നിറങ്ങൾ പെയ്യുന്ന രാത്രി ഇ നസീർ ഗാർസ്യ

കവിത 
നിറങ്ങൾ പെയ്യുന്ന രാത്രി 
ഇ നസീർ ഗാർസ്യ 


പകലുകളെല്ലാം പാതി വഴിയില്‍,
പടികളിറങ്ങി പോകുമ്പോള്‍ ,
ഇനി വേണം നിലാവ് പോലെ,
നിറങ്ങള്‍ പെയ്യും ഒരു രാത്രി!
ഇനി വേണം രത്നങ്ങള്‍ പോല്‍,
നക്ഷത്രങ്ങള്‍
തുള്ളിച്ചാടുമൊരാകാശം!


ആകാശത്തിന്‍ അതിരുകളില്‍ നിറങ്ങള്‍ കത്തി -
പ്പടരുമ്പോള്‍,  നീയിന്നലെ നെഞ്ചോടൊട്ടി വളര്‍ത്തിയ-
പഞ്ഞി കണക്കാ മുയലുകളെന്‍റെ  മനസ്സിന്‍ പച്ച-
പ്പാടത്തങ്ങനെ ഓടിച്ചാടി നടക്കുന്നു;
ഞാന്‍ നീയായി മാറുന്നങ്ങനെ -
നമ്മുടെ കനവും കിനിവും വേദന-
പടരും ലഹരികളും 
എല്ലാമൊന്നാകുന്നു.
ജീവിതമങ്ങനെ പായുന്നു...


വിധിയങ്ങനെ വ്യാളീ മുഖമാര്‍ന്നിട്ടതിന്‍ തേറ്റകള്‍ കാട്ടി,
തലയാട്ടി കൊമ്പുകള്‍ കോര്‍ക്കാന്‍ വെല്ലുവിളിക്കെ,
ഞെട്ടുന്നറിയതോരോ വേളയിലും വെയില്‍- 
ചുട്ടുപഴുത്തോരുഷ്ണ കാറ്റുകളൂതുമ്പോഴും... 

ഇനി വേണം! നമുക്ക് മറ്റൊരു പൂഞ്ചോല.

അരികില്‍ കിങ്ങിണി കള കളമൊഴുകും
അരുവിക്കരയിലുലഞ്ഞൂ വള്ളികളില്‍....
വള്ളികളില്‍ ചെറു കിളികള്‍,
കിളികള്‍ തന്‍ ചുണ്ടില്‍ തേനിന്‍ തരി,
കണ്ണില്‍ അവ കണ്ടൊരു കാന്താരങ്ങള്‍.
പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു..
സ്വസ്ഥതയാര്‍ന്നൊരു ലോകം പോലെ
പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു...

ഇനി വേണം നമുക്ക് മറ്റൊരു പുല്ലാങ്കുഴലും, 
നാടോടി പാട്ടിന്‍ ശേലും ശീലും,
 കൈത്താങ്ങായി  അരികില്‍ നിറയും
 സ്നേഹ പൂവ് മത്താപ്പൂ !

ഇനിയില്ലാ വെട്ടം! നിന്‍ ചുംബനമിട്ടൊരു
നനവാര്‍ന്നൊരിരുട്ടതുമാത്രം.
നമുക്കിടയില്‍ സ്വപ്നം കണ്ടു മയങ്ങും
മുയലുകള്‍ മാത്രം.






Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ