എം ടി യുടെ പണിപ്പുരയിൽ - ബി. ജോസ് കുട്ടി

എം ടി  യുടെ പണിപ്പുരയിൽ
ബി.  ജോസ് കുട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരുടെ കാലാതീതരായ  കഥാ പാത്രങ്ങൾ ചലച്ചിത്രത്തിന്റെ അഭ്രപാളികളിലേയ്ക്ക് പകർന്നാടിയ കഥ
അര നൂറ്റാണ്ട് പിന്നിട്ട മുറപ്പെണ്ണ് എന്ന ആദ്യ എം ടി സിനിമ യുടെ വേളയിൽ ബി ജോസുകുട്ടി എഴുതിയ ലേഖനം

ജീവിതത്തിലെ സമസ്ത വികാരങ്ങളും ലാവണ്യാത്മകമായി തൂലികയിലൂടെ വരച്ചിട്ട  മലയാളത്തിന്റെ പ്രിയ കഥാകാരന്റെ രചനകൾ വായനക്കാർ  ഹൃദയ ത്തോട്  ചേർത്ത് വെച്ചവയാണ്.  കലയും സാങ്കേതിക വിദ്യയും ഒന്ന് ചേരുന്ന സിനിമയെന്ന ജനപ്രിയ മാധ്യമ ത്തിലൂടെ എം ടി രചനകൾ അനുവാചകരിലെ ത്താൻ തുടങ്ങിയിട്ട് അമ്പത് സംവത്സരങ്ങളായി. 




രൂപവാണി ഫിലിംസിന്റെ ബാനറിൽ ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച്  എ. വിൻസന്റ് സംവിധാനം ചെയ്ത   മുറപ്പെണ്ണ് മികച്ച കുടുംബ ചിത്രം എന്ന പേരിൽ  ഖ്യാതി നേടുകയും വിജയം വരിക്കുകയും  ചെയ്തു.  എംടിക്ക് ഏറെ പരിചിതമായ കഥയും കഥാപാത്രങ്ങളുമാണ്  മുറപ്പെണ്ണിൽ ആവിഷ്കരിച്ചത്. നാലുകെട്ടിന്റെ  മുക്കും മൂലയും നന്നായി മനസ്സിലാക്കിയിട്ടുള്ള എം ടി  കൊച്ചമ്മിണി എന്ന വള്ളുവനാടൻ മുറപ്പെണ്ണിനെ വിഷാദാർദ്രമായ കഥയാണ് സിനിമയിലേക്ക് പരിഭാഷപ്പെടുത്തിയത്. സിനിമയുടെ ഒടുവിൽ ടൈറ്റിലിൽ എഴുതിയിരിക്കുന്നു "ഇതിനെല്ലാം സാക്ഷ്യംവഹിച്ച പുഴ ഒഴുകി കൊണ്ടിരിക്കുന്നു." 

ഹൃദയസ്പർശിയായ ഒരു ആവിഷ്കാര ശൈലി ആണ് സംവിധായകൻ വിൻസന്റ് ഈ ചിത്രത്തിന് സ്വീകരിച്ചത്. എംടിയുടെ ഹൃദയാവർജകമായ കഥ അതിന് ഉപോദ്ബലകുകയും ചെയ്തു. മികച്ച ഒരു താരനിരയാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. പ്രേം നസീർ,  കെപി ഉമ്മർ,  മധു, ജ്യോതി ലക്ഷ്മി എന്നിവർ. പി.  ഭാസ്കരൻ എഴുതിയ കടവത്ത് തോണിയടുത്തപ്പോൾ. കരയുന്നു പുഴ ചിരിക്കുന്നു,  കളിത്തോഴിമാർ എന്നെ കളിയാക്കി. എന്നിവയുൾപ്പെടുന്ന അഞ്ച്  ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിഎം ചിദംബരനാഥ് ആണ് യേശുദാസ്, എസ് ജാനകി,  ശാന്ത പി നായർ എന്നിവരായിരുന്നു ഗായകർ. നെല്ലിക്കോട് ഭാസ്കരൻ,  എസ പി പിള്ള,  കുഞ്ഞാണ്ടി,  നിലമ്പൂർ ബാലൻ,  ശാന്താദേവി,  ഭാരതി മേനോൻ,  കാളിയമ്മ,  ബേബി വൃന്ദ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്തത് എ വെങ്കിട്ട് ആയിരുന്നു. എസ് കൊന്നനാട്ട് ആയിരുന്നു  കലാസംവിധായകൻ. ജി വെങ്കിട്ടരാമൻ ആയിരുന്നു എഡിറ്റർ. മദിരാശിയിലെ സത്യാ സ്റ്റുഡിയോയിലും ഭാരതപ്പുഴയുടെ പരിസരങ്ങളിലും വെച്ച് ചിത്രീകരിച്ച മുറപ്പെണ്ണ്  ചിത്ര സാഗർ ഫിലിംസ് ആണ് വിതരണം ഏറ്റെടുത്ത്  പ്രദർശനശാലകളിൽ എത്തിച്ചത്.


മുറപ്പെണ്ണ് മുതൽ ഹരിഹരൻ സംവിധാനം ചെയ്ത ഏഴാമത്തെ വരവ് വരെ 59 സിനിമകളിലാണ് എംടിയുടെ സർഗ്ഗ സാന്നിധ്യം ഉള്ളത്. അഞ്ച് സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. നിർമ്മാല്യം, ബന്ധനം,  വാരിക്കുഴി,  മഞ്ഞ്,  കടവ് എന്നീ ചിത്രങ്ങൾ. എസ് കെ പൊറ്റക്കാട്ടിന്റെ  കഥയിൽ നിന്നാണ് എം. ടി  
തിരക്കഥ രചിച്ച കടവ് സംവിധാനം ചെയ്തത്. ചെറു കാടിന്റെ കഥയിൽനിന്നും എഴുതിയ തിരക്കഥയാണ് മണ്ണിന്റെ  മാറിൽ. പി.എ ബക്കർ ആയിരുന്നു ഇതിന്റെ സംവിധായകൻ. ഹരിഹരൻ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിന്റെ തിരക്കഥ എം. ടി  എഴുതിയത് എൻ എൻ പിഷാരടി യുടെ കഥയെ ആസ്പദമാക്കി യായിരുന്നു. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ പന്ത്രണ്ട്  സിനിമകൾ സംവിധാനം ചെയ്തത്  ഹരിഹരനാണ്. ഏറ്റവും കൂടുതൽ തിരക്കഥ എഴുതിയതും ഹരിഹരന് വേണ്ടിയാണ്. രണ്ടാമത് ഐ വി ശശിയാണ്.  പതിനൊന്നു തിരക്കഥകളാണ്   ഹരിഹരന് വേണ്ടി എഴുതിയത്. വിൻസെന്റ് വേണ്ടി അഞ്ച്  സിനിമകൾക്കും കെ എസ് സേതുമാധവൻ,  പി. എൻ  മേനോൻ എന്നിവർക്ക് വേണ്ടി മൂന്നു സിനിമകൾ വീതവും  രണ്ട് സിനിമകൾ വീതം പി ഭാസ്കരൻ, എം ആസാദ്,  ഭരതൻ എന്നിവർക്ക് വേണ്ടിയും  എഴുതി. കൂടാതെ സംവിധായകരായ എസ് എസ് രാജൻ, ജി എസ്  പണിക്കർ യൂസഫലി കേച്ചേരി,  പ്രതാപ് പോത്തൻ, ജെ ഡി തോട്ടാൻ,  പവിത്രൻ,  അജയൻ,  സിബി മലയിൽ, ഹരികുമാർ ഛായാഗ്രഹകൻ വേണു,   കണ്ണൻ എന്നിവർക്ക് വേണ്ടിയും എം ടി  ഓരോ തിരക്കഥയെഴുതി. കൂടാതെ കാടിന്റെ മക്കൾ എന്ന കുട്ടികളുടെ മൊഴിമാറ്റ സിനിമയ്ക്കുവേണ്ടി സ്ക്രിപ്റ്റ് രചിച്ചു. 
എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്കു മുന്നിൽ എം ടി സൃഷ്ടിച്ചു വിട്ടത്. ഓളവും തീരവും എന്ന ചിത്രത്തിലെ ബാപ്പുട്ടിയെ നിരീക്ഷിക്കുക. ഗ്രാമത്തിന്റെ കണ്ണീർ പ്പുഴയിലൂടെ  വള്ളമൂന്നി നടക്കുന്ന ബാപ്പുട്ടി. വേശ്യയായ ബീവാത്തുമ്മയുടെ മകൾ നബിസുവിനു ജീവിതം നൽകിയ ബാപ്പുട്ടി. അതുല്യ  നടൻ മധു ആ കഥാപാത്രമായി ജീവിക്കുകയായിരുന്നില്ലേ?  മോഹങ്ങളുടെ ഓളങ്ങൾ സാഫല്യത്തിന്റെ  തീരത്ത് അടങ്ങിയോ? 
ഇരുട്ടിന്റെ ആത്മാവിലെ വേലായുധനെ  പ്രേക്ഷകർക്ക് മറക്കാനാകുമോ?  കഥാ വായനയിലൂടെ വായനക്കാരൻ മനസ്സിൽ കുടിയിരുത്തിയ വേലായുധൻ പ്രേംനസീറിൽ  പരകായപ്രവേശം നടത്തി നിറഞ്ഞാടിയപ്പോൾ, നസീർ എന്ന  നടന്റെ ചോക്ലേറ്റ് ഇമേജ് തകർന്നടിഞ്ഞു പോയി. 'വേലായുധൻ എന്ന കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കുമ്പോൾ എനിക്കതിന് കഴിയുമോ? എന്ന് താൻ ഭയപ്പെട്ടു എന്ന പ്രേംനസീർ എം ടി യോട്  ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ സംവിധായകൻ പി ഭാസ്കരനും എം ടിയും അതിൽ സംശയിച്ചതേയില്ല. അവരുടെ പ്രതീക്ഷ പൂവണിയുകയും ചെയ്തു. പ്രേം നസീർ  ആ വേഷത്തെ ഉജ്ജ്വല മാക്കി. 

നിർമാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കുമ്പോൾ തനിക്ക് ഹൃദയസ്തംഭനം ഉണ്ടായേക്കുമോ എന്ന് ഭയന്നു പോയതായി പി .ജെ  ആന്റണി ഒരിക്കൽ പറഞ്ഞിരുന്നു. മറന്നുപോയ പള്ളിവാളും കാൽച്ചിലമ്പും എടുക്കാൻ വീട്ടിൽ തിരിച്ചെത്തിയ വെളിച്ചപ്പാട് കണ്ടത് അന്യ പുരുഷനോടൊപ്പം കിടക്കുന്ന ഭാര്യയെയാണ്.  വീട്ടിലെ അടുപ്പ് പുകയാൻ ഭാര്യ കണ്ടെത്തിയ വഴി. വെളിച്ചപ്പാടിനെ ക്രൗര്യവും ശക്തിയും ഭക്തിയും അവിടെ കൊഴിയുകയായിരുന്നു.  നമുക്ക് ഏറെ പരിചിതമായ വടക്കൻപാട്ടുകളിലെ ചന്തുവിനെ നോക്കുക. ചതിയുടെ പര്യായമായി നമുയർത്തി ക്കാണിക്കുന്ന പയ്യമ്പള്ളി ചന്തു. കയ്യിൽ ഇരുമ്പാണി മാറ്റി മുളയാണി വെക്കാൻ കൊല്ലനു  പൊ ൻപണം കൊടുത്തവൻ,  അങ്ക തളർച്ചയിൽ മയങ്ങിയ ആരോമൽ ചേകവ രുടെ ചോരയൊലിക്കുന്ന മുറിവിൽ കുത്തുവിളക്കു കൊണ്ട് ആഞ്ഞ്  കുത്തിയ ആണും പെണ്ണും കെട്ടവൻ. നാം അറിഞ്ഞ ചന്തു ഇങ്ങനെ തലമുറകളായി ശാപമേറ്റ് കഴിയു ന്നനായിരുന്നു. വിസ്മൃതിയുടെ  നിലവറ യ്ക്കുള്ളിൽ നിന്നും എം ടിയുടെ തൂലിക വീണ്ടെടുത്ത ചന്തുവിന്റെ  നവീനത ആവിഷ്കരിച്ചപ്പോൾ, ചന്തു വീരനായകനാ യി. നടൻ മമ്മൂട്ടി പറഞ്ഞു "ചന്തുവിന്റെ  ഈ പുതിയ മുഖം എന്നിലൂടെ പുതിയ തലമുറ പുതുതലമുറ കണ്ടെത്തിയതിൽ  ഞാൻ അഭിമാനംകൊള്ളുന്നു."

ഇത്തരമൊരു നവീനത പെരുന്തച്ചനിലും  കാണുന്നുണ്ട്. പെരുന്തച്ചനും മകനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ കളുടെ പശ്ചാത്തലത്തിൽ നാം കാണുന്നത് കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ പ്രണയകഥ.  ക്ലൈമാക്സിൽ  പെരുന്തച്ചന്  മകന്റെ  ഘാതകനാകേണ്ട  ഗതികേട് സത്യം നാം ഐതിഹ്യമാലയിൽ കണ്ടെത്തുന്നില്ല.  പച്ചയായ മനുഷ്യൻ വികാരങ്ങൾ ഇത്തരം മിത്തുകളിലും അന്യമായിരുന്നില്ലെന്ന് നാം തിരിച്ചറിയുന്നു. പരിണയ ത്തിലെ ഉണ്ണിമായയെ  നിരീക്ഷിക്കുക സ്മാർത്ത വിചാരത്തിന് ആയി തന്റെ  മുന്നിൽ അണിനിരന്ന സാമുദായിക പ്രമാണിമാരുടെ നേർക്ക് ശക്തമായി പ്രതികരിച്ച ഉണ്ണിമായ പ്രാകൃത ആചാരങ്ങൾ സംസ്കാരം ആക്കി വിറ്റു നടന്ന നമ്പൂതിരി സമുദായത്തിന് മുന്നിൽ എന്നും ഒരു റിബൽ ആയിരുന്നു.

എം ടി  തന്റെ തിരക്കഥകളിൽ അവതരിപ്പിച്ച സ്ത്രീകളുടെ സൗന്ദര്യം അവരുടെ മനസ്സിന്റെ  കരുത്തു തന്നെയായിരുന്നു. ചോര കണ്ടാൽ തല കറങ്ങുമായിരുന്ന ഇന്ദിരയെ നമുക്ക് ഓർക്കാൻ കഴിയും. പഞ്ചാഗ്നിയിലെ ഇന്ദിരയെ,  രാത്രികളിൽ ഉറക്കം ഉപേക്ഷിച്ച് പുതിയ പ്രഭാതത്തിന് വേണ്ടി പോരാടുന്ന ഇന്ദിര. ഒരു സാധു പെൺകുട്ടിയുടെ മാനം കവർന്നെടുക്കാൻ ഒരുമ്പെട്ട കശ്മലന്റെ ഘാതകിയായി.

സ്ത്രീത്വത്തെ  അനന്തമായി ചൂഷണം ചെയ്ത കഥയും നമ്മുടെ മനസ്സിൽ വരുന്നു. വനമധ്യത്തിലെ  വിഭാണ്ക മഹർഷിയുടെ പുത്രനായ,  സ്ത്രീയുടെ സാന്നിധ്യവും ബന്ധവും അറിയാത്ത ഋഷ്യ ശ്രംഗനെ  സത്രീയുടെ  ശരീരഭാഷ കൊണ്ട് മോഹി പ്പിച്ച്,  മഴ പെയ്യാത്ത തന്റെ  അങ്കരാജ്യത്ത്  ലോമപാദ രാജാവിന്റെ  കല്പനയനുസ രിച്ച് എത്തിച്ച വൈശാലിയെ നാമറിയും. മഴയുടെ ഉത്സവ പ്രകർഷത്തിൽ രാജാ വും പ്രജകളും നൃത്തമാടുമ്പോൾ ആരുടെയൊക്കെയോ ചുവടുകൾക്ക് കീഴിൽ വീണുകിടക്കുന്ന ആ വേശ സ്ത്രീയുടെ മകളെ ആർക്കാണ് മറക്കാൻ കഴിയുക?  ആ ആനന്ദ മഴയിൽ വൈശാലിയുടെ കണ്ണീരരുവി അലിഞ്ഞു പോവുകയായി രുന്നല്ലോ. 

പഞ്ചാഗ്നിയിലെ ഇന്ദിരയും പരിണയത്തിലെ ഉണ്ണിമായയും ആരൂഢത്തിലെ  നീലിയും മഞ്ഞിലെ വിമലയും സുകൃത ത്തിലെ മാലിനിയും  മലയാള സിനിമയിലെ വാർപ്പ് സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നും പച്ചയായ ജീവിത സത്യങ്ങളിൽ നിന്നും ചീന്തിയെടുത്തതാണ് എം ടി യുടെ  കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ അവരിൽ ദുരന്തത്തിന്റെ  ചോര മണക്കുന്നു. എംടിയുടെ ഓരോ തിരക്കഥയിലും നമ്മൾ അനുഭവിച്ചറിയുന്ന കരുത്തും സൗന്ദര്യവും അദ്ദേഹത്തിന്റെ സർഗ്ഗാത്മകമായ അധ്വാന ഫലങ്ങളായിരുന്നു. സാഹിത്യരംഗത്ത് നിരവധി ബഹുമതികൾ വാരിക്കൂട്ടിയ എം ടി ക്ക്‌  സ്വാഭാവികമായും സിനിമയിൽ നിന്നും ദേശീയ-സംസ്ഥാന ബഹുമതികൾ ലഭിച്ചു. മികച്ച സംവിധായകനും  തിരക്കഥയ്ക്കും ഉള്ള അംഗീകാരങ്ങൾ.

എം ടി യിലെ കഥാകാരൻ ഇങ്ങനെ ഒരിക്കൽ പറയുകയുണ്ടായി "ഏകാന്തതയിൽ ഇരുന്നു    എഴുതുന്നത് വിദൂരത്തെവിടെയോ ഒരാൾ  ഇരുന്നു വായിക്കുന്നുവെന്ന  അറിവ്  എന്നെ സംബന്ധിച്ചിടത്തോളം അതേറ്റവും സന്തോഷമുള്ളവക്കുന്നു." എം ടി  യിലെ തിരക്കഥാകാരൻ ഇങ്ങനെ പറയുന്നുണ്ടാകും. 'ഏകാന്തതയിൽ ഇരുന്ന് എഴുതുന്നത് വിദൂരത്തെ  വിടെയോ ഉള്ള തീയറ്ററിന്റെ  ഇരുളിൽ അല്ലെങ്കിൽ വീട്ടകങ്ങളിൽ ഒരു ആസ്വാദക സമൂഹം കണ്ടു അനുഭവിക്കുന്നു എന്ന് അറിയുമ്പോഴുള്ള  ആഹ്ലാദം എന്നിലെ തിരക്കഥാകാരനെ  തൃപ്തിപ്പെടുത്തുന്നു. തന്റെ  അറുപതാമത്തെ സിനിമാ സംരംഭത്തിന്റെ 
തിരക്കഥ രചനയിലാണ്  എം ടി. രണ്ടാമൂഴം എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരം. അതിന് കാത്തിരിക്കുകയാണ് ഇന്ത്യൻ ചലച്ചിത്രലോകം









ബി ജോസ്‌കുട്ടി 
പത്രപ്രവർത്തകൻ, കഥാകൃത്ത് 
ചെരാത് സംസ്ഥാന കമ്മിറ്റി അംഗം 

കടപ്പാട് : കേരള ഭൂഷണം





Comments

Popular posts from this blog

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം

C.Kerala. About Us

Foreword