ക്വാറന്റീൻ കവിത ഡി ബി അജിത്കുമാർ


കവിത
                       ക്വാറന്റീൻ
             ഡി ബി അജിത്കുമാർ


പറഞ്ഞതാരെന്നോർമ്മയില്ല
ഏപ്രിലാണേറ്റവും ക്രൂരം *
മരിച്ചവരുടെ മൗനം നിറഞ്ഞ യീ മുറിയിൽ
ഓരോ നിമിഷവും നിന്റെ സന്ദേശം
പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ.
നീ
 അങ്ങു ദൂരെ.

പ്രതീക്ഷകളുടെ രണ്ടുകരകൾ
സ്നേഹവും വാത്സല്യവും അതിരുകൾ മായ്ച രണ്ടു ഭൂഖണ്ഡങ്ങൾ.
എങ്കിലും നീയും കുഞ്ഞും
ഭീതിയോടെ ഒറ്റയ്ക്കങ്ങനെ.....
മെസേജിൽ ഉറങ്ങുന്ന കുഞ്ഞു മുഖം
അവളുടെ മയക്കം.
ഒന്നു തലോടിപ്പോയി.
എപ്പോഴെന്നറിവില്ല
മരണത്തിന്റെ ഇരുണ്ട താഴ്‌വരയിൽ
അവൾ വരച്ച മഴവില്ലിനെ
സ്വപ്നം കണ്ടുറങ്ങിപ്പോയതാവാം.

ഹോ, വീണ്ടും നരച്ച പകൽ
ക്വാറന്റീനിൽ നിന്നും പുറത്തിറങ്ങാനാവാത്ത
കടുത്തനിരീക്ഷണം ചുറ്റിലും
ചാനലിൽ ഒരു പെൺകുട്ടി
സുഭാഷിതത്തിന്റെ ലിഖിതരേഖ
കാണാതെ പറയുന്ന വിഭ്രമം.
വിശ്വാസത്തിന്റെ വിശുദ്ധിയിൽ
കൈകോർത്തു നടക്കുവാൻ
എന്നെയും ക്ഷണിക്കുന്നു.
കുഞ്ഞെ, വിശ്വാസം പോലും നിന്നെ രക്ഷിക്കാത്ത
ഈ കെട്ട കാലത്ത്
ദൈവം എന്നേ മരിച്ചു
മറ്റേതോ തെരുവിൽ....

ഉറക്കമില്ലാത്തതു കൊണ്ടാവാം
വിശപ്പില്ല
എങ്കിലും തീൻമേശയിൽ
വിഭവങ്ങളൊരുങ്ങിക്കഴിഞ്ഞു.
ഒരു തലയോട്ടി നിറയെ
എന്റെ രക്തം പുളിപ്പിച്ച വീഞ്ഞ്
ഒരു തലയോട്ടി നിറയെ
എന്റെ നിലവിളികൾ ചുട്ടെടുത്ത
മധുരമുള്ള അപ്പം.

പെടുന്നനെ വാട്സാപ്പിൽ
നിന്റെയും കുഞ്ഞിന്റെയും പുതിയ ചിത്രം.
കുഞ്ഞെ, നിന്റെ ചിരി ദൂരങ്ങളെല്ലാം കടന്ന്
ചെറുകാറ്റായ് എന്നെയും ഉമ്മവെയ്ക്കുന്നു.
ജനാലയിലെ കൊന്നച്ചില്ലകൾ
പൂക്കാതെ പൂക്കുന്നു.

മറ്റൊരു നിലവിളി.
ആംബുലൻസിന്റെ സൈറണിൽ കുരുങ്ങി.
അടുത്ത വീടോ.... അതോ
ആരാണ് ഇന്നത്തെ ഇര ?

മുറിയിൽ മരിച്ചവരുടെ മൗനം
നിറഞ്ഞു നിറഞ്ഞു വരുന്നു
അവർ എനിക്കൂ ചുറ്റുമായി
ഒരനുഷ്ഠാനം പോലെയെന്തോ ചെയ്യുന്നു
നമ്മുടെ കുഞ്ഞ് ?
മോളെ ഞാനങ്ങോട്ട് വരുകയാണ്
എന്റെ കാലുകൾ കിതയ്ക്കുന്നു.
എന്റെ കണ്ണുകൾ പൂക്കുന്നു.
നിന്റെ സ്വരഭേദങ്ങളിൽ ഞൊറിഞ്ഞുടുത്ത
ഏതോഗാനം
എന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നു.
എല്ലാ ദൂരങ്ങളും കടന്ന്
വെളിച്ചത്തിലേക്ക് മാത്രം
നടന്നടുക്കാവുന്ന ദൂരം .....

*T.S. എലിയറ്റിന്റെ " വെസ്റ്റ്ലാന്റി "ലെ  ഒരു വരി.

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ