കവിത തെരുവിലെദൈവങ്ങൾ - ശ്രീലത രാജു

കവിത
തെരുവിലെദൈവങ്ങൾ
-------------------------------------
ശ്രീലത രാജു



ഒരു വറ്റു ചോറിന് വകകയില്ലാതലയുന്ന
ഒരുപാട് ദൈവങ്ങളുണ്ടിവിടെ...
ചുണ്ടുകളുണങ്ങി,
തൊണ്ട വരണ്ടു, ദാഹവേപഥു
താങ്ങിടാതെ....

പൊരിവെയിൽ കൊണ്ടും
കാലവർഷം നനഞ്ഞും,
തലചായ്ക്കാനിടമെങ്ങുമില്ലാതലഞ്ഞും

ഭൂമിയാം അമ്മക്ക് ഭാരമല്ലവരെന്നാൽ,
ഭൂവിലെയരചന്മാർ -
ക്കരുതാത്തവർ....

വിദ്യയുംവിത്തവും
ഇല്ലാതലയുമ്പോൾ,
ദുശ്ശകുനങ്ങളായ് മാറുമവർ

കുളിയും നനയും
ഇടവേളകൾ  തോറും
വന്നെത്തും അതിഥികൾ
മാത്രമാകാം ....

ആരാന്റെ ഭോജ്യത്തിൽ
ബാക്കിയായിടുന്ന
അന്നം പോലുമെന്നും
അമൃതമായുണ്ണുവോർ..

പലവുരു പശിയുടെ
വിലയറിഞ്ഞ്
തെരുവുകൾ ആലയമാക്കിയവർ...

കൊതുകില്ല, മഞ്ഞില്ല,
പേമാരിയുമില്ല,
കൊതിതീരെ താരാട്ടും  കേട്ടതില്ല....

ഇല്ലായ്മകളേതു -
മറിയാതെ, പറയാതെ
ഉണ്മകൾ തീർക്കാൻ ശ്രമിക്കുവോരേ....

കരയുവാനായിരം കാരണങ്ങളെന്നാൽ,
ചിരിതൂകി ജീവിതസത്യങ്ങൾ കാണുവോർ...

അലയുന്ന തെന്നലിൽ
ഇളകുന്ന അളകങ്ങൾ
അറിയാതെ മാടിയൊതുക്കുമ്പോഴും...

ഇല്ല സ്വപ്നങ്ങൾ,  ഒരുപുതുപുലരിതൻ
കാഹളഭേരികൾ
അറിയാതെ പോലും
കിനാവിലെങ്ങും.
ഒരു നാളിലാനാഥമാം തെരുവിന്റെയോരത്തിലെവിടെയോ,
ഒരു ദുഃഖസ്മൃതിയായ്
പിടഞ്ഞുവീഴും വരെ...

ഈ ദൈവങ്ങൾക്കാരും
കോവിലുകൾ  തീർക്കില്ല...
അവിടുത്തെ മൂർത്തിയായ് വാഴിക്കലുമില്ല....

ദുരന്തക്കടലുകൾ
ജീവനെടുക്കും മുൻപേ
എല്ലാം ഒടുങ്ങുന്ന കാലമാകിലും
കരുണതൻ ഉറവകൾ
നിറയാത്തതെന്തേ നമ്മിൽ !


ശ്രീലത രാജു


ശ്രീമതി ശ്രീലത രാജു.
കവിതകൾ ഗാനങ്ങൾ ഇവ എഴുതുന്നു. ആരോഗ്യ ബോധവൽക്കരണത്തിനായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹെഡ് നേഴ്സ്. ചിരാതിന്റെ കോട്ടയം ജില്ലാ പ്രവർത്തക





Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും