മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്



 മരിച്ചവന്റെ അപരൻ

--------------കവിത-------------

ഇനിയും തിരിച്ചറിയപ്പെടാനാകാത്ത

ആ ഒരേയൊരാൾ, അത് ഞാനാണ്

മരിച്ചവനുള്ള മൂടുപടമെന്നെ

പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ

ഞാനാരെന്ന് തിരയുകയാണല്ലോ ...

കർമ്മകാണ്ഡം തിരയുന്നവരോട് ,

പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ

വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി

ഇവിടെ വീണുപോയ അന്ധനാം പുത്രൻ..

ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം

പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന

ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ

കനൽച്ചൂട് ഇന്നും കണ്ടേക്കാം...


ജന്മകാണ്ഡം തിരയുമ്പോൾ ,

ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള

പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള

അതിരൂക്ഷഗന്ധം വമിച്ചേക്കാം ...


തിരിച്ചറിയൽ വിലാസമാണെങ്കിൽ,

തീ തിന്ന കുടിലിന്റെ വരാന്തയിൽ

ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം

വിശന്നു കരയുന്ന പൈതലിന്റെ നാദം

നിങ്ങൾക്ക് വഴികാട്ടിയായേക്കാം ...

അടയാള ചിഹ്നമായ് ചൊല്ലുവാൻ,

വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ

റാന്തലുമേന്തി തെരുവിലേക്ക് നോക്കി -

ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ

അളവില്ലാതെ കണ്ണീർ ധാരയും കാണാം ..

അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും

തിരക്കേണ്ടെന്ന് ചിലർ , ഇനി

മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ,

അല്ലെങ്കിലും ഞാൻ മരിച്ചതല്ലല്ലോ ,

ഇവ തിരക്കിയെന്നെ കൊന്നതല്ലേ ,

നിങ്ങളെന്നെ കൊന്നതല്ലേ ....!

.......................................

നിബിൻ കള്ളിക്കാട്

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ