കവിത : ലക്ഷദ്വീപ് ആർ.ബിജു

ലക്ഷദ്വീപ്

കവിത ആർ. ബിജു 

കടലാൽ തീർത്ത അതിര്
മുറതെറ്റാത്ത ഋതുക്കൾ
തിരയിളക്കത്തിൻ്റെ
നിലയ്ക്കാത്ത നാദം
പച്ചയും നീലയും പവിഴവും
എളിമയും തെളിമയും ചെറു ചിരികളും 
പക്ഷെ,
ചുഴലിക്കാറ്റ് കഴിഞ്ഞ്
വർഷകാലം വരവടുത്തപ്പോൾ
ലക്ഷദ്വീപുകളിൽ
നല്ലതല്ലാത്തതെന്തോ!
വാക്കുകളിൽ
ഒരുപാട് വിങ്ങലുകൾ.....
അവസാനം ഭയം
അവിടെയും എത്തിയോ !
തെളിഞ്ഞ കടലും
നിറമുള്ള ആകാശവും
ഇപ്പോഴവിടെ ഇല്ലേ!
കടൽ വല്ലാതെ
ഇരുണ്ട് ഇരമ്പുന്നുണ്ട്.
ആകാശത്തിൽ ആദ്യമായ്
കഴുകൻ പറന്നു.
മഹാമാരിയിൽ 
മരണം കരഞ്ഞു.
കടൽ കടന്നെത്തിയതോ
നായ്ക്കളും കുരകളും.
വലിഞ്ഞു മുറുകിയ മന്ത്രങ്ങളും
വിളറി വെളുത്ത ഭസ്മക്കുറികളും.
മരണനൃത്തച്ചുവടുകൾ വച്ച്
അവർ കരയിലേക്ക് ഇറങ്ങി വന്നു.
ആരാണിവർ!
വലിയ കച്ചവടക്കാരത്രേ.
അവരുടെ കയ്യിൽ
വലിയ ചൂണ്ടയും
തോട്ടയും കെണിയുമുണ്ടെന്ന്.
അവർ രാജ്യവും രാജാവുമത്രേ.
മൂന്നാം നാൾ
വാതിലിൽ മുട്ടി വിളിച്ച്
അവർ പറഞ്ഞു
നാവടക്കണം
മുട്ടുകുത്തണം
നടുവളയ്ക്കണം.
മക്കളെക്കാണാൻ
മറുകര പോകാൻ
സമ്മതപത്രം വേണമെന്ന്.
വച്ചുനീട്ടിയ ശാസനപത്രികയിൽ
ഒപ്പിടണമെന്ന്.
അവർ വീണ്ടും പറഞ്ഞു,
നിൻ്റെ നാട്
നിൻ്റെ സ്വാതന്ത്ര്യം
നിൻ്റെ ജീവിതം
അത് ഇന്നലെ തീർന്നു.
ബ്യൂറോക്രാറ്റും സൂട് കേസും
അതിനകത്തെ ഫയലുകളും.
വാർദ്ധക്യകാലത്തും അധിനിവേശമോ.
എന്താണിത് ?
കൊന്ന ജനത്തിനു മീതെ
മരിച്ച സമൂഹം സൃഷ്ടിച്ച വരല്ലേ ഇവർ.
പെരും കച്ചവടക്കാരൻ്റെ 
പെരും നുണകളല്ലേ ഇത്.
കടൽ വല്ലാതെ ക്ഷോഭിച്ചിട്ടുണ്ട്.
എങ്കിലും
ദ്വീപിൽ നിന്നുയരുന്നത്
വ്യക്തമായി കേൾക്കാം....
വിദേശ സാമ്രാജ്യത്വം പോയതും
അടിമയല്ലാതായ് മാറിയതും.
അത് സ്വപ്നമല്ലായിരുന്നല്ലോ.
സ്വതന്ത്ര ഗാനം പാടിയ കുരുന്നുകൾ
മിഠായി നുണഞ്ഞതും ചിരിച്ചതും 
ഇപ്പോൾ പിരിഞ്ഞതും
ഈ തറയിലെ
നേരായിരുന്നല്ലോ.
അതേ
അവർ പറഞ്ഞത് ശരിയാണ്.
ചൂടുപിടിക്കുന്ന ചുടുചോരയിൽ
കൂടെ ചേരുന്ന പുതു വെളിച്ചത്തിൽ
കരിമ്പടത്തിൽ പൊതിഞ്ഞു വന്ന
നിഴൽ രൂപങ്ങളെ
അവർ തെളിച്ചെടുത്തതും
നേരാണ്.
അതിമോഹമില്ലാതെ
നിലനിന്ന ഞങ്ങളോ
അധികാരമാകാൻ
കരുവായ ഞങ്ങളോ -
അറിയില്ലേ ഞങ്ങളെ ?!
പ്രകൃതിയോട് മാത്രമേ കലഹമുള്ളൂ.
തോറ്റതും അവരോട് മാത്രം .
കടലൊഴുക്കും അടിയൊഴുക്കും
അറിയാത്തവരല്ല.
അഴിമുഖങ്ങളിലും
ആഴങ്ങളിലും
ദിശതെറ്റിയ യാനങ്ങളെ
നേർദിശയേ കാണിച്ചിട്ടുള്ളൂ.
കാൽച്ചുവട്ടിലെ മണ്ണിൻ്റെ മണവും
കാറ്റിൽ കലർന്ന ഉപ്പിൻ്റെ
രസവും
അടർന്നു മാറാത്ത ചുടുനിശ്വാസവും
ഒരുമിച്ചു ചേരുന്ന വിശ്വ സ്നേഹവും
പറയുന്നു.
അതേ
ലക്ഷദ്വീപ്
വെറുമൊരു തുരുത്തല്ല.
അഭിമാനമുള്ള പേരാണത്.


........................................................
ചിത്രം- anuj chauhan 

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ