കവിത ഇ നസീർ ഗാർസ്യ ധ്യാനയാനങ്ങൾ


കവിത
ഇ നസീർ ഗാർസ്യ 


ധ്യാനയാനങ്ങൾ


ധ്യാനപൂർണമീ നിമിഷം!
അലിയുകയാണ് ഞാനിതിൻ അടരുകളിൽ പതുക്കെപ്പതുക്കെ പുറന്തോട് പൊട്ടി വിരിയും ഒരു സുഖദമാം പുഷ്പജന്മം പോലെ!

ഇരുട്ടിന്റെ രമ്യഹർമ്മങ്ങളിൽ
നിന്നും,
വ്യാധിയുടെ പിടിമുറുക്കങ്ങളിൽ നിന്നും,
പ്രശാന്തത തൻ വിഹായസ്സി ലേയ്ക്ക് കണ്ണ് തുറക്കുവാൻ!

സ്വയം വലുതാകുവാൻ പായും  മരണ വേഗങ്ങളിൽ നിന്നും
ഞാനകമേ നിറച്ചോരഹന്തതൻ മലിന ഗന്ധത്തിൽ നിന്നും പുനർജ്ജനിയായി, പുറത്ത് വരികയായി ഒരു പാൽപ്പുഞ്ചിരി- കടലലയായിതാ...

നിറയുന്നു ! ശാന്തതയകമാകെ...
തെളിയുന്നഷ്ടാംഗ മാർഗ്ഗം!
മുൻപേ വഴികാട്ടുന്നു,  ഒളിമങ്ങാത്ത  താരാപഥം.

വാക്കുകൾ നന്നായിരിക്കട്ടെ,
"അഹിതം നമുക്കുള്ളതൊന്നും ചെയ്യായ്കയപരനോട്''
ജീവൻ പകരുവാനാവാത്ത,
ഞാനെങ്ങനെ
ജീവനെയെടുക്കേണ്ടൂ...?

പനിനീർ മലരിതളുകൾ
പൊഴിഞ്ഞു വീഴുകയാണ് ബോധത്തിൽ
നിശ്ചല നിർമ്മലം, നിതാന്തം! നിരന്തര സംഘർഷമൊഴിഞ്ഞ
ഭൂമിയായെന്റെ മാനസം...

പാപസങ്കീർത്തനം!
പാതയോരങ്ങൾ താണ്ടി
മുഴങ്ങുന്നു ശരണത്രയം.
ബുദ്ധം ശരണം,  ധർമ്മം ശരണം,  സംഘം ശരണമതിലൂടെ താണ്ടുക ജന്മ- ജീവിതമൊടുവിലത് പഞ്ചഭൂതങ്ങളായ്,
പ്രകൃതിയിൽ വിലയമലിഞ്ഞലി-
ഞ്ഞങ്ങനെ..

ദൂരെയുണ്ടാവാം കപിലവസ്തു!
മോഹങ്ങളേറെപാറ്റിക്കൊഴിച്ചു ണ്ടാവാം യശോധര,
പുത്ര ദാഹങ്ങൾ...

ദൂരെ നിന്നെത്തുന്നു വെളിച്ചം!  ഒരു വെള്ളിക്കീറായി,
അകമേ ഉദിച്ചൊരു സൂര്യനായി,  സ്വയമെരിഞ്ഞിനി തെളിയാം
ബോധാബോധമതിർ വരമ്പുകൾ-
ക്കപ്പുറം,  നേരായി, നെറിവായി
നിറഞ്ഞ മനസ്സോടുണരാം നമുക്കിനി...

          -----------------------
ചിത്രം : ഡോ. അനിൽകുമാർ ടി .വി






Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും