്ടു നിവർന്ന് കിടന്നിട്ട് എത്രയോ ദിവസങ്ങളായി! കിടക്കാനുള്ള സൗകര്യമൊന്നും ആ റെസ്റ്റോറന്റിൽ ഇല്ലായിരുന്നു.കടയുടെ പുറകിൽത്തന്നെ വൃത്തിയായി സിമന്റ് ചെയ്ത് വെള്ളപൂശിയ രണ്ട് ഖബറുകൾ ഉണ്ടായിരുന്നു. ഏതോ യുദ്ധത്തിൽ ശഹീദായ (രക്തസാക്ഷിത്വം ) വരിച്ചവരുടെ ഖബറുകളായിരുന്നു. ഇവിടങ്ങളിൽ ഇതുപോലുള്ള ഖബറുകൾ ധാരാളമായി കാണാം. അവരുടെ ഇടയിൽ ഞാനും സ്ഥലം പിടിച്ചു.ഏതാണ്ട് രാവിലെ പത്തു മണി വരെ സുഖമായി ഉറങ്ങി. ലോഞ്ച് നന്നായി ആടിക്കൊണ്ടിരുന്നു അങ്ങിനെ ആടിക്കൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ തുറന്നു ഇരുവശവും രണ്ട് ശവകുടീരങ്ങൾ. ഞാൻ കരയിലാണെന്ന് എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാനായില്ല അവിടെ കിടന്നു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ ദുരിതാനുഭവം ഓരോന്നായി ഓർത്തു. വീണ്ടും ചുറ്റിനും നോക്കി.അവാശ്വസനീയം, ജീവിതം കടലിന്റെ അഗാധതയിൽ അവസാനിക്കാതെ രക്ഷപ്പെട്ടിരിക്കുന്നു. പക്ഷേ അതൊന്നുറപ്പു വരുത്താൻ ദിവസങ്ങൾ വേണ്ടിവന്നു.അന്ന് കടൽ നീന്തിയതു കൊണ്ടാവാം ബോണസ്സായി കിട്ടിയ ശിഷ്ടജീവിതത്തിൽ ഒരിക്കലും ഇടത്തോട് കണ്ടു പേടി തോന്നിയിട്ടില്ല. ഒരു കാറ് അന്ന് അവിടെ നിന്നും ബോംബയിലേക്ക് പോകുന്നുങ്ങായിരുന്നു. അതിൽ ഞങ്ങൾ ബോംബയിലെത്തി. ബോംബെ മജീദിന്റെ സഹായത്താൽ പാസ്പോർട്ടിന് അപേക്ഷിച്ച് നാട്ടിലേക്ക് വന്നു. ഒരു വർഷത്തിനു ശേഷം തിരികെ അതേ സ്ഥലത്തു തന്നെ ചെന്നു. പഴയ പീക്കിരി ശുർത്തകർക്കെല്ലാം ( പോലിസുകാർ) പക്വത വന്നിരിക്കുന്നു, എനിക്കും. രണ്ടാമത് ഗൾഫിൽ കാല്

കുത്തിയപ്പോൾ എനിക്കുണ്ടായ ഏറ്റവും വലിയ ആഗ്രഹം എത്രയും വേഗം പ്രാരാബ്ധങ്ങളൊക്കെ തീർത്ത് നാട്ടിൽ തിരിച്ചു പോകണം എന്നായിരുന്നു. അതിന് പത്രണ്ടു വർഷം വേണ്ടി വന്നുവെന്നു മാത്രം.നമ്മുടെ നാട്ടിലെ സ്വർണ്ണത്തിന് സുഗന്ധം കൂടിയു, എനിക്കതാഷ്ടം.

The Writer









Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ