മാടമ്പ് സർഗാത്മകതയുടെ വേറിട്ട അദ്ധ്യായം


മാടമ്പ് 

ലേഖനം - ബി. ജോസുകുട്ടി 


ബി.ജോസുകുട്ടി


*മാടമ്പ് സർഗാത്മകതയുടെ വേറിട്ട അധ്യായം*


മലയാള സാഹിത്യ ലോകത്തിന്റെ ചരിത്രവഴിയിൽ നവീനതയുടെ പാദമുദകൾ അടയാളപ്പെടുത്തി കടന്നുപോയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലെ ഒരു ഇസങ്ങൾക്കും വഴങ്ങാതെ തനതായ പ്രത്യയ ശാസ്‌ത്രം രൂപപ്പെടുത്തിയ എഴുത്തുകാരൻ. പ്രമേയസ്വീകാര്യതയിലും ശൈലീനിർമ്മിതിയുടെ കാര്യത്തിലും ഭാഷാസവിശേഷതയുടെ വിപ്ലവാത്മകമായ സമീപനത്തിലും മാടമ്പിന്റെ കയ്യൊപ്പ് പ്രകടമായിരുന്നു. തന്റെ കൃതികളിലും അപൂർവ്വമായ രചനാശൈലി അദ്ദേഹം ഉൾക്കൊണ്ടു. പ്രഥമ കൃതിയായ അശ്വത്ഥാമാവ് എന്ന നോവലിലൂടെ അതെല്ലാം അടയാളപ്പെടുത്തുകയും ചെയ്തു. ഓ.വി.വിജയൻ, വി കെ എൻ എന്നിവർക്കു ശേഷം ഭാഷയെ തന്റെ വരുതിക്കു കൊണ്ടുവന്ന എഴുത്തുകാരനായി അദ്ദേഹം പരിണാമപ്പെട്ടു. തുടർന്നുള്ള എല്ലാ രചനകളിലും തന്റെ രചനാ വിശ്വാസ സംഹിതകളിൽ നിന്നും പിന്മാറിയില്ല. മറ്റു കൃതികളായ ഭ്രഷ്ട്, മഹാ പ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, പോത്ത്, കോളനി, മാരാരാശ്രീ, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, സാധനാലഹരി, ദേവഭൂമി, സാരമേയം എന്നിവയിലെല്ലാം തന്നെ അനുവാചകരെ കേവല കാൽപ്പനികതയ്ക്കപ്പുറം ബൗദ്ധികമായ ഒരു ചിന്താലോകത്തേക്ക് ആനയിച്ചവയാണ്. ആര്യ സംസ്കൃതിയുടെ വിളനിലങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു സംസ്കൃതി പരമ്പരയെക്കൂടി തന്റെ രചനകളിൽ സന്നിവേശിപ്പിച്ചു എന്നുള്ള നവ രചനാസമ്പ്രദായത്തിന്റെ വക്താവ് എന്ന നിലയിൽ കൂടിയാണ് അദ്ദേഹം വ്യത്യസ്ഥ കഥാകാരനാകുന്നത്. ആധുനികതയുടെയും വിപ്ളവ പ്രതിരോധ മാർഗത്തിന്റെയും മാനവിക പോരാട്ടത്തിന്റെയും നവീന ഭാവുകത്വത്തിന്റെ പ്രത്യക്ഷമായ സൗന്ദര്യശാസ്ത്രങ്ങളെ കലർപ്പില്ലാതെ ആവിഷ്കരിക്കപ്പെട്ട ദേവഭൂമി പോലെയുള്ള നോവൽ കൃതി മാടമ്പിന്റെ ' അപാരമായ സർഗാത്മകസിദ്ധി വിശേഷത്തെയാണ് അടയാളപ്പെടുത്തുന്നത്. കുതിരക്കുളമ്പടി ഉയർന്നു. അശ്വഗന്ധമുണർന്നു. മഞ്ഞിൻ മലകൾക്കപ്പുറത്ത് രാവു പുലർന്നു. കണ്ണടയ്ക്കാത്ത ദേവഭൂമിയിൽ ഉഷസ്സ് നാദവും ഗന്ധവുമായെത്തി. മഹൗഷധികളും മഹാതീർത്ഥങ്ങളും നിറഞ്ഞ ദേവഭൂമിയിൽ,  മഹാരുദ്രന്റെ പാദമുദ്ര പതിഞ്ഞ ദേവഭൂമിയിൽ പിതൃദർശനം മോഹിച്ച കുഞ്ചു. ഭർതൃസമാഗമം കൊതിച്ച് ജീവിതം മുഴുവൻ കാത്തിരുന്ന് ഒടുവിൽ നൊന്തു പിടഞ്ഞുമരിച്ച അമ്മ. മലയാള നോവൽ സാഹിത്യത്തിലെ അനുപമമായ കലാസൃഷ്ടിയായ മാടമ്പിന്റെ ദേവഭൂമിയെ ഇതിനപ്പുറം എന്തു വ്യാഖ്യാനിക്കാനാവും. എഴുത്തുകാരനെന്നതു കൂടാതെ മാടമ്പിനെ ചലച്ചിത്രകാരനാക്കിയത് അശ്വത്ഥാമാവ്, ഭ്രഷ്ട് എന്നീ നോവലുകളാണ്. 1978 ലാണ് ഭ്രഷ്ട് തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറക്കിയത്. മാടമ്പ് ഇതിന്റെ തിരക്കഥ തയ്യാറാക്കി. സുകുമാരൻ, രവി മേനോൻ, ടി.ജി.രവി, നിലമ്പൂർ ബാലൻ, അബ്ബാസ്, ബഹദൂർ, പറവൂർ ഭരതൻ, സുജാത, റീന, ശ്രീകല എന്നിവരായിരുന്നു അഭിനേതാക്കൾ.

 1979 ൽ അശ്വത്ഥാമാവ് കെ.ആർ. മോഹൻ സംവിധാനം ചെയ്തു. ഇതിന്റെ തിരക്കഥയ്ക്കു പുറമേ മാടമ്പ് ആദ്യമായി അഭിനയിക്കുകയും ചെയ്തു. രവി മേനോൻ, എം.എസ്.നാരായണൻ, ലോനപ്പൻ നമ്പാടൻ, ആർ.ബാലകൃഷ്ണപിള്ള, പവിത്രൻ, സി.എൻ. കരുണാകരൻ, കെ.കെ.ചന്ദ്രൻ, വിധുബാല, വത്സല, രേഖ, സാവിത്രി, ശ്രീദേവി അന്തർജനം എന്നിവരായിരുന്നു മറ്റു നടീനടന്മാർ. തുടർന്ന് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണ് മാടമ്പ് സിനിമയിൽ സജീവമാകുന്നത്. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനും കരുണത്തിനും തിരക്കഥയെഴുതി. കരുണത്തിന്റെ തിരക്കഥയ്ക്ക് ദേശീയ ബഹുമതി നേടുകയും ചെയ്തു. ദേശാടനം, ആറാം തമ്പുരാൻ, ആനച്ചന്തം എന്നിവയുൾപ്പടെ മുപ്പതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. നല്ലൊരു ആനപ്രേമി കൂടിയായ മാടമ്പ് ആനകളുടെ ചികിത്സാശാസ്ത്രമായ മാതംഗലീലയും അഭ്യസിച്ചിരുന്നു. തൃശൂർ പെരുവനം ശങ്കരൻ നമ്പൂതിരിയും സാവിത്രി അന്തർജനത്തിന്റെ മകനായി 1941 ജൂൺ 21 നാണ് മാടമ്പ് ജനിച്ചത്.  1982 ൽ സാഹിത്യ അക്കാദമി പുരസ്കാരം മഹാ പ്രസ്ഥാനം എന്ന കൃതിക്ക് ലഭിച്ചു. മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയാണ് പിൽക്കാലത്ത് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ വിഖ്യാതനായത്. 

    






*ബി.ജോസുകുട്ടി*

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ