കാവാലം ബാലചന്ദ്രന്റെ കവിത വനമാണ് ഞാൻ

കവിത


വനമാണ് ഞാൻ

 കാവാലം ബാലചന്ദ്രൻ 


വനമാണു , കനവിന്റെ ഹ്രദമാണു, ഹരിനീല-
തൃണഭംഗിയാടുന്ന സംഗീതമാണ് !

നനവെഴും ശ്യാമമാണരിയ മൃഗകാമനകൾ                   
തഴുകുന്ന കൂടാണ്, നിഷാദന്റെ വീടാണ് !

മൃദുതൃഷകൾ വിങ്ങുന്ന താളമാ, ണലിവിന്റെ
തടിനികളൊഴുകുന്ന രാത്രിയാ, ണിരുളാണ്.
തടിനിയുടെ തരളമൊരു പാപമാണ്.
വിഷമാണു, വിടരുന്ന ഫണമാണു, വേദന
ദംശിച്ച കരിനാഗമാണ്.
ഹരിണിയുടെ വഴിതെറ്റി
സിംഹിയുടെ ഗുഹയണയു-
മനിരുദ്ധ ദുർവ്വിധിയുടെ വനമാണിത്.
വനനദിയുടെ തീരങ്ങളണിയുന്ന ജ്യോത്സ്‌നകൾ
പ്രണയങ്ങളാണ്; പ്രണവമിളകുന്നൊരു
പ്രമദവനമാണിത്.
അജപാലബാലകനിലടരുന്ന രവഭരിത-
മൃദുസലിലഗംഗയിൽ മുങ്ങിയുമാതിര
തലയാട്ടി നിൽക്കുന്ന വനമാണിത്.

നിറതിങ്കൾ വനമാണി-
തുഡുനിരകൾ കാവലാ -
ണരുതാത്തപൂവിന്റെ
നിറമാണിതിന്.

കാറ്റാണു, കാറ്റിലെ പൂവിന്റെ മണമാ -
ണൊരമ്പിന്റെ കൂർമ്മയിൽ
കിളികളുടെ മണമാണ്.
കാട്ടാളവേഷം  ധരിച്ചതും ഞാനാണ്.
വില്ലായ് വളഞ്ഞതും ഞാണായ്  വലിഞ്ഞതു-
മമ്പായുരഞ്ഞതും കിളിയായിരുന്നതും
മൃതിയായി വന്നതും മുനിയായി -
ക്കവിയായിക്കവിഞ്ഞേ കിനിഞ്ഞതും
ഞാനാണ്!

വനമാണു ഞാനിന്നു  വനമാണു ഞാനിന്നു
വനവഹ്നിയാളുന്ന വനമാണ്.
വനമാണു ഞാനിന്നു  വനമാണു ഞാനെന്നും
വലയിൽ കുടുങ്ങും വിലാപമാണ്!

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ